Tuesday, 5 April 2011
പിള്ള ഹാപ്പിയാണ് !
കെ.എ.സോളമന്‍
Janmabhumi Posted On: Wed, 06 Apr 2011
തെരഞ്ഞെടുപ്പ് അടുത്താല്‍ പദയാത്രകളാണ്. പദയാത്രകള്‍ക്കുശേഷം തീര്‍ത്ഥയാത്ര. തീര്‍ത്ഥയാത്ര നടത്തുന്നതില്‍ ഇടതുവലതു ചേരിതിരിവില്ല. ഒരു കൊല്ലംമുമ്പുവരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കായിരുന്നു തീര്‍ത്ഥയാത്ര. കോയമ്പത്തൂരില്‍നിന്ന് പ്രതിഷ്ഠ ബംഗളൂരുവിലേക്ക് മാറ്റിയതും അങ്ങോട്ട് ദിവസേന ആലപ്പുഴ വഴി ട്രെയിനില്ലാത്തതും തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചു. ഒടുക്കം തീര്‍ത്ഥാടകര്‍ തന്നെ ഇല്ലാതായി. ഇപ്പോള്‍ യുഡിഎഫ് വക ആഭ്യന്തരതീര്‍ത്ഥാടനമാണ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്. അവിടെയാണ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവും പല റിക്കാര്‍ഡുകളുടേയും ഉടമയുമായ 'പഞ്ചാബു പിള്ള' ഒരു കൊല്ലത്തെ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്തത്.
എഴുകോണ്‍ നാരായണന്‍, പുനലൂര്‍ മധു, കൊടിക്കുന്നില്‍ സുരേഷ്, പന്തളം സുധാകരന്‍, നടന്‍ ജഗദീഷും ഭാര്യയും പിള്ളയെ കണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞതു മനസിലാക്കാം. ഹാസ്യാഭിനയത്തിന് ജഗതിയും ഇന്നസെന്റും കഴിഞ്ഞാല്‍ അറിയപ്പെടുന്ന ആളാണ് ജഗദീഷ്. ഭാര്യ ഡോക്ടറായതുകൊണ്ട് പിള്ളയുടെ പള്‍സ് പരിശോധിക്കാം. പക്ഷെ വി.എം.സുധീരന്‍ പിള്ളയെ കണ്ട് കരഞ്ഞത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പേരില്‍ മാത്രമേയുള്ളോ ധൈര്യം, പ്രവൃത്തിയില്‍ വേണ്ടേ. അല്‍പ്പം സല്‍പ്പേരുള്ളത് പിളളയായിട്ടുതന്നെ നശിപ്പിക്കണമെന്നായിരിക്കും ആഗ്രഹം. സുധീരന്‍ തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സംഭവം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത പിള്ളയുടെ മനസ്സില്‍ തെല്ലുപോലുമില്ല കള്ളം.
ദീദി സൗജന്യമായി ട്രെയിന്‍ യാത്ര അനുവദിച്ചതില്‍ ആഹ്ലാദിക്കുകയാണ് പിജി ബയോടെക്നോളജിക്കു പഠിക്കുന്ന അനിതയും കൂട്ടരും. സൗജന്യം അനുവദിച്ച കൂട്ടത്തില്‍ ഒന്നുരണ്ടു ട്രെയിനുകളും അവയ്ക്ക് കോച്ചുകളും അനുവദിച്ചിരുന്നെങ്കില്‍ ദീദിയുടെ വനിതാദിനസമ്മാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകില്ലായിരുന്നു. മണ്ണ് കിള്ളിയിടാന്‍ സ്ഥലമില്ലാത്ത രാവിലത്തെ ട്രെയിനുകളില്‍ സൗജന്യം കിട്ടിയിട്ട് എന്തു കാര്യം? തെറ്റയില്‍ മെഗാസ്റ്റാറിന്റെ 'ലോ ഫ്ലോറിലെ' ചെലവ് ഓര്‍ക്കുമ്പോള്‍ ട്രെയിനിലെ സൗജന്യം ഒരു അത്ഭുതം തന്നെ.
