Friday, 23 September 2011
മഴക്കവിത ! - കഥ- കെ എ സോളമന്‍
"വെളിപ്പിനു വിളിക്കും, അപ്പോള്‍ മടി പറയല്ലേ മകനെ " അമ്മ ഇമ്മാനുവേലിനോട് പറഞ്ഞു. .അമ്മ പറഞ്ഞതു കേട്ടെങ്കിലും അവന്‍ കേട്ടതായി ഭാവിച്ചില്ല.
" ഞാന്‍ പറഞ്ഞതു നീ കേട്ടോ ? വെളുപ്പിന് എഴുന്നേറ്റില്ലെങ്കില്‍ അടുപ്പില്‍ തീ പുകയില്ല. " അമ്മ ഇമ്മാനുവേലിനെ ഓര്‍മിപ്പിച്ചു.
പല ദിവസങ്ങളിലും അടുപ്പില്‍ തീ പുകയാതിരുന്നത് ഇമ്മാനുവേലിനു അറിയാം. കഷ്ടപ്പാടു നിറഞ്ഞ ജീവിതം, ഇമ്മാനുവേലിനെ പട്ടിണിക്കിടുന്നത് ഓര്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഉറക്കം വരില്ല.
" കേട്ടമ്മച്ചി, ഇത്തിരി കൂടി ഉറങ്ങട്ടെ, നല്ല തണുപ്പ് . കഴുത്തുവരെ മൂടിയ പഴംതുണി തലകീഴ് വലിച്ചിട്ടു ഇമ്മാനുവേല്‍ ചരിഞ്ഞു കിടന്നു.
മീനു പിടിച്ചു വിറ്റാണ് റേഷനരിയും കപ്പയും വാങ്ങുന്നത്. ചെറു മീനുകളുടെ മണ്ടത്തരം ചൂഷണം ചെയ്തുള്ള ജീവിതം. വെളുപ്പിനെ എഴുന്നേറ്റു വെപ്പു വലയുമായി പോയില്ലെങ്കില്‍ അന്നു പട്ടിണി . പട്ടിണിക്കാര്‍ ഒത്തിരി ഉള്ളതിനാല്‍ കഴുവ പിടിക്കാന്‍ മത്സരമാണ്. പാടവും ഇടതോടും തമ്മില്‍ ബന്ധിക്കുന്ന കഴുവാകള്‍ ചെറു മീനുകളുടെ യാത്ര വഴികള്‍ . ഇവിടങ്ങളില്‍ പൂഴ്ത്തി വെച്ചിരിക്കുന്ന വെപ്പു വലകള്‍ പൊക്കിയാല്‍ ചിലപ്പോള്‍ മീനു കിട്ടും.
ആഴ്ചയില്‍ കിട്ടുന്ന റേഷനരി മൂന്നു ദിവസത്തേക്കു തികയില്ല., അതും പച്ചരി. പുഴു കേറിയതാണെങ്കിലും പച്ചരിചോറിനു ഉണക്കക്കപ്പ പുഴുങ്ങിയതിനേക്കാള്‍ ടേസ്ടുണ്ട് . തൊണ്ട് തല്ലിപ്പിരിച്ചു കിട്ടുന്ന കാശു കൊണ്ട് അമ്മ റേഷനരിവാങ്ങിക്കൊള്ളും. ബാക്കി നാലു ദിവസം ഇരുണ്ടു വെളുക്കാന്‍ ചെറുമീനുകള്‍ കനിയണം. പരല്‍ , പള്ളത്തി പോലുള്ള മീനുകള്‍ മനഷ്യരെ പ്പോലെ യാത്ര പോകും . കഴുകവാകളിലെ വലക്കെണികളും ഇവയുടെ യാത്ര വഴികളാണ്.
മീനുകള്‍ മിക്കപ്പോഴും ഒഴുക്കിനെതിരേയാണ് നീന്തുക . ആഴക്കുറവുള്ള പാടങ്ങളില്‍ നിന്നു ആഴക്കൂടുതലുള്ള തോടുകളിലേക്ക് വെള്ള മൊഴുകും. പാടങ്ങളിലാണ് വെള്ളക്കൂടുതല്‍ എന്നു കരുതി മീനുകള്‍ അവിടേക്ക് നീന്തും. എന്തൊരു മണ്ടത്തരം, മീനുകളും മനുഷ്യരെ പ്പോലെ, അറിയാതെ കെണിയില്‍ ചെന്നു ചാടും . ഒരു പക്ഷെ അവയുടെ നിയോഗമായിരിക്കു മത്. മീനുകളുടെ യാത്ര വഴിയില്‍ വല താഴ്ത്തി ഇമ്മാനുവേലും അമ്മയും കാത്തിരിക്കും. കെണിയറിയാതെ വലയില്‍ കേറുന്ന മീനുകളെ പൊക്കി എടുക്കേണ്ട നേരത്ത് അമ്മ ഇമ്മാനുവേലിനെ വിളിക്കും. മീനുകളെ അമ്മയാണ് വില്‍ക്കുക. ഒരു റാത്തല്‍ ഉണക്കക്കപ്പ വാങ്ങാന്‍ കാശു കിട്ടും.
