Saturday, 18 December 2010

കേരള നൗക്രി ഡോട്ട്‌ കോം!

കേരള നൗക്രി ഡോട്ട്‌ കോം!

കെ.എ. സോളമന്‍

Janmabhumi Posted On: Wed, 15 Dec 2010 21:04:24

"ആള്‍മാറാട്ടം എന്നെ അസ്വസ്ഥനാക്കുന്നു, അച്ഛാ" ലിറ്റില്‍ ഷേണായി അച്ഛനോട്‌.

"സാരമില്ല. നീ വല്ല ആള്‍മാറാട്ടത്തിലും കുടുങ്ങിയോ?"

"അതെങ്ങനെ? പെന്‍ഷന്‍ കിട്ടിയ തുക മുഴുവന്‍ ഷെയറിലിട്ട്‌ അച്ഛന്‍ ആധിപിടിച്ചു നടക്കയല്ലേ? ഒരു ഏഴുലക്ഷം ആ ജെപിക്കു കൊടുത്തിരുന്നെങ്കില്‍ഞ്ഞാന്‍ രക്ഷപ്പെടുമായിരുന്നു."

"രക്ഷപ്പെട്ടവന്റെ അവസ്ഥയല്ലേ ഇപ്പോ കണ്ടത്‌. ശരിയാണ്‌, ഒരുതരത്തില്‍ രക്ഷതന്നെ.

രണ്ടുദിവസം ചപ്പാത്തിയും മട്ടണും, 2 ദിവസം മീന്‍ കറിയും ചോറും, ബാക്കി മൂന്ന്‌ ദിവസം വിവിധതരം ഭക്ഷണം. സദാസമയവും ചാനല്‍. ഈ വക സൗകര്യം ജയിലല്ലാതെ പുറമെ കിട്ടുമോ?

'പിന്നെ, നിന്റെ അസ്വസ്ഥതക്ക്‌ കാരണം.

നീ ആള്‍മാറാട്ടത്തിന്‌ പോകാതിരുന്നാല്‍ മതി.

ആള്‍മാറാട്ടം അത്രവലിയ കുഴപ്പമുള്ള കാര്യമല്ല.

ആള്‍മാറാട്ടം നടത്തി വോട്ടുചെയ്താല്‍

അതു പാര്‍ട്ടിക്കൂറ്‌ എന്ന്‌ കരുതുന്ന നാട്ടില്‍

അതുകൊണ്ടെന്തുകുഴപ്പം? ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്ന തത്വം പാര്‍ട്ടിക്കാര്‍ക്ക്‌ മാത്രമല്ല, വ്യക്തികള്‍ക്കും ബാധകം."

"സമസ്ത മേഖലകളിലും ദൈവത്തിന്റെ സ്വന്തം നാടിന്‌ ഒന്നാം സ്ഥാനം വേണം. സമ്പൂര്‍ണ സാക്ഷരതയില്‍ നാം ഒന്നാം സ്ഥാനത്താണ്‌. പത്താംതരം വിദ്യാര്‍ത്ഥികളെ പാസാക്കുന്ന കാര്യത്തില്‍ നാം ഒന്നാം സ്ഥാനത്തുതന്നെ. ഇ-ലിറ്ററസിയില്‍ നമുക്ക്‌ പിന്നിലാണ്‌ മേറ്റ്ല്ലാ സംസ്ഥാനങ്ങളും. ഏറ്റവുമധികം ആളുകള്‍ വിദേശത്ത്‌ ജോലി ചെയ്യുന്നത്‌ നമ്മുടെ സംസ്ഥാനത്തുനിന്ന്‌.

