Saturday 13 October 2012

വിരമിക്കല്‍ പ്രായം ഉയര്‍ത്തും; ആദ്യം കോളേജ് അധ്യാപകര്‍ക്ക്


തൊടുപുഴ: അടുത്ത വര്‍ഷത്തോടെ സംസ്ഥാന ജീവനക്കാരുടെ വിരമിക്കല്‍പ്രായം 58 ആയി ഉയര്‍ത്തും. ഇതുസംബന്ധിച്ച് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമായി. പുറത്തുനിന്ന് എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം കോളേജ് അധ്യാപകര്‍ക്ക് യു.ജി.സി. പാക്കേജിന്റെ മറവില്‍ വിരമിക്കല്‍ പ്രായം 60 ആക്കാനാണ് നീക്കം. പിന്നീട് സംസ്ഥാന ജീവനക്കാരുടേത് 58ഉം ക്രമേണ 60ഉം ആക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

യു.ജി.സി. പ്രകാരം സര്‍വകലാശാലാ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആണ്. കേരളത്തില്‍ 60 ഉം. കോളേജ് അധ്യാപകരാകട്ടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ 56-ാം വയസ്സില്‍ ഇവിടെ വിരമിക്കണം. മറ്റു പല സംസ്ഥാനത്തും ഇത് ഇതിനേക്കാള്‍ ഉയര്‍ന്നതാണ്. ഇത് വിവേചനമാണെന്ന വാദമാണ് കോളേജ് അധ്യാപക സംഘടനകള്‍ ഉന്നയിക്കുന്നത്. ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുമുണ്ട്.

വിരമിക്കല്‍പ്രായം നയപരമായ തീരുമാനമാണെന്നതിനാല്‍ കോടതി ഇടപെടാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഉടന്‍ 'പാക്കേജ്' നടപ്പാക്കും. പാക്കേജ് നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് (എം) അനുകൂല അധ്യാപക സംഘടനയുടെ യോഗത്തില്‍ ധനമന്ത്രി കെ.എം.മാണി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കേജുകൊണ്ട് വിരമിക്കല്‍പ്രായത്തിലെ വര്‍ധനയേ നടപ്പാക്കൂ. സര്‍വകലാശാലാ അധ്യാപകര്‍ക്ക് തുല്യമായ എല്ലാ യോഗ്യതയും കോളേജ് അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്താനാവില്ല. സര്‍വകലാശാലകളില്‍ 99 ശതമാനം അധ്യാപകരും പി.എച്ച്.ഡി. യോഗ്യതയുള്ളവരാണ്. ദേശീയ/അന്തര്‍ദേശീയ സെമിനാറുകളിലെ പ്രബന്ധാവതരണം, പ്രമുഖ അക്കാദമിക് ജേര്‍ണലുകളില്‍ പേപ്പര്‍ പ്രസിദ്ധീകരണം എന്നീ യോഗ്യതകളും അവര്‍ക്കുണ്ട്. കോളേജ് അധ്യാപകരില്‍ ഈ യോഗ്യതയുള്ളവര്‍ തീരെ കുറവാണ്.

സര്‍വകലാശാലാ അധ്യാപകരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ തങ്ങളുടേതും 65 ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുമെന്ന നിലപാടിലാണ് സര്‍വകലാശാലകളിലെ അധ്യാപക സംഘടനകള്‍.

യു.ജി.സി.തന്നെ അധ്യാപകരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്തിയതിന് പറഞ്ഞ കാരണം നെറ്റ് യോഗ്യതയുള്ളവര്‍ പല സംസ്ഥാനത്തും ഇല്ല എന്നതാണ്. കേരളത്തിലാകട്ടെ, മിക്ക വിഷയങ്ങളിലും 'നെറ്റ്' യോഗ്യതയുള്ളവരുണ്ട്. അങ്ങനെയായിരിക്കെ, ഇവിടെ വിരമിക്കല്‍പ്രായം ഉയര്‍ത്തണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

കമന്‍റ്: അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍ ആനുകൂല്യം പിടിച്ചുവെച്ചു ഭരണം മുന്നോട്ട് കൊണ്ടുപോകാനാണ് പ്ളാന്‍ എന്നു തെളിച്ചു പറഞ്ഞാല്‍ പോരേ? അദ്ധ്യാപകരും ജീവനക്കാരും ഒരു കാര്യം തിരിച്ചറിയുന്നതു നന്ന്, ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ തന്നെ തുടര്‍ന്നിരുന്നു നരകിച്ചു പിരിയാമ്,  നിങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യം ഒരിയ്ക്കലും കിട്ടാന്‍ പോണില്ല. അതോടൊപ്പം യുവജന സംഘടനകള്‍ പിരിച്ചുവിടുന്നതും നന്ന്.  തൊഴിലില്ലാത്ത യുവാക്കളുടെ കാര്യം തിരക്കാനല്ലെങ്കില്‍ എന്തിനാണിവ? 
-കെ എ സോളമന്‍ 

No comments:

Post a Comment