Thursday 22 September 2011

ഗാന്ധിസത്തിന്റെ പ്രസക്തി



















ഗാന്ധിസം എന്നത് 

അഹിംസ, സത്യാഗ്രഹം, ഗ്രാമസ്വരാജ്‌, സർവോദയം,സര്‍വോപരി മനുഷ്യസ്നേഹം തുടങ്ങിയ ഗാന്ധിജി പ്രചരിപ്പിച്ച രാഷ്ട്രീയവും സാമൂഹികവുമായ തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ദർശനം. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് അറുപത്തിമൂന്നു വയസ്സു തികഞ്ഞ സാഹചര്യത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി ഏറെയാണെന്ന് ആദ്യമേ പറയട്ടെ. ഈ പ്രസക്തി മനുഷ്യബന്ധങ്ങളില്‍ , പ്രകൃതിയോടുള്ള സമീപനത്തില്‍ , ഉല്‍പാദനത്തിമാതൃകയില്‍ എല്ലാം കാണാം.

അഹിംസ,
ഗാന്ധിസത്തിന്റെ ശക്തി അഹിംസയാണ്. ബലപ്രയോഗമോ, ലാത്തിചാര്‍ജോ , വെടിവേയ്പോ അഹിംസ യില്‍ ഇല്ല. ബലപ്രയോഗമാണ് ഇന്നത്തെ സാമൂഹ്യരീതി. വ്യക്തികളും ഗ്രൂപ്പുകളും നീങ്ങുന്നത് അതിലേക്കാണ്. ഇന്ത്യന്‍ സമൂഹത്തില്‍ സാമ്പത്തികമായി, സാംസ്കാരികമായി, സാമൂഹ്യമായി ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയ്ക്കാണ് അഹിംസയെ ഗാന്ധിജി മുന്നോട്ടുവെച്ചത്. ആദര്‍ശം കൊണ്ടു മാത്രം സമാധാനമോ ഹിംസയില്ലാത്ത സ്ഥിതിയോ ഉണ്ടായിക്കൊള്ളണമെന്നില്ല. മാനവികതയ്ക്ക് ഗാന്ധി പ്രാധാന്യം നല്‍കിയിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. സമുദായ മൈത്രിക്കായി ജീവിക്കുകയും മരിക്കുകയും ചെയ്ത മനുഷ്യന്‍ .സാമൂഹ്യമൈത്രി എന്നത് സംഭവിച്ചില്ലങ്കില്‍ അതിനു കാരണം മതേതര അവബോധ മില്ലാത്തതാകണം. മതേതര അവബോധത്തിന് മുന്‍കൈയുണ്ടെങ്കില്‍ മാത്രമേ സമുദായ മൈത്രി ഉണ്ടാകൂ.

സത്യാഗ്രഹം

അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെ ആദ്യകാലങ്ങളിലും ഗാന്ധിജി ഈ സമരമുറ ഉപയോഗിക്കുകയുണ്ടായി.ഏതു തരത്തിലുള്ള പീഡനത്തെയും അടിച്ചമർത്തലിനെയും നേരിടാൻ തയ്യാറാകുന്ന സത്യാഗ്രഹി സ്വായത്തമാക്കിയിരിക്കുന്നത് ആത്മനിഷ്ഠമായ ശക്തിയാണ്. 1906 സെപ്റ്റംബർ 11- ന് ജോഹന്നാസ് ബർഗിൽ ചേർന്ന യോഗത്തിൽ വെച്ചാണ്‌ ഗാന്ധിജിയുടെ പ്രക്ഷോഭ സമരങ്ങൾക്ക് സത്യാഗ്രഹം എന്ന പേർ നൽകുന്നത്. നല്ലകാര്യത്തിനുവേണ്ടി ഉറച്ചു നിൽക്കുക എന്ന് അർത്ഥം വരുന്ന ' സദാഗ്രഹ ' എന്ന പേര്‌ മദൻലാൽ ഗാന്ധി നിർദ്ദേശിച്ചപ്പോൾ അതു ഗാന്ധിജി സത്യാഗ്രഹം എന്നു ഭേദഗതി ചെയ്യുകയായിരുന്നു. ലോകമെമ്പാടുമുള്ള വീര സമരനായകർക്ക് പ്രചോദനമാകാൻ ഈ സമരരീതിക്ക് കഴിഞ്ഞു. അമേരിക്കയിലെ പൗരാവകാശ സമരങ്ങളിൽ സത്യാഗ്രഹ സമരമുറ സ്വീകരിച്ച മാർട്ടിൻ ലൂഥർ കിംഗ് തന്നെ ഇതിന്‌ മികച്ച ഉദാഹരണം. രാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ സത്യാഗ്രഹത്തെ വളർത്തിയെടുക്കാനാണ്‌ ഗാന്ധിജി വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി സത്യാഗ്രഹം പഠിപ്പിക്കുന്നതിനായി അദ്ദേഹം സബർമതി ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സത്യാഗ്രഹികൾ പ്രധാനമായും 11 തത്ത്വങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിഷ്കർഷിച്ചു.