സ്ത്രീകളുടെ എണ്ണത്തിലും, മുന്നേറ്റത്തിലും നാം തന്നെ മുന്നില്‍. നാടന്‍ ബോംബ്‌ നിര്‍മാണത്തില്‍ ഒന്നാമത്‌ ആരാണ്‌. ബോംബ്‌ ടെക്നോളജി നമ്മുടെ സംസ്ഥാനത്തുനിന്നാണ്‌ പുറത്തേക്ക്‌ കടത്തിയത്‌. അപ്പോള്‍ പിന്നെ ആള്‍മാറാട്ടത്തിന്റെ കാര്യത്തില്‍ മാത്രം നാം പുറകോട്ടു പോകുന്നതെങ്ങിനെ.' "നീ ആ മണിക്കുട്ടന്റെ കാര്യം തന്നെയെടുക്ക്‌, അവന്‍ കോളേജില്‍ പോയിട്ടില്ല. കെ.ആര്‍. നൃത്താലയത്തില്‍ പോയി നാടോടി നൃത്തം പഠിച്ചിട്ടുണ്ട്‌. ഈയിടെ നടത്തിയ യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ നാടോടി നൃത്തത്തില്‍ അവനായിരുന്നു ഒന്നാം സ്ഥാനം. പക്ഷേ അവന്റെ പേര്‌ പത്രത്തില്‍ വന്നില്ല. സമ്മാനം അവന്‌ കാഷായി കൊടുക്കുകയായിരുന്നു. ഒരു കളിക്ക്‌ 1000 രൂപ. കുട്ടി നേതാക്കള്‍ നടത്തുന്ന യൂത്ത്‌ മാമാങ്കത്തില്‍ അമ്മയാണോ കളിക്കുന്നത്‌ അതോ മകളാണോയെന്നറിയാന്‍ മാര്‍ഗമില്ല. അതുപോലെ പിഎസ്സി നിയമനവും. റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ ആര്‍ക്കൊക്കെ എവിടെ ജോലി കിട്ടിയെന്ന്‌ പിഎസ്സി തിരക്കാറില്ല, ഗവണ്‍മെന്റും. ആകെ ഈ കാര്യങ്ങള്‍ അന്വേഷിക്കുന്നത്‌ യൂണിയന്‍ നേതാക്കള്‍ മാത്രമാണ്‌. ഈയിടെ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ ജോലിയില്‍ കയറിയവര്‍ക്ക്‌ നിയമനത്തിന്‌ മുമ്പേ യൂണിയന്‍കാരുടെ കത്തും ലഭിച്ചിരുന്നു. 'വയനാട്ടിലാണ്‌ പോസ്റ്റിംഗ്‌, വേണമെങ്കില്‍ തിരുവനന്തപുരാത്താക്കാം, ഈ നമ്പറില്‍ കോണ്‍ടാക്ട്‌ ചെയ്യു.'

പിഎസ്സിയില്‍ നിന്നല്ലേ ഈ റാങ്ക്‌ ലിസ്റ്റും അഡ്രസ്സും പുറത്താകുന്നത്‌. ആരൊക്കെ ജോലിക്ക്‌ ഹാജരാകുന്നില്ലെന്നും, ആരെ പകരം കയറ്റാമെന്നും കണ്ടുപിടിക്കുകയെന്നത്‌ ....
വലിയ പണിയല്ല.

ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്കിന്‌ 7 ലക്ഷം രൂപായെന്നത്‌ വലിയ കോഴയല്ല. ഹൈസ്കൂള്‍ അസിസ്റ്റന്റ്‌ നിയമത്തിന്‌ കൊടുക്കണമല്ലോ 20 ലക്ഷം. ഒരുപക്ഷേ കുട്ടികളെ പഠിപ്പിക്കാതെ രാഷ്ട്രീയം കളിക്കാമെന്ന മെച്ചം ഹൈസ്കൂള്‍ അസിസ്റ്റിനുണ്ട്‌. ക്ലാര്‍ക്കുമാരും ഇതുതന്നെയല്ലേ ചെയ്യുന്നത്‌. 20 ശതമാനം പേര്‍ എന്തെങ്കിലും പണിചെയ്താലായി. ബാക്കി എല്ലാം മന്ത്രിമാരുടെ തിണ്ണ നിരങ്ങുന്നതിന്റെയും പിഎസ്സി ലിസ്റ്റ്‌ തിരുത്തുന്നതിന്റെയും തിരക്കിലാണ്‌. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സ്കൂള്‍ അധ്യാപകന്‍, മാനേജര്‍ എന്ന ഇടനിലക്കാരന്‌ 20 ലക്ഷം കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സംഘടനാ നേതാവിന്‌ 7 ലക്ഷം കൊടുക്കുന്നതാണ്‌ വലിയ തെറ്റ്‌. ഭയങ്കരം തന്നെ!

