Saturday, 23 April 2011

അമുല്‍ ബ്രിഗേഡ്‌












കെ.എ.സോളമന്‍

Janmabhumi Posted On: Sat, 23 Apr 2011 21:13:54

"അച്ഛാ, ഇതാ, ഒരു പുതിയ കണക്ക്‌. ഉത്തരം പറയാന്‍ പറ്റുമോയെന്ന്‌ നോക്കൂ. ഇലക്ഷന്‍ കഴിഞ്ഞതോടെ ബാങ്ക്‌ ടെസ്റ്റ്‌ പരിശീലന കേന്ദ്രത്തില്‍ ചോദിച്ചതാണ്‌", മകന്‍ അച്ഛനോടു പറഞ്ഞു-

"നീ ചോദ്യം വായിക്കൂ. ഷേണായി. "മൂന്നില്‍ തുടങ്ങുന്ന മൂന്നക്കമുള്ള ഏറ്റവും വലിയ സംഖ്യ. മൂന്നില്‍തന്നെ തുടങ്ങുന്ന മൂന്നക്കമുള്ള ഏറ്റവും ചെറിയ സംഖ്യ. ആദ്യത്തേതില്‍നിന്ന്‌ രണ്ടാമത്തേത്‌ കുറയ്ക്കുമ്പോള്‍ കിട്ടുന്നതാണ്‌ ഒരു മുന്നണിയുടെ സീറ്റുകളുടെ എണ്ണം. എങ്കില്‍ മറ്റേ മുന്നണിക്കെത്ര?"

"ആകെ എത്ര മുന്നണിയുണ്ടെടാ?" "അത്‌ ചോദ്യത്തില്‍ ഇല്ലച്ഛാ" "എങ്കില്‍ ഡേറ്റാ ഇന്‍കംപ്ലീറ്റ്‌ എന്നതാണ്‌ ഉത്തരം, മനസ്സിലായോ? എടാ, മോനെ ഇത്തരം കണക്കുകളുടെ പ്രളയമല്ലേ ഇപ്പോള്‍. ഓരോ മുന്നണിയും അവകാശപ്പെടുന്ന സീറ്റുകളുടെ എണ്ണം കണക്ക്‌ കൂട്ടിയാല്‍ പത്തുമുന്നൂറ്‌ വരും. അസംബന്ധ കണക്കുകളുടെ കാലമാണിത്‌. അത്തരം ഒരു ചോദ്യമായി നിന്റെ കോച്ചിംഗുകാരന്റെ ചോദ്യത്തെ കണ്ടാല്‍ മതി. അസംബന്ധങ്ങള്‍ കണക്കിന്റെ രൂപത്തില്‍ നിരത്തിയാല്‍ മറ്റ്‌ പണിയില്ലാത്ത ജനം അതും കൂട്ടി ഇരുന്നുകൊള്ളുമെന്ന്‌ നമ്മുടെ നേതാക്കള്‍ ചിന്തിക്കുന്നു".

