“സാഹിത്യം” എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ്.
സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവക്കാണ് ഈ വാക്ക് സാധാരണ മലയാളത്തിലും ഉപയോഗിക്കുന്നത്.
ഇംഗ്ലീഷിലെ Literature എന്ന വാക്കിന് പകരമായി സാഹിത്യം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്നാല്‍ Literature എന്ന ലാറ്റിന്‍ വാക്കിന് art of written work എന്നര്‍ത്ഥം. സാഹിത്യം കഥയാകുമ്പോള്‍ അത് മനുഷ്യ ജീവിതവുമായി കൂടുതല്‍ ഇഴചേര്ന്ന് നില്ക്കുന്നു.
അച്ചടി സാഹിത്യവും ഇതര സാഹിത്യവും മലയാള സര്‍ഗവേദി സാഹിത്യവും ബ്ലോഗു സാഹിത്യവും അച്ചടി മാധ്യമ സാഹിത്യത്തിനു സമാന്തരമായി മത്സരിച്ചു സഞ്ചരിക്കുന്ന ഒരുകാലമാണിത്. ശ്രദ്ധിക്കപ്പെടുകയും വിലയിരുത്ത പ്പെടുകയും ചെയ്യാന്‍ പ്രാപ്തമായ ഗൌരവ പൂര്‍ണ്ണമായ മികച്ച രചനകള്‍ ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുകയാണ് . എഴുത്തിലും ശൈലിയിലും ഉള്ള യോഗ്യതക്കുറവല്ല, മറിച്ച് സാങ്കേതികമായ മറ്റു പരിമിതികള്‍ മാത്രമാണ് മുഖ്യ ധാരയിലെത്താന്‍ സര്‍ഗവേദികളിലെയും ഇന്റര്‍ നെറ്റിലെയും പ്രതിഭയുള്ള എഴുത്തുകാര്‍ക്ക് തടസ്സമാകുന്നത് എന്ന് അനുദിനം വരുന്ന ചില രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു .മുഖ്യധാരയില്‍ അനുഭവപ്പെടുന്ന കാല വിളംബം എന്ന കടമ്പ കൂടാതെ തങ്ങളുടെ കൃതികള്‍ ചൂടോടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയുന്നു എന്നതും ഈ മേഖലകള്‍ എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നു .
ഇതോടൊപ്പം തന്നെ ‘മുഖ്യ ധാരയോ അതോ സര്‍ഗവേദി -ബ്ലോഗു സമാന്തര ധാരയോ മികച്ചത്, എന്ന തരത്തില്‍ ഇരു മേഖലകളിലും ഉള്ളവര്‍ നടത്തുന്ന ഹിത പരിശോധനകളും വാഗ്വാദങ്ങളും അതില്‍ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും കൂടിവരികയാണ്.
ബ്ലോഗില്‍ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരു പരിധി വരെ സര്‍ഗവേദികളിലും ഈ സ്വാതന്ത്രിയമുണ്ട്. അതാണ് സാഹിത്യമെഴുതാന്‍ അറിയാമെന്കിലും ഇല്ലെങ്കിലും സര്‍ഗവേദികളില്‍ ന്പങ്കെടുക്കുവാനും ബ്ലോഗു തുടങ്ങാനും അതില്‍ തുടരാനും പ്രേരിപ്പിക്കുന്നത്. ഈ ഗുണം നിലനിര്‍ത്തിയാല്‍ തങ്ങളുടെ കഴിവുകള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും.
ഇന്റെര്‍നെറ്റും ബ്ലോഗ് ബ്ലോഗ് എഴുതും പരിചയമില്ലാത്തവര്‍ക്ക് അവരുടെ കൃതികള്‍ അനുവാചകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അവസരം നല്‍കുന്നതാണ് കഴിഞ്ഞ 12 കൊല്ലമായി പ്രവര്‍ത്തിക്കുന്ന സര്‍ഗം പോളുള്ള സംഘടനകള്‍. ഇതര സങ്ഘടനകളായ ചേര്‍ത്തല പിറവി, ചേര്‍ത്തല സംസ്കാര, എസ് എല്‍ പുരം ആലോചന, പുന്നപ്രയിലെ മുഖമുദ്ര കമ്മുനികേഷന്‍സ് തുടങ്ങിയവയും എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കുന്നു.
സര്‍ഗവേദികളിലും ബ്ലോഗെഴുത്തിലും സാഹിത്യമില്ല എന്ന് ആരോപിക്കുന്ന മുഖ്യധാരക്കാരോട് തര്‍ക്കിച്ചു വായിലെ വെള്ളം വറ്റിക്കുന്ന ഒരാവശ്യവുമില്ല. എഴുത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഫലപ്രദമായി തങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത്.