സത്യാഗ്രഹം എന്ന സമരായുധം അദ്ദേഹത്തിനു തടികുറക്കാനുള്ള ഒരു ഉപാധി ആയിരുന്നില്ല. ഇന്ന് രാഷ്ട്രീയ നേതാക്കള്‍ തൊട്ടു, സഭാപിതാക്കന്മാര്‍ വരെസത്യാഗ്രഹം എന്ന ആയുധം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നു. വടക്കേ ഇന്തിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഇവിടെ ഇടുക്കിയിലും സംഭവിക്കുന്ന ഭൂമി കുലുക്കങ്ങള്‍ ഈ നിരാഹാര സമത്തിന്റെ അനന്തര ഫലങ്ങള്‍ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഗ്രാമസ്വരാജ്
ഗ്രാമങ്ങൾക്കുസ്വയംഭരണവും ഗ്രാമീണർക്കു ഭരണകാര്യങ്ങളിൽ നിർണായകമായ സ്വാധീനവുമുള്ള ഒരു ഭരണ വ്യവസ്ഥ. ഗാന്ധിജി പ്രാധാന്യം കല്പിച്ചത് 'ഗ്രാമതലത്തിലെ സ്വമേധയായുള്ള സഹകരണത്തിനാണ്'. ആദര്‍ശപരമായ ആ വ്യവസ്ഥിതിയില്‍ രാഷ്ട്രീയാധികാരം എന്നൊന്നില്ല. ഓരോരുത്തനും അവനവന്റെ ഭരണകര്‍ത്താവാണ്. ഗാന്ധിജി ഈ വാദത്തെ തത്ത്വത്തില്‍ അനുകൂലിച്ചിരുന്നു. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം സിദ്ധാന്തവത്കരണത്തിനു മുതിര്‍ന്നിട്ടില്ല.

സർവോദയം

ആദർശാത്മകമായ ഒരു ജീവിതം നയിക്കുന്നതിനും ധാർമികമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ സന്നദ്ധരാക്കുന്നതാണ്‌ സർവോദയം.

മനുഷ്യസ്നേഹം

ഗാന്ധിസത്തിന്റെ ശക്തി അഹിംസഎങ്കില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ അടിത്തറ മനുഷ്യസ്നേഹം ആണ്. എല്ലാമതങ്ങളും പഠിപ്പിക്കുന്നത്‌ മനുഷ്യസ്നേഹം ആണ്. വര്‍ഗീയതയുടെയും ആഗോളവല്‍ക്കരണത്തിന്റെയും കെടുതികള്‍ മറികടക്കാന്‍ മനുഷ്യ സ്നേഹത്തിനെ കഴിയു. മനുഷ്യസ്നേഹ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ആരെങ്കിലും സ്വാധീനം സൃഷ്ടിക്കുമ്പോള്‍ അത് വര്‍ഗീയത പരത്തുകയാണെന്ന വാദം നിരര്‍ഥകം.സഹജീവികളെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ മനുഷ്യസ്നേഹം.
സ്വാര്‍ത്ഥത നിറഞ്ഞ ലോകത്തില്‍ നമ്മെപോലെ മറ്റുള്ളവര്‍ക്കും ജീവിക്കുവാനും വളരുവാനും പ്രവര്‍ത്തിക്കുവാനുമൊക്കെയുള്ള അവകാശമുണ്ടെന്ന്‌ മനസ്സിലാക്കി മറ്റുള്ളവരുടെ ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്‌ പ്രസ്ഥാനങ്ങളുടെ പ്രസക്തിയേറുന്നത്‌. അപരന്റെ പ്രയാസങ്ങളില്‍ അവന്‌ സാന്ത്വനമേകുവാനും അതില്‍ പങ്കുചേര്‍ന്ന്‌ അവനെ ഐശ്വര്യത്തിലേക്ക്‌ നയിക്കുവാനും കഴിയണം.

ഹിന്ദുമതം സഹിഷ്ണുതഉള്ള മതം

സഹിഷ്ണുത ഇല്ലാത്ത ഒരു മതം ആണ് ഹിന്ദു മതം എന്നാ വാദത്തോട് യോജിക്കാനാവില്ല. ഹിന്ദുമതം മറ്റെല്ലാ മതസ്ഥരെയും ഉള്‍ക്കൊണ്ടിട്ടുണ്ട് . സമുദായ മൈത്രിക്കു വേണ്ടിയാണ് ഗാന്ധിജി പ്രവര്‍ത്തിച്ചത്. സമുദായമൈത്രി സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയുണ്ടായി എന്നാ വാദവും ശരിയല്ല. മതേതരത്വത്തിന് ഗാന്ധി അത്രതന്നെ ഊന്നല്‍ നല്‍കിയിരുന്നു. ചെറുകിട വ്യവസായസംരംഭങ്ങളാണ് ഉണ്ടാകേണ്ടതെന്ന് ഗാന്ധി പറഞ്ഞത് ശരിവെയ്ക്കുന്നതാണ് ഇന്ന് ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ പാവപ്പെട്ടവന്റെ ജീവിതം.

