Saturday 18 October 2014

സര്‍വകലാശാലകളിലെ പ്രതിസന്ധി: ഗവര്‍ണര്‍ നേരിട്ട് ഇടപെടുന്നു


ചാന്‍സലര്‍ എന്ന നിലയില്‍ നടപടി
ആദ്യപടിയായി വി.സി.മാരുടെ യോഗം
ഈ രീതിയില്‍ യോഗം ആദ്യം

തിരുവനന്തപുരം:
 കേരളത്തിലെ സര്‍വകലാശാലകളിലെ ദുര്‍ഭരണത്തിനും അരാജകത്വത്തിനും അറുതി വരുത്താന്‍ ഗവര്‍ണര്‍ പി. സദാശിവം നേരിട്ട് ഇടപെടുന്നു. ചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചാണ് നടപടി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ അദ്ദേഹം വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. 27ന് രാവിലെ 10ന് കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ എത്താനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലറുടെ നിര്‍ദേശം. ഈ ചര്‍ച്ചയ്ക്കുള്ള വിശദമായ അജണ്ടയും വി.സി.മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ രീതിയില്‍ ഗവര്‍ണര്‍ നേരിട്ട് വി.സി.മാരുടെ യോഗം വിളിക്കുന്നത് ആദ്യമാണ്.

അജണ്ടയില്‍ മാത്രം ഊന്നി വി.സി.മാര്‍ വിഷയം അവതരിപ്പിക്കണമെന്നും ഇതുസംബന്ധിച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണവുമായി ബന്ധപ്പെട്ടും അക്കാദമിക് കാര്യങ്ങളിലും കേരളത്തിലെ സര്‍വകലാശാലകളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്‌നങ്ങള്‍ പലയിടത്തും പ്രതിസന്ധിയായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. ഗവര്‍ണറുടെയും ചാന്‍സലറുടെയും പദവികള്‍ രണ്ടായിത്തന്നെ കാണുമെന്ന തന്റെ കാഴ്ചപ്പാട് ഇതിനകംതന്നെ ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാന്‍സലര്‍ക്ക് എന്ന് രേഖപ്പെടുത്തിയാണ് ഇനി അയയ്‌ക്കേണ്ടത്.

സര്‍വകലാശാല പ്രശ്‌നങ്ങളില്‍ ഇടപെടാനും തിരുത്താനും നിലവിലുള്ള ചട്ടങ്ങള്‍പ്രകാരം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍ പലപ്പോഴും ഗവര്‍ണര്‍മാര്‍ ഈ അധികാരം ഫലപ്രദമായി ഉപയോഗിച്ചിരുന്നില്ല. ഇതിന് മാറ്റംവരികയാണ്. സര്‍വകലാശാലകളുടെ പ്രശ്‌നങ്ങള്‍ അന്തര്‍ സര്‍വകലാശാല കൂടിയാലോചന സമിതി (ഐ.യു.സി.സി.)യുടെ യോഗം വിളിച്ച് അവലോകനം ചെയ്യുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. ഒരധികാരവുമില്ലാത്ത ഈ സമിതിയുെട തീരുമാനങ്ങള്‍ പലപ്പോഴും കടലാസില്‍മാത്രം ഒതുങ്ങി.
ഇതിന് പകരമുള്ള വഴിയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്. അന്തര്‍ സര്‍വകലാശാല കൂടിയാലോചനസമിതി യോഗങ്ങളില്‍ വൈസ് ചാന്‍സലര്‍, പ്രൊ-വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെയൊക്കെ വിളിച്ചിരുന്നു.

എന്നാല്‍ ചാന്‍സലര്‍ വിളിക്കുന്നത് വൈസ് ചാന്‍സലര്‍മാരെ മാത്രമാണ്. ഇതിനുപുറമെ, സര്‍വകലാശാലകളുടെ പ്രൊ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിയെയും കൂടി ക്ഷണിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ അച്ചടക്ക പ്രശ്‌നത്തില്‍ തുടങ്ങി ഓണ്‍ലൈന്‍ അധ്യാപനത്തിന്റെ സാധ്യതകള്‍ വരെ ആരായുന്ന അജണ്ടയാണ് ചാന്‍സലറുടെ ഓഫീസ് വൈസ്ചാന്‍സലര്‍മാര്‍ക്ക് അയച്ചുകൊടുത്തിരിക്കുന്നത്.
സര്‍വകലാശാലകളില്‍ നിലവിലുള്ള രീതികളില്‍നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് നിര്‍ദേശിക്കാനുള്ളതെന്നും ഗവര്‍ണര്‍ ആരാഞ്ഞിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കണം.

യു.ജി.സി. ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നുള്ള സഹായം കേരളത്തിലെ സര്‍വകലാശാലകള്‍ യഥാവിധി ഉറപ്പാക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. പേറ്റന്റ് അധിഷ്ഠിതമായ ഗവേഷണം, ഫാക്കല്‍റ്റിയുടെ നിലവാരം ഉയര്‍ത്തല്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഫെലോഷിപ്പ്-സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍ എന്നിവയിലേക്ക് ചാന്‍സലര്‍ വൈസ് ചാന്‍സലര്‍മാരുടെ ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും നൈപുണ്യ വികസനവും വ്യവസായങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തണമെന്ന് ചര്‍ച്ച ചെയ്യണമെന്നും ഗവര്‍ണര്‍ നിര്‍ദേശിക്കുന്നു.
Comment: നല്ല തുടക്കം, മാറ്റം ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കാം.
-കെ എ സോളമന്‍ 

No comments:

Post a Comment