Tuesday 6 November 2012

ആലപ്പുഴ ബൈപ്പാസ് ടെന്‍ഡര്‍ മൂന്ന് മാസത്തിനകം





ആലപ്പുഴ
: ജില്ലയുടെ ദീര്‍ഘകാലത്തെ ആവശ്യമായ ആലപ്പുഴ ബൈപാസിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ. സി വേണുഗോപാല്‍ പറഞ്ഞു.
ആലപ്പുഴ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. 200 കോടി രൂപയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. ബിഒടി അടിസ്ഥാനത്തില്‍ അല്ലാതെയാണ് നിര്‍മ്മാണം നടത്തുക.
ഇതിന്റെ ചെലവിലേക്കാവശ്യമായ തുകയില്‍ പകുതി സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. രാജ്യത്തെ തന്നെ ആദ്യത്തെ മാതൃകാ പദ്ധതിയായിരിക്കുമിതെന്നും മന്ത്രി പറഞ്ഞു. ആദ്യഘടത്തില്‍ ഇത് രണ്ടുവരി പാതയായിരിക്കും. ചേര്‍ത്തല മുതല്‍ കൃഷ്ണപുരം വരെയുള്ള നാലുവരിപാത യാഥാര്‍ത്ഥമാകുന്നതോടെ ആലപ്പുഴ ബൈപ്പാസും നാലുവരിയാക്കും.
ആലപ്പുഴ ബീച്ച് പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടു മാത്രമേ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കും. എലിവേറ്റഡ് ഹൈവേയാണ് ഈ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. ബൈപ്പാസില്‍ രണ്ട് റെയില്‍വെ മേല്‍പ്പാലങ്ങളുണ്ടാകും. ഇതിനുള്ള റെയില്‍വെയുടെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മാണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സമ്മര്‍ദ്ദം ചെലുത്തിയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ആലപ്പുഴ ബൈപാസ് നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്. പലവിധ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണിതിന്റെ നിര്‍മാണം നടക്കാതെ പോയത്. താന്‍ എം പിയായത് മുതല്‍ ഓരോ ദിവസവും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രമം നടത്തിവരികയാണ്.
ബൈപാസ് നിര്‍മാണത്തിന് തുക അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത ശേഷം തടസ്സവാദങ്ങളുമായി ജനങ്ങള്‍ രംഗത്ത് വന്നതോടെ കരാറുകാരന്‍ ഒഴിവായിപ്പോയി. പിന്നീട് ബിഒടി അടിസ്ഥാനത്തില്‍ മാത്രമേ ദേശീയപാത നിര്‍മാണം നടക്കുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം കൂടി വന്നതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമെന്‍റ്: ഇക്കുറിയെങ്കിലും ബൈപാസ് യഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കാമോ?  ഇടതു   സഖാക്കള്‍ക്ക് ഒരു ഹര്‍ത്താല്‍ നടത്താന്‍ അവസരം കൊടുക്കാതുള്ള ഈ പ്രഖ്യാപനം അല്പം തിടുക്കത്തില്‍ ആയിപ്പോയി. 
-കെ എ സോളമന്‍ 

No comments:

Post a Comment