അണ്ണാ ഹസാരെ സമരം

ഗാന്ധിസം ഇന്നും പ്രസക്തമാണെന്നു അന്ന ഹസാര തെളിയിച്ചു കഴിഞ്ഞു. ഏതാനും ദിവസത്തെ സത്യഗ്രഹ സമരം കൊണ്ട് കൊണ്ട് രാജ്യത്തെ ജനങ്ങളെ മൊത്തം ഇളക്കി മറിക്കാന്‍ ഈ 72 കാരന് എങ്ങനെ കഴിഞ്ഞു? ഒരൊറ്റ ദിവസം കൊണ്ട് അഴിമതി തുടച്ചു മാറ്റാം എന്ന് ആരും കരുതുന്നില്ല , പക്ഷെ ഈ തരത്തില്‍ ഉള്ള ജനമുന്നേറ്റം ഭരണാധികാരികളെ ഒന്നിരിത്തി ചിന്തിപ്പിച്ചു എന്നുറപ്പ്. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു , സത്യവും നീതിയും നന്മയും ആയിട്ടുള്ള ഒരു കാര്യത്തിനു പിന്തുണ നല്‍കാന്‍ കൂടുതല്‍ ആലോചികേണ്ടി വരുന്നില്ല. അഴിമതിവിരുദ്ധം എന്നത് കൊണ്ട് മാത്രം എല്ലാവരും അതിനെ പിന്തുണയ്ക്കുന്നു

പ്രകോപനപരമായ മുദ്രാവാക്യങ്ങളോ വര്‍ഗിയ വികാരം ഉണര്‍ത്തുന്ന പ്രസംഗളോ ഒന്നും ഇല്ലാത്ത ഒരു സമരം, രാഷ്ട്രിയപാര്‍ട്ടികളെ തീര്‍ത്തും മാറ്റിനിര്‍ത്തി കൊണ്ട് സാധാരണ ജനങ്ങള്‍ ഏറ്റെടുത്ത സമരം, ഇങ്ങനെ ഒരു ജനമുന്നേറ്റം സ്വാതന്ത്രത്തിനു ശേഷം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പക്ഷെ ഈ ഒരു സമരരീതി ഏതോ ഒരു പ്രത്യേക ഊര്‍ജ്ജം എല്ലാവരിലേക്കും പകരുന്നു. ഈ രീതിയില്‍ ഉള്ള ഗാന്ധിയന്‍ സമരമാര്‍ഗം, അക്രമസമരത്തിനെകാളും ഘോര ഘോര പ്രസംഗത്തിനെകാളും ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിഞ്ഞു .

ലോകത്തെ മറ്റേതു രാജ്യത്തെകാളും ഇന്ത്യയുടെ ശക്തി എന്ന് പറയുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ അതിന്റെ ജനാതിപത്യവും ഈ രീതിയില്‍ നമ്മെ മുന്നോട്ടു നയിക്കാന്‍ കഴിവുള്ള നേതാക്കന്മാരും, അത് നന്നായി മനസിലാക്കാന്‍ കഴിവുള്ള ജനങ്ങളും ആണ് ഇതു തന്നെയാണ് ഗാന്ധിസത്തിന്റെ പ്രസക്തി.

Discussion

1 ഗാന്ധിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന വാദത്തോട് യോജിക്കാന്‍ കഴിയുമോ ?
2 ഇന്ത്യന്‍ സമൂഹത്തില്‍ സാമൂഹ്യ വ്യത്യാസങ്ങള്‍ മറികടക്കാന്‍ ഒരു ആദര്‍ശം എന്ന നിലയില്‍ അഹിംസയ്ക്ക് സാധിക്കുമോ ?
3 സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കര്‍മപദ്ധതിയുടെ കേന്ദ്രബിന്ദു. .യോജിക്കാമോ ?
4 സത്യാഗ്രഹം എന്ന സമരായുധം ചിലര്‍ തടികുറക്കാനുള്ള ഉപാധി ആക്കുന്നതിനോട് എന്തു തോന്നുന്നു ?
5 എല്ലാമതങ്ങളും പഠിപ്പിക്കുന്നത്‌ മനുഷ്യസ്നേഹം ആണ്. യോജിക്കാന്‍ കഴിയുമോ ?
6 ആഗോളവല്‍ക്കരണം ദുരിതത്തിലാഴ്ത്തിയ പാവപ്പെട്ടവന്റെ ജീവിതത്തെ ക്കുറിച്ച് എന്തു തോന്നുന്നു ?
7 ഗാന്ധി മാര്‍ഗത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാതിപത്യന്റെ ഭാവി എന്ത് ?

-കെ എ സോളമന്‍

No comments:

Post a Comment