തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിനെതിരേ മൂന്നാമതും വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്ത കേസില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
ഓര്‍മശക്തിയും ചലനശേഷിയും നഷ്ടപ്പെട്ടു കിടക്കയില്‍ കഴിയുന്ന 91 വയസുള്ള നീലേശ്വരം സ്വദേശിനി കോക്കല്‍ വീട്ടില്‍ ഉച്ചിരിയമ്മ എന്ന സ്ത്രീയുടെ വസ്തുവകകള്‍ രണ്ട് ആധാരങ്ങള്‍ ചമച്ച് സബ് രജിസ്റ്റാര്‍ എ. ദാമോദരന്‍ മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നായിരുന്നു കേസ്. സംഭവത്തില്‍ എ. ദാമോദരനെ രജിസ്ട്രേഷന്‍ ഐ.ജിയായിരുന്ന കെ. ആര്‍. ദേവാനന്ദ് സസ്‌പെന്‍ന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അനൂപ് ജേക്കബും ജോണി നെല്ലൂരും ചേര്‍ന്ന് ദാമോദരനെ തിരിച്ചെടുക്കുകയും ദേവാനന്ദിനെ സ്ഥലം മാറ്റുകയും ചെയ്തു.
ഇക്കാര്യത്തെ ചോദ്യം ചെയ്തു കൊണ്ട് ദേശീയ റേഷന്‍ കാര്‍ഡ് അസോസിയേഷന്‍ പ്രസിഡന്റ് ബേബി മുക്കാടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ 26ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം വിജിലന്‍സ് ഡയറക്റ്റര്‍ക്കാണു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കമന്‍റ് : വിജിലന്‍സ് വകുപ്പ് അനൂപിനെ ഏല്‍പ്പിച്ചു പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
-കെ എ സോളമന്‍