സമയമളക്കുന്ന ഉപകരണം ഇല്ലത്തിതിനാല്‍ പെരിമീനാണ് അമ്മയുടെ സമയ യന്ത്രം. മണി നാലു കഴിയുമ്പോള്‍ പെരിമീനുദിക്കും. ഏഴു വെളുപ്പെന്നു എന്നു അമ്മ പറയും. മഴക്കാലത്ത് പക്ഷെ പെരിമ്മീന്‍ മറഞ്ഞു നിന്നു അമ്മയെ പറ്റിക്കും, അമ്മയ്ക്ക് സമയവും തെറ്റും. നാലുമണിക്കെത്തേണ്ട കഴുവായ്ക്കല്‍ രാത്രി ഒരു മണിക്കെത്തിയെന്നിരിക്കും. ഉടന്‍ നേരം വെളുക്കുമെന്ന് വിചാരിച്ചു ഇമ്മാനുവേലും അമ്മയും കാത്തിരിക്കും. ഇമ്മാനുവേലിന്റെ കണ്ണുകള്‍ താനേ അടഞ്ഞു പോകും, അമ്മയ്ക്ക് പക്ഷെ ഉറങ്ങാന്‍ കഴിയില്ല. കഴുത്തറ്റം വെള്ളത്തില്‍ താഴ്ന്നിറങ്ങി അമ്മ വലകുത്തുമ്പോള്‍ ഇമ്മാനുവേലിന്റെ കണ്ണു നിറയും .
വേഗത്തില്‍ പായുന്ന മീനുകളെ കണ്ടെടുക്കാന്‍ പലപ്പോഴും ഇമ്മാനുവേലിനു കഴിഞ്ഞിരുന്നില്ല. അമ്മ പറയുമ്പോള്‍ വലപൊക്കാന്‍ സഹായിക്കും, മിക്കപ്പോഴും പഴ്വേലയാകുന്ന കൃത്യം. മീനുകള്‍ ഓടി വരും എന്നു വിചാരിച്ചു കൊണ്ടിരുന്നാല്‍ അങ്ങനയേ തോന്നു, അതുകൊണ്ടാണി പാഴ്വേല . ചിലപ്പോള്‍ ശ്രമം ഫലിചചെന്നുമിരിക്കും വലയില്‍ ചാടുന്ന വെള്ളിനിറമുളള കുഞ്ഞുമത്സ്യങ്ങള്‍ വര്‍ണക്കുട വിടര്‍ത്തുന്നത് ഇമ്മാനുവേലിന്റെയും അമ്മയുടെയും മനസ്സുകളില്‍ .
മഴയുള്ളപ്പോള്‍ വലവിരിച്ചു കാത്തിരുന്നാല്‍ ഒന്നും കിട്ടില്ല. ഒരു തുള്ളി ഒരു കുടമായി വീണാല്‍ മീനുകളെ കാണുന്നതെങ്ങനെ ? അമ്മ മഴയെ പഴിക്കും, പഴി കേട്ടു കേട്ടു ,ഇമ്മാനുവേലിനും ശീലമായി. "എന്തൊരു നശിച്ച മഴ " അവന്‍ അമ്മയോടപ്പം ചേര്‍ന്ന് പറഞ്ഞു. മഴയുണ്ടെങ്കില്‍ മീന്‍ കിട്ടില്ല , അടുപ്പില്‍ തീയും പുകയില്ല.
വെളുപ്പിന് അമ്മ ഇമ്മനുവേലിനെ വിളിച്ചു. " വാ മകനെ പോവാം ". പാതി മനസ്സോടെ യാണ് ഇമ്മാനുവേല്‍ പായ് വിട്ടെഴുന്നേറ്റത് . മണി എത്രയായി, ഒരു നിശ്ചയവുമില്ല . പെരിമീനുദിച്ചു വെന്നു അമ്മ, രാത്രി കണ്ണടച്ച് അല്‍പ നേരം കിടന്ന ഓര്‍മ്മ മാത്രമേ ഇമ്മനുവേലിനുള്ളൂ. ഇത്ര പെട്ടെന്ന് നേരം വെളുത്തോ ?
