Wednesday 31 October 2012

ദൈവം' തരും; 'സ്‌പെഷല്‍ മത്തി'





ദൈവത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. ദേശീയപാതയോരത്ത് പാതിരപ്പള്ളിയിലെ 'ദൈവം' ഹോട്ടലിന്റെ ഉടമകളായ കാര്‍ത്തികേയന്റെയും സന്നകുമാറിന്റെയും പ്രവര്‍ത്തനലക്ഷ്യമാണിത്. വിലയേറിയ മുന്തിയ ഇനം വിഭവങ്ങള്‍ ഇവിടെ കിട്ടില്ല. സാധരണക്കാരും സമ്പന്നരും ഒരുപോലെ ഇഷ്ടപ്പെടുന്ന 'നാടന്‍ മത്തി' യാണ് ഇവിടത്തെ പ്രധാന വിഭവം.

ഓമനപ്പുഴ ദൈവത്തിങ്കല്‍ പരേതനായ കൃഷ്ണന്റെ ഭാര്യ പരേതയായ തങ്കമ്മ 70 വര്‍ഷം മുന്‍പാണ് ഈ ഹോട്ടല്‍ തുടങ്ങിയത്. കൃഷ്ണന്റെ ചെല്ലപ്പേരാണ് 'ദൈവം'. അതിനാലാണ് ഹോട്ടലിനും ഈ പേരിട്ടത്. ഹോട്ടലിന്റെ എതിര്‍വശം ബോംബെ കമ്പനി എന്ന പ്രമുഖ കയര്‍ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു. ഇവിടത്തെ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനാണ് തങ്കമ്മ ഓലമേഞ്ഞ കട തുടങ്ങിയത്.

30 രൂപയാണ് ഇപ്പോള്‍ ഊണിന്റെ വില. മത്തി വറുത്തത് കൂട്ടിയായാല്‍ 40 രൂപ. ദിവസവും 250 മുതല്‍ 400 പേര്‍വരെ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തുന്നുണ്ട്. പാതിരപ്പള്ളിയിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ് പ്രധാന ഉപഭോക്താക്കള്‍. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും ഇവിടെ വണ്ടി ചവിട്ടും. രാത്രിഭക്ഷണം സ്ഥിരം ചില ആളുകള്‍ക്ക് മാത്രം. അല്ലെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം. ഞായറാഴ്ച 'ദൈവ'ത്തിന് അവധിയാണ്.
പാചകക്കാര്‍ സ്ത്രികളാണ്. കാര്‍ത്തികേയന്റെ ഭാര്യ ചന്ദ്രിക, സന്നകുമാറിന്റെ ഭാര്യ സവിത, സഹോദരി അംബിക, അയല്‍വാസി സുകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പാചകം. പായ്ക്കറ്റില്‍ വരുന്ന ഉത്പന്നങ്ങളൊന്നും വാങ്ങില്ല. കൊപ്ര ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചണ്ണയിലാണ് പാചകം. മുളകും മല്ലിയുമൊക്കെ വാങ്ങി ഉണക്കിപ്പൊടിച്ചെടുക്കും. വീടിനോട് ചേര്‍ന്നാണ് ഹോട്ടല്‍. പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയില്‍ ചിത്രീകരണം നടന്ന നാളുകളില്‍ സിനിമാക്കാരും ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പൂര്‍വകാല സ്മരണകളുമായി നടന്‍ ശ്രീനിവാസന്‍ ഇപ്പോഴും എത്തുന്നുണ്ട്. ജി.സുധാകരന്‍, ഡോ. തോമസ് ഐസക് എന്നീ എം.എല്‍.എ.മാരും മിക്കവാറും ഇവിടത്തെ പതിവുകാര്‍. ഫോണ്‍: 0477 2259240, 9747168066.

Comment: ഡോ. തോമസ് ഐസക്ക് പതിവുകാരനെന്ന് പറഞ്ഞതു സമ്മ്തിച്ചു, പക്ഷേ ജി . സുധാകരന്‍ പതിവുകാരനാകാന്‍ സാധ്യത ഇല്ല. അദ്ദേഹത്തിന്  വെച്ചു വേവിച്ചു കൊടുക്കാന്‍ കോളേജ് പ്രൊഫസ്സറായ ഭാര്യ വീട്ടിലുണ്ട്.
അതിരിക്കട്ടെ 40 രൂപവെച്ചു 400 ഊണിന് വിറ്റുവരവ്  ദിവസം 16000രൂപ. ഇന്‍കംടാക്സ് , സെയില്‍ ടക്സ്, അഡീഷണല്‍ ടാക്സ്- ഇങ്ങനെ വല്ലതും   'ദൈവം' അടക്കുന്നുണ്ടോ? 
-കെ എ സോളമന്‍ 

No comments:

Post a Comment