സര്‍ഗസംഗമങ്ങളെ ഇഷ്ടപ്പെടുന്നവര്, ബ്ലോഗെഴുത്തിനെ സ്‌നേഹിക്കുന്നവര്‍ , വായനക്കാര്‍ ഇങ്ങനെ എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍വ്വഹിക്കുന്ന ഒരു സര്‍ഗ്ഗ പ്രക്രിയമുഖ്യധാര സാഹിട്യസൃഷിട്ക്ക് ഒട്ടും തന്നെ പിന്നിലല്ല. ഒരുപക്ഷേ എഴുത്തുകാരുടെയും ആസ്വാദരുടെയും പങ്കാളിത്തം കൂടുതല്‍ മുഖ്യധാരയിലെതിനെക്കാള്‍ ഈ മേഖലയിലാണ് കൂടുതല്‍ എന്നു പറയണം.
കഥകളും കവിതകളും ലേഖനങ്ങളും മറ്റിതര കാര്യങ്ങളും എഴുതുന്ന നിരവധിപേര്‍ക്ക് എഴുത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സഞ്ചരിക്കുന്നത് കൃത്യമായ വഴികളിലൂടെയാണോ എന്ന കാര്യത്തില്‍ ഒരു ബോദ്ധ്യം വന്നിട്ടില്ല എന്ന് പലരും സ്വയം വിമര്‍ശനപരമായി തുറന്നു സമ്മതിക്കാറുണ്ട്. തിരുത്തല്‍ വരുത്താനുള്ള ആഗ്രഹം എത്രയോ അധികമായി നിലനില്‍ക്കുന്നുവോ അത്രയും എഴുത്തിന്റെ മേന്മയ്ക്ക് നല്ലത് എന്ന് കരുതാം .
എഴുത്തിന്റെ ലക്ഷ്യം സര്‍ഗ വേദികളില്‍, ബ്ലോഗില്‍ നൂറുകണക്കിന് എഴുത്തുകാര്‍ ഉണ്ട് . ഓരോ ഓരോ ആഴ്ചയിലും ഇത്തരം വേദികളില്‍ എത്തുന്നവരുടെ ഹാജര്‍ പുസ്തകം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. .യുക്തിഭദ്രമായി യാഥാര്‍ത്ഥ്യ ബോധത്തോടെ ഭംഗിയായി എഴുതുന്നവര്‍ ഉണ്ട് .ഒട്ടും കാമ്പില്ലാതെ കഥയെന്നും കവിതയെന്നും ‘ പേരില്‍ വല്ലതുമൊക്കെ എഴുതി നിറയ്ക്കുന്നവരും കുറവല്ല . നന്നായി എഴുതാന്‍ കഴിയുന്നവരിലും അല്ലാത്തവരിലും പല തരം എഴുത്ത് പൊതുവേ കണ്ടു വരുന്നു . നല്ല ആശയവും നന്മ പകരുന്ന സന്ദേശവും നന്നായി അവതരിപ്പിക്കുന്നഒത്തിരിപേരെ സര്‍ഗാസംഗമങ്ങളില്‍ കാണാം
നാം എഴുതുന്നത് എന്തിനു വേണ്ടിയാണ് എന്ന് കണ്ടെത്തിയാല്‍ ഇവയില്‍ ഒന്നാമത്തെ പ്രശ്‌നം പരിഹരിക്കപ്പെടും . പാശ്ചാത്യം ആയാലും പൌരസ്ത്യം ആയാലും സാഹിത്യത്തില്‍ പണ്ട് മുതലേ നടന്നു വരുന്ന ഒരു വലിയ തര്‍ക്കമാണ് കല അല്ലെങ്കില്‍ സാഹിത്യം എങ്ങിനെ ഉപയോഗിക്കപ്പെടണം എന്നത് .’കല കലയ്ക്ക് വേണ്ടി ‘ എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ , ‘കല ജീവിതത്തിനു വേണ്ടി ‘[ലോക നന്മയ്ക്ക് വേണ്ടി] എന്ന് മറുവാദവുംഉണ്ട്.
1930 കളുടെ ഉത്തരാര്‍ദ്ധത്തില്‍ ലോകമാകമാനം പടര്‍ന്നു പിടിച്ച ജീവല്‍ സാഹിത്യ പ്രസ്ഥാനം സാമൂഹിക ഉച്ചനീചത്വങ്ങള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മാനവരാശിയുടെ ജീവിത പഥങ്ങളില്‍ പ്രകാശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്..
മലയാളത്തില്‍ ബഷീര്‍,കേശവദേവ് ,തകഴി ,പൊന്‍ കുന്നം വര്‍ക്കി , വി .ടി .ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ ആയിരുന്നു ജീവല്‍ സാഹിത്യ ശാഖയുടെ പ്രചാരകര്‍ .ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ജീവല്‍ സാഹിത്യം ബഹുദൂരം മുന്നോട്ടു കുതിക്കട്ടെ .നവ ലിബറല്‍ സിദ്ധാന്തങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിന ജീവിത സമസ്യകളില്‍പ്പെട്ടുഴലുന്ന ജനകോടികള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ഗവേദികള് മുന്നേറട്ടെയെന്നു ആശംസിക്കുന്നു
പന്ത്രണ്ടാം വാര്‍ഷികമാഘോഷിക്കുന്ന ചേര്‍ത്തല സര്‍ഗത്തിന് സര്‍വവിധ മംഗളങ്ങളും!
(25-12-2012-ല്‍ ചേര്‍ത്തല സര്‍ഗം വാര്‍ഷികദിനത്തില്‍ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം.)