മറ്റാരും എത്തിപ്പെടും മുമ്പ് അമ്മയും ഇമ്മാനുവേലും കഴുവായ്ക്കല്‍ എത്തി. മനുഷ്യര്‍ക്കെല്ലാം ഉറക്കം അനിവാര്യമായത് കൊണ്ടു മറ്റു പട്ടിണിക്കാരും കരുതും, അല്‍പ നേരം കൂടി ഉറങ്ങിക്കളയാമെന്ന് . കനത്ത മഴ , കാറ്റും . കമ്പിയൊടിഞ്ഞ ഒരു കുടയ്ക്ക് കീഴെ ഇമ്മാനുവേല്‍ കൂനിക്കൂടിയിരുന്നു. അമ്മ തലയില്‍ ഒരു തോര്‍ത്തു മുണ്ടു ചുറ്റിയിട്ടുണ്ട്. കഴുത്തു മുട്ടെ വെള്ളത്തില്‍ ഇറങ്ങി വല താഴ്ത്തുകയും വലിച്ചു കയറ്റുകയും ചെയ്യുമ്പോള്‍ തോര്‍ത്താണ് സൗകര്യം. ഇനി കുട പിടിക്കാമെന്നു വിചാരിച്ചാല്‍ വേറെ കുടയില്ല.
പാളിവക സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്ഥിയാണു ഇമ്മാനുവേല്‍ . മലയാള ഭാഷ പഠിപ്പിക്കുന്ന കാര്തിയായനി ടീച്ചറെ അവനു വളരെ ഇഷ്ടം . ടീച്ചര്‍ നല്ല നല്ല കഥകള്‍ പറയും , കവിത എഴുതും, കളാസില്‍ ഈണത്തില്‍ പാടും . ടീച്ചര്‍ കവിത ചൊല്ലാന്‍ തുടങ്ങിയാല്‍ അടുത്ത ക്ളാസിലെ കുട്ടികള്‍ പോലും നിശബ്ദരായി കേട്ടു കൊണ്ടിരിക്കും. ടീച്ചറിനു ഇമ്മാനുവേലിനെ വളരെ കാര്യമാണ്. സാരി യുടുത്തു വന്നാല്‍ തന്റെ അമ്മയും ടീച്ചറെ പോലിരിക്കും. "ഇമ്മാനുവേല്‍എന്ന് വെച്ചാല്‍ ദൈവത്തിന്റെ പുത്രന്‍ " പേരിന്റെ അര്‍ഥം ടീച്ചറാണ് ഒരിക്കല്‍ പറഞ്ഞു തന്നത്. അതു ശരിയാണ് , താന്‍ ദൈവത്തിന്റെ പുത്രനാണെന്ന കഥ അമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ്. കുഞ്ഞായിരിക്കുമ്പോള്‍ ജ്ഞാനസ്നാന പിതാവില്ലാതെ വിഷമിച്ചനേരം കപ്യാര്‍ മത്തായി സാറാണ് ആ നിയോഗം ഏറ്റെടുത്തത്. പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും കപ്യാരാണ് ജ്ഞാനസ്നാന പിതാവ്! " അന്ന് മത്തായി സാറിന്റെ മുഖം ദൈവത്തിന്റെ മുഖംപോലെയായിരുന്നു നിനക്കു മാലഖക്കുഞ്ഞിന്റെ മുഖവും" അമ്മ പറഞ്ഞതു ഇമ്മാനുവേല്‍ ഓര്‍ത്തു.
കനത്ത മഴ മൂലം അന്ന് ഇമ്മാനുവേലിനും അമ്മയ്ക്കും വലയില്‍ തടഞ്ഞത് കടുത്ത നിരാശ. അമ്മ മഴയെ പഴിച്ചു. തലേ ദിവസം ബാക്കി വെച്ചിരുന്ന രണ്ടു കഷണം ഉണക്കക്കപ്പ പുഴുങ്ങിയത് കഴിച്ചാണ് ഇമ്മാനുവേല്‍ സ്കൂളില്‍ പോയത് . ബാക്കി വന്നത് പിറ്റേ ദിവസത്തേക്കു കാത്തു വെച്ചതല്ല, ഇമ്മാനുവേലിനു വേണ്ടി അമ്മ കരുതി വെച്ചതാണ്, സ്കൂളില്‍ പോകുന്ന കുട്ടിയല്ലേ?
അന്നും കാര്തിയായനി ടീച്ചറിന്റെ ഭാഷ ക്ളാസ് ഉണ്ടായിരുന്നു . സ്വന്തം കവിത ടീച്ചര്‍ ഈണത്തില്‍ പാടി. നിശബ്ദമായി കുട്ടികള്‍ ആ കവിത കേട്ടു കൊണ്ടിരുന്നു. ഇമ്മാനുവേലിനു ടീച്ചറിന്റെ മുഖത്തേക്കു നോക്കാന്‍ തോന്നിയില്ല, അവനു വലിയ വിഷമം തോന്നി . മഴയെ വര്‍ണിച്ചു കൊണ്ടുള്ള കവിതയാണ് ടീച്ചര്‍ ചൊല്ലിയത്. മഴ അവന്റെ മനസ്സില്‍ കൊടിയ വിശപ്പിന്റെ നിഴല്‍ രൂപം പൂണ്ടു നില്കുകയായിരുന്നു അപ്പോള്‍ .
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
valare hridhyamayittundu...... bhavukangal........
ReplyDeleteThank you Mr Jayaraj for joining. With regards.
ReplyDelete-K A Solaman