"ലോകത്തിലെ ഏറ്റവും നീളം കൂടിയ ക്യൂ എവിടെയാണെന്ന്‌ ചോദിച്ചാല്‍ നീ എന്ത്‌ ഉത്തരം പറയും?" "ബിവറേജസ്‌ മദ്യഷോപ്പിന്റെ മുന്നില്‍. കേരളത്തില്‍ അത്‌ നിത്യക്കാഴ്ചയല്ലേ?" "നിനക്ക്‌ തെറ്റി. ഇപ്പോള്‍ ക്യൂ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഓഫീസുകള്‍ക്ക്‌ മുന്നിലാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ രാഹുല്‍ഗാന്ധി നയിക്കുന്ന 'അമുല്‍ ബ്രിഗേഡി'ലേക്ക്‌ ചേരാന്‍ യുവതീ-യുവാക്കളുടെ തള്ളിക്കയറ്റം. തുടങ്ങിവെച്ചത്‌ നമ്മുടെ സൂപ്പര്‍താരം സുരേഷ്ഗോപി, ദിലീപ്‌, കാവ്യാമാധവന്‍, പിന്നെ കോണ്‍ഗ്രസിലേക്ക്‌ ചാടിയ ഒരുത്തിയും കൂടിയാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ കാവ്യാമാധവന്‍ നല്‍കിയ പിന്തുണ ഡിവൈഎഫ്‌ഐയില്‍പ്പോലും ഭിന്നിപ്പുണ്ടാക്കി. കാവ്യയുടെ പോസ്റ്ററില്‍ കരി ഓയില്‍ കൊണ്ട്‌ ഒരുകൂട്ടര്‍ ഗുണനചിഹ്നം വരയ്ക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൈപ്പത്തി വരയ്ക്കുന്നു. ആകെ ബഹളമയം. കാവ്യക്കൊപ്പം കേന്ദ്രമന്ത്രി എസ്‌.എം.കൃഷ്ണയുടെ മകളും സിനിമാ താരവുമായ ദിവ്യ സ്‌പന്ദനയും. രാഹുല്‍ ബ്രിഗേഡില്‍ ചേര്‍ന്ന്‌ കോണ്‍ഗ്രസിനെയും രാജ്യത്തെയും ഒരുമിച്ച്‌ രക്ഷിക്കാന്‍ പോകുന്നു. സ്‌പന്ദന വെറും ഐറ്റംഗേള്‍ എന്ന്‌ ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ഗ്ലാമര്‍ താരമെന്നാണ്‌ മറ്റൊരു കൂട്ടര്‍. ഇവരെല്ലാംകൂടി കോണ്‍ഗ്രസ്‌ ഓഫീസ്‌ പടിക്കല്‍ ക്യൂ നിന്നാല്‍ അവശേഷിക്കുന്ന യുവതീ യുവാക്കള്‍ക്ക്‌ മേറ്റ്ന്ത്‌ ചിന്തിക്കാന്‍? അവരും കോണ്‍ഗ്രസില്‍ ചേരും.

യുവാക്കളുടെ ഈ മുന്നേറ്റം എറണാകുളം മുന്‍ എംപിയും ഇപ്പോഴത്തെ നിയമസഭാ കാന്‍ഡിഡേറ്റുമായ സെബാസ്റ്റ്യന്‍പോള്‍ മനസ്സിലാക്കി. മാധ്യമ വിചാരത്തിന്‌ താല്‍ക്കാലിക വിരാമമിട്ട്‌ വോട്ടുപിടിത്തം കഴിഞ്ഞ്‌ മടങ്ങിയപ്പോഴാണ്‌ പോള്‍ കൊച്ചിക്കായലിലെ കുത്തൊഴുക്ക്‌ 'ഈഡന്‍' ഗാര്‍ഡിലേക്കെന്ന്‌ കണ്ടത്‌. എന്നാല്‍പിന്നെ വക്കീലാഫീസ്‌ തുറന്നേക്കാമെന്ന്‌ വിചാരിച്ചു. പഴയ ഓഫീസില്‍ പാമ്പും പഴുതാരയും വസിക്കുന്നതിനാല്‍ പുതിയൊരെണ്ണം പണിതു. കത്തീഡ്രല്‍ പള്ിയില്‍പോയി കുമ്പസാരിക്കുകയും വികാരിയെ വിളിച്ച്‌ വക്കീലാഫീസ്‌ വെഞ്ചരിപ്പിക്കുകയും ചെയ്തു. പള്ളീടെ പടിഞ്ഞാറെ കുരിശ്ശടിയില്‍ നേര്‍ച്ച ഇട്ടതിനുശേഷം കിഴക്കേ കുരിശ്ശടിയില്‍ മുട്ടുകുത്തി. റെഡിമെയ്ഡായി കിട്ടുന്ന കറുത്ത ഗൗണ്‍ വാങ്ങി ഓഫീസിലെ കസേരയില്‍ തല തിരിച്ചിടുകയും ചെയ്തു. ജയിച്ചാല്‍ നിയമസഭ, തേറ്റാല്‍ കോടതി, ഇതാണ്‌ ചോയ്സ്‌. കോടതിയില്‍ പോകാന്‍ കേസുമായി ആരും വന്നില്ലെങ്കില്‍ രണ്ട്‌ രൂപയ്ക്കുള്ള അരിയുടെ അപേക്ഷാ ഫോറം എപിഎല്‍-ബിപിഎല്‍ ഭേദമില്ലാതെ ഏവര്‍ക്കും സൗജന്യമായി പൂരിപ്പിച്ച്‌ നല്‍കും.