മുഖ്യമന്ത്രി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പിബിയും സിസിയും സ്റ്റേറ്റ് കമ്മറ്റിയും കടന്ന് ജില്ലാ കമ്മറ്റിയില്‍ എത്തിയതോടെ അരവിന്ദാക്ഷന്‍പിള്ള ആഹ്ലാദത്തിലാണ്. കോതര്‍കാട് ബ്രാഞ്ചു കമ്മറ്റി സെക്രട്ടറിയാണ് പിള്ള. സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മറ്റിയില്‍നിന്ന് താഴോട്ടിറങ്ങി, ഏരിയായും ലോക്കലും താണ്ടി തന്റെ മുന്നിലെത്തുമെന്ന് പിള്ളയ്ക്കറിയാം. അപ്പോള്‍ ആഹ്ലാദിക്കാതെന്തുചെയ്യും?
സഖാക്കള്‍ക്ക് മുള്ളില്ലാത്ത മീന്‍ റോസ്റ്റ് വെച്ചു വിളമ്പുന്നത് ഗൗരിയമ്മ നിര്‍ത്തി. തൊഴിലുറപ്പുകാരെയൊക്കെ അവരുടെ വീട്ടിലോട്ട് പറഞ്ഞുവിട്ടു. ചാത്തനാട്ടു വീട്ടില്‍ വന്ന് മൂക്കുമുട്ടെ ചെമ്മീന്‍ റോസ്റ്റും അണ്ടിപ്പരിപ്പും തിന്നവര്‍ മാറിനിന്ന് പരിഹസിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനമൊന്നും തരാനാവില്ല, പാര്‍ട്ടിയിലോട്ട് ചേര്‍ന്നാല്‍ രണ്ട് സീറ്റ് തരാം, പഴയതൊക്കെ പൊറുക്കാം.
തോല്‍ക്കുന്ന രണ്ട് സീറ്റ് വേണോ, ജയിക്കുന്ന 4 സീറ്റുമായി യുഡിഎഫില്‍ തുടരണമോയെന്നതാണ് ഗൗരിയമ്മയെ അലട്ടുന്ന പ്രശ്നം. ബേബി സഖാവ് കാണാന്‍ വന്നതാണ്, പക്ഷെ രാജന്‍ ബാബുവും ഷാജുവും അനുവദിച്ചില്ല. വന്ന ഓട്ടോറിക്ഷയില്‍തന്നെ ബേബി തിരികെ പ്പോയി. ഓട്ടോക്കാരന് മുഴുവന്‍ കൂലിയും കോടുത്തോ, അതോ ലോറന്‍സ് സഖാവിനെപ്പോലെ "പഞ്ഞ വര്‍ത്തമാനം" പറഞ്ഞോയെന്ന് പിന്നീടേ അറിയാന്‍ കഴിയൂ.
ലാവ്ലിന്‍ കേസ് രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്ന് പിണറായി. പാമോലിന്‍ കേസ് ധാര്‍മികമായും നിയമപരവുമായി നേരിടുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ 'രാഷ്ട്രീയം' തന്നെയോ 'ധാര്‍മിക'മെന്നു പറയുന്നത്? മുഹമ്മദ് മുസലിയാര്‍ക്ക് ഒരു സംശയം മാത്രമേയുള്ളൂ. ടി.എച്ച്. മുസ്തഫാ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടോ? അദ്ദേഹമാണല്ലോ ഒരു വടിയും കിട്ടാതെ നടന്ന ഭരണകക്ഷിക്ക് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസിനേയും തല്ലാന്‍ പാമോയില്‍ കുറുവടി ചെത്തിമിനുക്കി കൊടുത്തത്. കേന്ദ്രന്‍ ജാഗ്രതയിലാണ്, ചാണ്ടി പെട്ടുപോയാല്‍ മുഖ്യമന്ത്രിയാകാന്‍ ആളുവേണ്ടേ, അതുകൊണ്ട് ചെന്നിത്തല മത്സരിക്കട്ടെ!
Subscribe to:
Post Comments (Atom)
No comments:
Post a Comment