Sunday 18 September 2011

പരേഡ് ! - കഥ -കെ എ സോളമന്‍











കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്യുമ്പോള്‍ പ്രൊഫ പരമേശ്വരന്‍ ആചാരിയ്ക്കു വലിയ മോഹങ്ങളില്ലയിരുന്നു. വലിയ മോഹങ്ങളുണ്ടായിരുന്നവരുടെ കഥകളൊക്കെ അറിയാമായിരുന്നതു കൊണ്ടാണ് അധിക മോഹങ്ങള്‍ വേണ്ടെന്നു വെച്ചത്. തനിക്കു മുന്‍പേ പെന്‍ഷന്‍ പറ്റിയ പൗലോസ്‌ മാഷിന്റെ ആഗ്രഹം സ്റേറ്റു ബാങ്കിനു മുന്നില്‍ സ്വര്‍ണപ്പണയ വായ്പ സ്ഥാപനം തുടങ്ങണ മെന്നതായിരുന്നു. ജോലിയില്‍ ഇരിക്കെത്തന്നെ സഹ അധ്യപകരേ ചേര്‍ത്തു പൂവല്‍ കുറി ഭാര്യയുടെ പേരില്‍ നടത്തുകയും കുറി ഇടയ്ക്കു വെച്ചു നിര്‍ത്തി പണം കൈക്കലാക്കുകയും ചെയ്തുവെന്ന ഒരാരോപണം മാഷിന്റെ പേരിലുണ്ട്.
ബാങ്കില്‍ പണയം വെയ്ക്കാന്‍ ചെന്ന് നിരാശരായി മടങ്ങുന്നവരെ സാഹയിക്കുക എന്ന സദുദ്ദേശമായിരുന്നു സംരംഭത്തിന് പിന്നില്‍ എന്ന് അദ്ദേഹം തന്നോടു പറഞ്ഞിട്ടുമുണ്ട്. പലിശ നൂറ്റിക്ക് മൂന്ന്. എഴുത്ത് കൂലി , പ്രമാണക്കൂലി, അതൊക്കെ വേറെ. സാറിന്റെ 'അപ്ന ഗോള്‍ഡ്‌ ഫിനാന്‍സില്‍ ' പണയം വെച്ചാല്‍ ഉരുപ്പടി തിരിചെടുക്കേണ്ടി വരില്ല എന്നതാണ് അവിടെ പണയം വെച്ച മോളി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവം. നന്നായി നടന്നു പോയസ്ഥാപന മായിരുന്നു. പക്ഷെ, എന്ത് ചെയ്യാനാണ്, ഏതോ തിരുട്ടു ഗ്രാമക്കാര്‍ സ്ഥാപനം അടിയെ മാന്തിക്കൊണ്ടു പോയി. കേസും വക്കാണവുമായി മാഷ്‌ ഇപ്പോഴും കോടതി തിണ്ണ നിരങ്ങുകയാണ്.

ഇതു പൗലോസ്‌ മാഷിന്റെ കാര്യമെങ്കില്‍ തോമസ്‌ മാഷിന്റെ കാര്യം ഇതിനേക്കാള്‍ കഷ്ടം. പഠിപ്പിക്കുന്ന കോളെജിനടുത്തു കോഴിമുട്ട പത്തു പൈസ വിലക്കുറവില്‍ കിട്ടും. രണ്ടു ഡസന്‍ മുട്ട വാങ്ങി വീട്ടില്‍ കൊണ്ട് പോയാല്‍ രണ്ടു രണ്ടര രൂപ ലാഭം . യു ജി സി ശമ്പളം മൊന്നുമില്ലാത്ത കാലമായിരുന്നു അത് . ബസ്‌ യാത്രക്കിടെ ഒന്നു രണ്ടു തവണ മുട്ട പൊട്ടി നഷ്ടം നേരിട്ടെങ്കിലും മുട്ട കച്ചവടത്തിലെ ലാഭം മാഷ്‌ ശരിക്കും തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഒരു കടമുറി വാടകക്കെടുത്തു മുട്ടക്കച്ചവടം അയല്‍വീട്ടിലെ പ്രഭാകരന്റെ മകനെ ഏല്പിച്ചത്. മുതല്‍ മുടക്കു തന്റെതെങ്കിലും കടമുറിയുടെ വാടക ചീട്ടും മറ്റുമൊക്കെ എഴുതിയത് പ്രഭാകരന്റെ പേരില്‍ . കച്ചവടം തെറ്റില്ലാതെ നടന്നു വന്ന അവസരത്തില്‍ ഒരു ദിവസം കടയില്‍ ചെന്നപ്പോള്‍ പ്രഭാകരനും മകനും കൂടി ചോദിക്കുകയാണ് " തനിക്കെന്താ ഇവിടെ കാര്യം. " അവരെ സപ്പോര്‍ട്ട് ചെയ്തു കുറെ അട്ടിമറിക്കാരും

ഈ പൊല്ല്ലാപ്പിനൊന്നും താല്പര്യ മില്ലത്തത് കൊണ്ടാണ് പെന്‍ഷന്‍ ബെനിഫിറ്റ് ബാങ്കില്‍ എഫ് ഡി ഇട്ടു സ്വസ്ഥമായി ഇരിക്കാമെന്നു കരുതിയത്‌. "വെറുതെ യിരുന്നാല്‍ രോഗിയാകും, അതുകൊണ്ട് എന്റെ സ്കൂളിലേക്ക് പോരു" -സതീശപ്പണിക്കര്‍ മാഷ്‌ ആവശ്യ പ്പെട്ടതാണ് . സതീശന്‍ സി ബി എസ ഇ സ്കൂള്‍ പ്രിന്‍സിപല്‍ ആണ്. കോളേജില്‍ തനിക്കു ഒരു വര്ഷം ജൂനിയര്‍ ആയിരുന്ന ഒരാളുടെ കീഴില്‍ വര്‍ക്ക് ചെയ്യുന്നതിനെക്കാള്‍ പ്രശ്നമായി താന്‍ കണ്ടത് പിരുപിരുപ്പുള്ള ചില സി ബി എസ ഇ പിള്ളാരെ പഠിപ്പിക്കുക എന്നതാണ് . അങ്ങനെ പണിക്കരുടെ ഓഫര്‍ വേണ്ടെന്നു വെച്ചു.