വെളിവുകേടില്‍ വെളിയം സെക്രട്ടറി പുറത്തായെങ്കിലും അസിസ്റ്റന്റ്‌ സെക്രട്ടറിക്ക്‌ സ്ഥാനക്കയറ്റം കിട്ടിയില്ല. ബൂര്‍ഷ്വാരാജ്യമായ അമേരിക്കയില്‍പോലും വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റാകാത്ത സ്ഥിതിക്ക്‌ അസിസ്റ്റന്റ്‌ സെക്രട്ടറി എങ്ങനെ സെക്രട്ടറിയാകും? അസിസ്റ്റന്റ്‌ സെക്രട്ടറിക്ക്‌ വേണമെങ്കില്‍ നീലിഭൃംഗാദി തൈല വ്യവസായം പരിപോഷിപ്പിക്കാം. കാവ്യാമാധവനെ വെല്ലുന്ന മുടിയഴകാണല്ലോ, പന്ന്യന്‌ മുടി മുന്നോട്ടിട്ടാല്‍.

വയലാര്‍ സ്റ്റാലിന്റെ മകന്‍ എറിഞ്ഞുവിട്ട ലാവലിന്‍ വാരിക്കുന്തങ്ങള്‍ തടുക്കാന്‍ വയ്യാതെ നില്‍ക്കുമ്പോഴാണ്‌ 'കേരള നൗക്രി ഡോട്ട്‌ കോം' അഴിമതി വീണുകിട്ടിയത്‌. തൊടുത്തുവിട്ട സ്കഡ്‌ മിസെയിലിനെ തകര്‍ക്കാന്‍ പേട്രിയറ്റ്‌ മിസെയില്‍!

റവന്യൂ വകുപ്പിലെ അനധികൃത നിയമനം 'മഞ്ഞുമലയുടെ തുമ്പാ'ണെന്ന്‌ അന്വേഷിച്ചുതുടങ്ങും മുമ്പേ പോലീസ്‌, കത്തി കണ്ടെടുക്കും മുമ്പേ 'എസ്‌ കത്തി'യെന്ന്‌ കണ്ടെത്തിയ പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ ഇതിന്റെയും അന്വേഷണ ചുമതല. നിഗമനം തെറ്റാന്‍ സാധ്യത തീരെയില്ല. ജോയിന്റ്‌ കൗണ്‍സില്‍ പോലെ കടലാസ്‌ സംഘടനയല്ല, എന്‍ജിഒ യൂണിയനും, അസോസിയേഷനും. സംഘടന വലുതാകുമ്പോള്‍ അഴിമതിയും വലുത്‌. അവര്‍ക്കുമുണ്ടല്ലോ പാര്‍ട്ടിയും മന്ത്രിയും, റാങ്കും, പിഎസ്സി ലിസ്റ്റും. അങ്ങനെ എല്ലാ യൂണിയന്‍കാരും ചേര്‍ന്നുണ്ടാക്കിയതാണ്‌ 'കേരള നൗക്രി ഡോട്ട്‌ കോം' എന്ന ടീകോം മുഖ്യപണി ലോവര്‍ഡിവിഷന്‍ ജോബ്‌ സ്കാം."

No comments:

Post a Comment