എം.വി.രാഘവന്റെ 'യന്തിരന്‍' കലക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ചലനശേഷിയില്‍ രാഘവനെ വെല്ലുന്നതായിരുന്നു യന്തിരന്‍. രാഘവന്റെ രജനി സ്റ്റെയില്‍ യന്തിരന്‍ വന്‍ ഹിറ്റായത്‌ കാരണം അടുത്ത തെരഞ്ഞെടുപ്പില്‍ 80-പിന്നിട്ട യുവാക്കള്‍ കൂടുതല്‍ യന്തിരന്‍ ബുക്ക്‌ ചെയ്യാനുള്ള സാധ്യതയുണ്ട്‌. കീ-കൊടുത്തുവിട്ടാല്‍ ജനത്തിന്റെ വോട്ട്‌ കീശയിലാക്കിയെ എന്തിരന്‍ മടങ്ങിവരൂ.

വോട്ടുപിടിത്ത മാമാങ്കത്തിനുശേഷം താരസംഘടന 'അമ്മ', കോഴിക്കോട്ട്‌ നടത്തിയ 'താരനിശ' വന്‍ ഹിറ്റ്‌. അശ്ലീലം ദ്വയാര്‍ത്ഥത്തിലൂടെ എങ്ങനെ പ്രയോഗിക്കാമെന്ന്‌ അവിടെ കൂടിയവരെയും 'സൂര്യാ' പ്രേക്ഷകരെയും ഇന്നസെന്റും സംഘവും പഠിപ്പിച്ചു. "മൂത്രമൊഴിക്കുന്ന സ്ഥലം" കാട്ടിക്കൊടുക്കുന്നതാണ്‌ യഥാര്‍ത്ഥ കലയെന്ന്‌ കോളേജ്‌ ലക്ചററായി വേഷം കെട്ടിയിട്ടുണ്ടെന്ന്‌ മേനിനടിക്കുന്ന നടനെ കൊണ്ട്‌ പറയിപ്പിക്കുന്നതാണ്‌ 'അമ്മ'യുടെ കല.

സിനിമാ നടന്‍ തിലകന്‍ ഇത്‌ കണ്ടില്ലെന്ന്‌ തോന്നുന്നു. ഇതുപോലുള്ള താരപ്രകടനങ്ങള്‍ ഒന്നുരണ്ടെണ്ണം കഴിയുമ്പോള്‍ അവശേഷിക്കുന്ന 'തെറി' കൂടി ജനം പഠിച്ചിരിക്കും. മുസ്ലീപവറും, സ്മാര്‍ട്ട്ലീനും മാറിമാറി കഴിക്കുന്ന ലിപ്സ്റ്റിക്‌ സുന്ദരിമാര്‍ വായുംപൊളിച്ച്‌ 'അമ്മ'യുടെ പ്രകടനം കാണുമ്പോള്‍ തോന്നുന്നത്‌ മറ്റൊന്നുമല്ല. ജനം എന്തര്‍ഹിക്കുന്നവോ, അതവര്‍ക്ക്‌ കിട്ടുന്നു". "നിന്റെ സംശയം മാറിയോടാ, മോനേ?"

No comments:

Post a Comment