ഒരു ചെറിയ ആഗ്രഹ മുണ്ടായിരുന്നത് ചൂരല്‍ കൊണ്ടുള്ള കുഷനിട്ടു മനോഹരമാക്കിയ ഒരു ചാരു കസേര വാങ്ങണമെന്നതായിരുന്നു. കസേരയില്‍ ഇരുന്നാല്‍ മുന്നോട്ടും പുറകോട്ടും ആടുകയും ചെയ്യണം . കസേര വാങ്ങി പുതുതായി വാങ്ങിയ എല്‍ സി ഡി ടി വി യുടെ മുന്നില്‍ പത്തടി പുറകോട്ടു മാറ്റിയിട്ടു സീരിയല്‍ കാണുക. ഇടയ്ക്കു പരസ്യം വരുമ്പോള്‍ പത്രം നിവര്‍ത്തി വായിക്കുക , ഇടക്കൊന്നു മയങ്ങുക. പത്രം നന്നായി വായിക്കുന്നതിനു ഒരു എസ്സിലര്‍ കണ്ണാടി ' കേരളീയരെ ആദ്യമായി കണ്ണട ധരിപ്പിച്ചവരില്‍ ' നിന്നു വാങ്ങുകയും ചെയ്തു. പക്ഷെ ഭാഗ്യ ദോഷമെന്നു പറയണം. ചാരു കസേരയില്‍ ഒരിക്കല്‍ പോലും ഇരിക്കാന്‍ കഴിഞ്ഞില്ല. ഈ ബെഞ്ചില്‍ കുത്തിയിരിക്കാനാണ് യോഗം.

കഥകളി പ്രേമം പണ്ട് മുതലേ തനിക്കുണ്ടായിരുന്നു. കഥകളി സംഗീതമറിയില്ലെങ്കിലും സ്കൂളില്‍ വെച്ചു പൂതനയുടെ വേഷം കെട്ടിയിട്ടുണ്ട്. ടൌണിലെ കഥകളി ക്ളബ്ബില്‍ അംഗത്വവുമുണ്ട് ജോലിയുണ്ടായിരുന്ന കാലത്തും ഇപ്പോഴും മാസം തോറുമുള്ള കഥകളി പരിപാടി മുടക്കിയിരുന്നില്ല. ക്ള ബ്‌ സെക്രടറി ദിവാകരന്‍ പോറ്റി നിര്‍ബന്ധിച്ച തു ഒന്നു കൊണ്ടു മാത്രാമാണ് അദ്ദേഹത്തിന്‍റെ മകന്‍ സുനിലിന്റെ ' മഹാബലി' സീരിയലില്‍ മഹാബലിയായി അഭിനയിക്കാമെന്ന് സമ്മതിച്ചത്. " സാറിനെ മഹാബലിയാക്കിയാല്‍ കസറും " അങ്ങനെയാണ് സുനില്‍ പറഞ്ഞത്. ദിവാകരന് നല്ല സമ്പത്തികമുണ്ട് , ഒരു കേന്ദ്ര മന്ത്രിയുടെ മകനും സീരിയലില്‍ പണം മുടക്കുന്നു . സീരിയല്‍ സംപ്രേഷണത്തിനു കിട്ടാന്‍ ചാനലുകാര്‍ പുറകെ നടക്കുകയാണെന്ന് സുനില്‍ .
എന്തോ കാരണത്താല്‍ സീരിയല്‍ ഇടയ്ക്കു ബ്രക്കായി. ഉടന്‍ പുനരാരംബിക്കു മെന്നു ദിവാകരന്‍ . " ബാങ്ക് പണം സമയത്ത് റിലീസ് ചെയ്തില്ല, സംഗീത സംവിധായകനു കൊടുത്ത ചെക്ക് മടങ്ങി, ഉടന്‍ ശരിയാകും " -ദിവാകരന്‍ . പക്ഷെ പോലീസ് സ്റ്റേനിലെ ഈ തടിച്ച വെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. കൂടെ അഞ്ചാറു പേരു കൂടിയുണ്ട്. രണ്ടു പേരുടെ ഷര്‍ട്ട് ഊരിയാണ് നിര്‍ത്തിയിരിക്കുന്നാത്. രിട്ടയേട്‌ പ്രോഫെസര്‍ ആയതു കൊണ്ടാവണം തന്റെ ഷര്‍ട്ട് ഊരാന്‍ പറഞ്ഞില്ല. 'മഹാബലിയില്‍ ' നായികയായി വേഷ മിട്ട പ്ളസ് വണ്‍ ക്ളാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മൊബൈലില്‍ തന്റെയും ചിത്രമുണ്ടാത്രേ ! കുട്ടിക്കു പതിനാറു വയസ്സ് തികയാത്തതിനാല്‍ പരേഡാണ്‌ - അയ്ടെന്റിഫികെഷന്‍ പരേഡ, ഇന്നു ആദ്യ ബാച്ചിന്റെ , ബാക്കി വരും ദിവസങ്ങളില്‍ !

-കെ എ സോളമന്‍

No comments:

Post a Comment