Monday 6 October 2014

ജയലളിത വാങ്ങിക്കൂട്ടിയ 10000 സാരികള്‍ ലേലത്തിന്



















ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അകത്തായ ജയലളിതയുടെ പതിനായിരത്തില്‍പ്പരം സാരികള്‍ ലേലത്തിന് വെച്ചേക്കുമെന്നു റിപ്പോര്‍ട്ട്. 10050 ആഡംബര സാരികള്‍ (ഇതില്‍ 750 എണ്ണം തനി പട്ടുസാരികളാണ്), 750 ജോഡി ചെരുപ്പുകള്‍, കിലോക്കണക്കിന് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വെള്ളി വാള്‍, പാദസരങ്ങള്‍ തുടങ്ങിയവ കേസിലെ പ്രധാന തോണ്ടി സാധനങ്ങളായിരുന്നു . വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യാത്തപക്ഷം ജയലളിതയുടെ ഈ വസ്തുവകകള്‍ ലേലത്തിന് വെക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തെ തടവിനും നൂറ് കോടി രൂപ പിഴയടക്കാനുമാണ് ബാംഗ്ലൂരിലെ വിചാരണ കോടതി ജഡ്ജി മൈക്കേല്‍ ഡി കന്‍ഹ വിധിച്ചത്. ജയലളിതയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നു.

അതിനിടെ, തടവുകാരുടെ ജയില്‍ യൂണിഫോമായ വെള്ള സാരിയുമായി എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജയലളിത ശകാരിച്ചു. കഠിനതടവിനോ ജീവപര്യന്തം തടവിനോ അല്ല തന്നെ ശിക്ഷിച്ചിരിക്കുന്നത് എന്നും സാദാ തടവാണ് എന്നും പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി ജയില്‍ യൂണിഫോം ധരിക്കാന്‍ വിസമ്മതിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് ജയലളിത കഴിയുന്നത്. ജയലളിത മാത്രമല്ല സഹ തടവുകാരായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരും ജയില്‍ യൂണിഫോം ധരിക്കാന്‍ വിസമ്മതിച്ചു. തന്റെ സെല്ലിന് അടുത്തുള്ള സി സി ടി വി ക്യാമറയെയും ജയലളിത ചോദ്യം ചെയ്തു. ജയില്‍ യൂണിഫോം നിര്‍ബന്ധമില്ല എന്ന് പറഞ്ഞ് ജയലളിതയ്ക്ക് ഇളവ് കൊടുത്ത ജയില്‍ അധികൃതര്‍ സി സി ടി വി ക്യാമറ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കഴിയില്ല എന്ന് തീര്‍ത്തുപറഞ്ഞു.

Comment: സാരിമാത്രം ലേലം ചെയ്താല്‍ എത്രകോടി കിട്ടും, പിഴയ്ക്കുള്ളത് തികയുമോ?

-കെ എ സോളമന്‍ 



No comments:

Post a Comment