Saturday, 3 September 2011

അണ്ണാ ഹസാരെയുടെ പ്രസക്തി








സമ്പന്ന രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന നമ്മുടെ ഇന്ത്യയിന്ന് അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും പെട്ട് ഉഴലുകയാണ്. ‘കിമ്പളം’ നല്‍‌കിയില്ലെങ്കില്‍ ഫയല്‍ ചുവപ്പുനാടയിട്ട് മേശക്കുള്ളിലേക്ക് തള്ളുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടുംബത്തിനും ബന്ധുക്കള്‍ക്കും വേണ്ടി എന്ത് ‘തീവെട്ടിക്കൊള്ള’യും ചെയ്യാന്‍ അറപ്പില്ലാത്ത രാഷ്ട്രീയക്കാര്‍, ഇവരുമായി ചേര്‍ന്ന് നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍. വൃത്തികെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളും ഇന്ത്യയും കടന്നുപോകുന്നത്. അഴിമതിയില്ലാത്ത ഇന്ത്യ എന്ന ആശയം നമ്മളൊക്കെ സ്വപ്നം കാണുമ്പോള്‍ ഗാന്ധിയനായ അണ്ണാ ഹസാരെയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ ഒരു ഭാഗത്ത്‌.
ഹസാരെയുടെ സമരം ‘അരാഷ്ട്രീയം’ ആണെന്നും ‘അമേരിക്ക’യാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ മറ്റൊരു ഭാഗത്ത്‌.
ഹസാരെയ്ക്ക് നവീന ഗാന്ധി എന്ന വിശേഷണം വിദേശ മാധ്യമങ്ങളായ ടെലിഗ്രാഫും, ന്യൂയോര്‍ക്ക് ടൈംസും, ഇറ്റാലിയന്‍ പത്രങ്ങളും നല്‍കി. ലിബിയയിലും, ഒമാനിലും, ഇസ്രേയലിലും, പാലസ്തീനിലും മറ്റും നടക്കുന്ന സംഭവവികാസങ്ങളുമായി ഹസാരെയുടെ സംഭവത്തോട് ചേര്‍ത്ത് എഴുതാനും വിദേശ പത്രാധിപര്‍ തയ്യറായി എന്നുളളതും ശ്രദ്ധേയമാണ്.

അഴിമതിക്കെതിരേ അഖിലകക്ഷി വികാരം

അഴിമതിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നിയമപരമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ അണ്ണാ ഹസാരെ രാംലീല മൈതാനത്തു നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന്‌ അനുകൂലമായ നിലപാടു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ലോക്‌സഭയിലെ പ്രതിപക്ഷവും തയാറായത്‌ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ സുതാര്യതയ്‌ക്കുള്ള പൊതുനീക്കമായാണു കാണേണ്ടത്‌. അഴിമതിക്കെതിരായ അഖിലകക്ഷി വികാരമായി ഇതിനെ കാണണം

അണ്ണാ ഹസാരെ മുന്നോട്ടുവച്ച ജനലോക്‌പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയുണ്ടായി. . ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റ്‌ അംഗീകരിക്കുന്ന സാഹചര്യം സംജാതമായി. ലോക്‌സഭ ഒന്നാകെയാണ്‌ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച്‌ അണ്ണാ ഹസാരെ അനുരഞ്‌ജനത്തിന്റെ പാതയിലേക്കു വരണമെന്ന്‌ ആവശ്യപ്പെട്ടത്‌. ജനലോക്‌പാല്‍ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. അക്കാര്യം കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവും അംഗീകരിച്ചു കഴിഞ്ഞു. അണ്ണാ ഹസാരെയെ വ്യക്‌തി എന്ന നിലയിലും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിലയുറപ്പിച്ച പൊതുസമൂഹപ്രതിനിധി എന്ന നിലയിലും അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ അര്‍ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്‌തമാക്കി.അരുണാറോയിയുടെ ബില്ലും ലോക്‌സത്ത പാര്‍ട്ടി പ്രസിഡന്റ്‌ ഡോ. ജയപ്രകാശ്‌ നാരായണന്റെ ബില്ലും കേന്ദ്രസര്‍ക്കാരിന്റെ വീക്ഷണവും സജീവമായി പരിഗണിച്ചുകൊണ്ട്‌ ഹസാരെ മുന്നോട്ടുവച്ച ജനലോക്‌പാല്‍ ബില്ലിലെ വ്യവസ്‌ഥകള്‍ ചര്‍ച്ചചെയ്യാമെന്നാണ്‌ ഡോ. മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചത്‌. അഴിമതിയെ ഫലപ്രദമായി എങ്ങനെ നേരിടാമെന്നതിനെപ്പറ്റി മന്‍മോഹന്‍സിംഗ്‌ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ തിമിരയം കൊണ്ട്‌ മൂടിവയ്‌ക്കാനാവില്ല.

