Tuesday 19 February 2013

രാജിവെക്കില്ലെന്ന് ആന്‍റണി



ന്യൂഡല്‍ഹി: അഗസ്ത-വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അതുകൊണ്ടുതന്നെ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിരോധമന്ത്രി എ.കെ. ആന്‍റണി വ്യക്തമാക്കി.

വിവാദ കോപ്റ്റര്‍കരാറിലെ എല്ലാ രേഖകളും പാര്‍ലമെന്‍റില്‍ വെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാറിന്റെ കൈകള്‍ ശുദ്ധമാണ്. പ്രതിരോധ ഇടപാടുകള്‍ സുതാര്യമാക്കുന്നതിന് ഓരോ ഘട്ടത്തിലും നടപടികളെടുത്തിട്ടും കോഴ നല്‍കിയെന്ന ആരോപണങ്ങളില്‍ ദുഃഖമുണ്ട്. സേനയ്ക്ക് ആയുധം വാങ്ങുന്നതില്‍ രാഷ്ട്രീയതീരുമാനമൊന്നുമില്ല. ഇറ്റലിയില്‍നിന്ന് ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും -ആന്‍റണി വ്യക്തമാക്കി.

മാധ്യമങ്ങളില്‍ വാര്‍ത്തവന്ന അന്നുതന്നെ നടപടിയെടുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം സുസജ്ജമാണ്. ആധുനികീകരണത്തിന് പണം നല്‍കുന്നില്ലെന്നുള്ള വാദത്തില്‍ കഴമ്പില്ല. ഇപ്പോള്‍ പ്രതിരോധമന്ത്രാലയമാണ് കോഴയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യംചെയ്യുന്നത്. വിദേശമന്ത്രാലയത്തിന്റെ സഹായം ആവശ്യമുള്ളപ്പോള്‍ അത് തേടും. പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല. ഈ പ്രശ്‌നം നേരിടുന്നതില്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടാണെന്നും ആന്‍റണി വ്യക്തമാക്കി.
Comment: രാജിവെയ്ക്കില്ല, പകരം പുതിയ ഒരിനം തൊപ്പി വെക്കും 
-കെ എ സോളമന്‍ 

No comments:

Post a Comment