തന്റെഭാഗത്തുനിന്നും എന്തെങ്കിലും അഴിമതി ഉണ്ടായിട്ടുണ്ടെന്ന്‌ സംശയമുണ്ടെങ്കില്‍ നാല്‍പത്തൊന്നു വര്‍ഷത്തിനിടയില്‍ സമ്പാദിച്ച സ്വത്തുകളെപ്പറ്റി കൃത്യമായ അന്വേഷണം നടത്താന്‍ പ്രതിപക്ഷനേതാവിനെത്തന്നെയാണു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ വെല്ലുവിളിച്ചത്‌. അധികാരസ്‌ഥാനം ഉപയോഗിച്ച്‌ തനിക്കോ കുടുംബാംഗങ്ങള്‍ക്കോവേണ്ടി കണക്കില്‍പ്പെടാത്ത സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ്‌ പറയുന്ന ശിക്ഷാവിധി അതേപടി അംഗീകരിക്കാമെന്നു പ്രധാനമന്ത്രി വ്യക്‌തമാക്കിയിരിക്കുകയാണ്‌.

പൗരാവകാശരേഖ തയാറാക്കുക, കീഴുദ്യോഗസ്‌ഥരെ ലോക്‌പാലിന്റെ പരിധിയില്‍ വരുത്തുക, സംസ്‌ഥാനങ്ങളില്‍ ലോകായുക്‌ത സംവിധാനം സ്‌ഥാപിക്കുക എന്നീ മൂന്നാവശ്യങ്ങളാണ്‌ പാര്‍ലമെന്റിന്റെ അഭിപ്രായത്തിനു മറുപടിയായി ഹസാരെ ഉന്നയിച്ചിരിക്കുന്നത്‌. അതേപ്പറ്റി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഇനിയും വന്നിട്ടില്ല. അണ്ണാ ഹസാരെ ഉന്നയിച്ച ആവശ്യങ്ങള്‍ ജനാധിപത്യ ശരീരത്തെ ശുദ്ധീകരിക്കാന്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ നിയമം നിര്‍മിക്കേണ്ടതു വ്യക്‌തിയല്ല ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണ സഭയാണ്‌.
നിയമം എങ്ങനെയായിരിക്കണമെന്നതിനേപ്പറ്റി അഭിപ്രായം പറയാന്‍ പൊതുസമൂഹത്തിന്‌ അവകാശമുണ്ട്‌. പക്ഷേ നിയമം നിര്‍മിക്കേണ്ടതു പാര്‍ലമെന്റാണ്‌. ജനാഭിപ്രായംകൂടി കണക്കിലെടുത്ത്‌ ഭരണപക്ഷവും പ്രതിപക്ഷവും കൂടിയാലോചിച്ച്‌ അഴിമതിക്കെതിരേ ഫലപ്രദമായ ലോക്‌പാല്‍ നിയമം നിര്‍മിക്കുകയാണു നാടിന്റെ ആവശ്യം.. അതിനു അണ്ണാ ഹസാരെ നിര്‍വഹിച്ച പങ്കു മഹത്തരമാണ് .

പ്രസക്തമായ ചോദ്യങ്ങള്‍

1) രാഷ്ട്രീയക്കാരന്‍ അല്ലാത്ത അണ്ണാ ഹസാരെ നിരാഹാരം ഇരിക്കും വരെ അസിമാതിയെക്കുരിച് സംസാരിക്കാന്‍ എന്തെ രാഷ്ട്രീയക്കാര്‍ക്ക് സാധിച്ചില്ല ?.
2 ) കണക്കില്‍പ്പെടാത്ത സ്വത്ത്‌ ഇല്ലെന്നു പ്രധാന മന്ത്രി. അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ക്കുറിച്ച് ഇത് പറയാന്‍ കഴിയുമോ ?
3 ) ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉതകാത്ത വലിയ കാര്യങ്ങള്‍ പറയുന്ന ഇടതും, വലതും , മദ്ധ്യത്തിലും നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍ ജനലോക്പാല്‍ പാസാകുന്നതോടെ അഴിമതിയില്‍നിന്ന് മുക്തരാകുമെന്നു കരുതാമോ ?
4 ) സാമൂഹ്യ മാറ്റം ഉണ്ടാക്കാം എന്ന് തെളിയിക്കുകയാണ് അണ്ണാ. യോജിക്കാന്‍ പറ്റുമോ ?
5) സ്വതന്ത്ര ഭാരതത്തിലെ രാഷ്ട്രീയ നേത്രുത്വത്തില്‍ കാണാത്ത സത്യ സന്ധത അണ്ണാ ഹസാരെയില്‍ കാണാന്‍ ഇന്ത്യന്‍ യുവത്വത്തിനു സാധിച്ചു . എന്തുപറയുന്നു. ?
൬) ഹസാരെയെ നവീനഗാന്ധി എന്ന് വിശേഷിപ്പിക്കുന്ന വിദേശ ശക്തികളുടെ ലക്ഷ്യം ഇന്ത്യയെ നന്നാക്കുക തന്നെയാണോ ?

- കെ എ സോളമന്‍

2 comments: