കെ.എ.സോളമന്‍
Posted On: Tue, 17 Aug 2010 22:07:56
ചേര്‍ത്തല-ആലപ്പുഴ-അമ്പലപ്പുഴക്കാര്‍ക്ക് ഇത് ഉത്സവകാലം. അല്ലല്‍ അശേഷമില്ല, ഉത്സവങ്ങള്‍ നടത്തുക, മേളകളില്‍ പങ്കെടുത്ത് കാല്‍പന്തുകളി, കയര്‍ പിരി, പുറകോട്ട് നടപ്പ് തുടങ്ങിയ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടുക സമയാസമയങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക, ഇതൊക്കെയാണ് രീതി.
ഒരു പണിയും ചെയ്യേണ്ട. നെഹ്‌റു ട്രോഫി വള്ളംകളി മേള നടക്കുന്നതിനാല്‍ വില്ലേജ്, താലൂക്ക്, സിവില്‍ സപ്ലൈസ് ഓഫീസുകളിലും പോകണ്ട, അവിടെയെങ്ങും ആരെയും കാണില്ല, അഥവാ ആരെങ്കിലും ഉണ്ടെങ്കില്‍ ചെന്നവന്‍ പെട്ടതുതന്നെ. ഉത്സവങ്ങള്‍ക്കൊപ്പം നടക്കുന്ന ഒരു കലാമത്സരമാണ് പേരിടല്‍ മത്സരം. ആദ്യം പേരിടേണ്ടിയിരുന്നത് ഈയിടെ പഠനം ആരംഭിച്ച അമ്പലപ്പുഴ കുഞ്ചുപിള്ള കോളേജിനാണ്. കുഞ്ചുപിള്ള പറ്റില്ല, കുഞ്ചന്‍നമ്പ്യാര്‍ വേണം, തകഴി വേണം, മദനിയായാല്‍ എന്ത് തെറ്റ് എന്നിങ്ങനെയുള്ള ചോദ്യം ഉടലെടുത്തതിനാല്‍ 'കുഞ്ചുപിള്ള'യെ പരണത്തു കയറ്റി. കുഞ്ചുപിള്ള സ്കൂള്‍ എന്നു വിളിക്കാം. എന്നാല്‍ അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് കുഞ്ചുപിള്ള കോളേജെന്ന് വിളിച്ചുകൂടാ, സ്റ്റാന്റേര്‍ഡ് തീരെ പോരാ.
കോളേജിന്റെ പേരിടല്‍ യജ്ഞം ഒരു ഘട്ടമെത്തിയപ്പോഴാണ് മറ്റൊരു പേരിടല്‍ പ്രശ്നം നാട്ടാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയത്. ആലപ്പുഴ നഗരസഭ ഭട്ടതിരിപ്പുരയിടത്തില്‍ ഈയിടെ പണിതീര്‍ത്ത നഗരസഭ സ്റ്റേഡിയത്തിനും വേണം ഒരു പേര്. മഹാത്മാഗാന്ധി സ്റ്റേഡിയം എന്ന പേര് ഗാന്ധി ഭക്തനായ ആലപ്പുഴ എംഎല്‍എ ഷുക്കൂറും കൂട്ടരും നിര്‍ദ്ദേശിച്ചപ്പോള്‍ ഇഎംഎസ്സിന്റെ പേരു വേണമെന്നാണ് നഗരപിതാവ് ചിത്തരഞ്ജന്റെ ആഗ്രഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.നാസറിനും വ്യത്യസ്തമായ ഒരു അഭിപ്രായം ഉണ്ടാകാനിടയില്ല. അതുകൊണ്ട് ഒരു കോംപ്രമൈസ് നിര്‍ദ്ദേശമായിട്ട് അപ്പുണ്ണിനായര്‍ക്ക് പറയാനുള്ളത്, സ്റ്റേഡിയത്തിന്റെ പേര് ഇഎംഎസ്-ഗാന്ധി സ്റ്റേഡിയം എന്നാക്കണമെന്നാണ്. ഇതുപോലുള്ള കോംപ്രമൈസ് പേരുകള്‍ ഇതിനുമുമ്പും പരീക്ഷിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് ചേര്‍ത്തലയില്‍ ഒരു പട്ടികജാതി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യാനിരിക്കെ തര്‍ക്കമുണ്ടായി. ഒരു കൂട്ടര്‍ പറഞ്ഞു പഠനകേന്ദ്രത്തിന് ഡോ.അംബേദ്ക്കറുടെ പേര് വേണമെന്ന്, മറ്റൊരു കൂട്ടര്‍ പറഞ്ഞു അയ്യങ്കാളിയുടെ പേരു മതിയെന്ന്, എന്തുകൊണ്ടോ രണ്ടാം അയ്യങ്കാളിയായ ളാഹ ഗോപാലന്റെ പേര് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. പഠനകേന്ദ്രം ഇപ്പോള്‍ അറിയപ്പെടുന്നത് "അംബേദ്കര്‍-അയ്യങ്കാളി പഠനകേന്ദ്രം" എന്നാണ്. കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രിയിലെ മോര്‍ച്ചറിയേക്കാള്‍ കഷ്ടത്തിലാണ് കിടപ്പ്. മോര്‍ച്ചറിയുടെ വാതില്‍ വല്ലപ്പോഴും തുറക്കും, പഠനകേന്ദ്രത്തിന്റെ വാതില്‍ തുറക്കാറെയില്ല.
നഗരസഭാ സ്റ്റേഡിയത്തിന്റെ പേര് ഇഎംഎസ്-ഗാന്ധി സ്റ്റേഡിയം എന്നാക്കുമ്പോള്‍ എല്‍ഡിഎഫ്-യുഡിഎഫ് തര്‍ക്കമുണ്ടാവില്ല. ഗാന്ധിജി രാഷ്ട്രപിതാവാണ്. അദ്ദേഹത്തിന്റെ പേര് ആദ്യം വേണമെന്നുണ്ടെങ്കില്‍ എംജി-ഇഎംഎസ് സ്റ്റേഡിയം എന്നാക്കാവുന്നതേയുള്ളൂ. ഗാന്ധിജിയും ഇഎംഎസം വലിയ നേതാക്കന്മാരാണ്, അവരുടെ പേരില്‍ ഒട്ടനവധി സ്ഥാപനങ്ങള്‍ ഉണ്ട്, അതുകൊണ്ട് ആലപ്പുഴയുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പേര് വേണമെങ്കില്‍ അതിനുമുണ്ട് നിര്‍ദ്ദേശം. സ്റ്റേഡിയത്തിന്റെ പേര് നാസര്‍-ഷുക്കൂര്‍ സ്റ്റേഡിയം എന്നു വിളിക്കുക. പേര് ലൈറ്റേഴ്സ് ഉപയോഗിച്ചു മതിയെങ്കില്‍ എന്‍എസ് സ്റ്റേഡിയം എന്നോ, എസ്.എന്‍. സ്റ്റേഡിയം എന്നോ വിളിക്കാം. എന്‍എസ്‌എസിനും ശ്രീനാരായണീയര്‍ക്കും പ്രത്യേക താല്‍പ്പര്യം തോന്നുകയും ചെയ്യും. നാസര്‍-ഷുക്കൂര്‍ സ്റ്റേഡിയം എന്നു വിളിക്കുന്നത് പ്രബല ന്യൂനപക്ഷത്തിന് പെരുത്തു സന്തോഷകരവുമാകും. നാസര്‍ സുന്നി വിഭാഗത്തില്‍പ്പെട്ടയാളാണ് അല്ല ഷിയായാണ് എന്നു തര്‍ക്കിക്കുന്നവര്‍ സക്കറിയാ ബസാറിലും പരിസരത്തുമുണ്ട്.
അങ്ങനെ ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന-പേരിടല്‍ മഹോത്സവങ്ങള്‍ വ്യാപിച്ച് ചേര്‍ത്തല വയലാറും എത്തിയിരിക്കുന്നു. വയലാറില്‍ നടക്കുന്ന ഉത്സവത്തിന് കയര്‍ ഫെസ്റ്റെന്ന് പേര്. ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ വീടുകളിലേക്കും ഓരോ കയറുല്‍പ്പന്നം എത്തിക്കുമെന്നാണ് കയര്‍ മന്ത്രിയുടെ ഭീഷണി. ഇതുപോലൊരു ഭീഷണി മുമ്പൊരിക്കല്‍ നടത്തിയതിന്റെ ഫലമായി ദിവാകരന്‍ എന്ന നല്ല മനുഷ്യന്‍ കൊല ചെയ്യപ്പെട്ടു. അതിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് ദയവുചെയ്ത് കയറുല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സാഹസം കാട്ടരുത്. മറിച്ച് എവിടെ വന്നു വാങ്ങണമെന്നു പറഞ്ഞാല്‍ മതി. കയറുല്‍പ്പന്നം, അത് കയര്‍ നെറ്റോ, കയര്‍ മാറ്റോ, കയര്‍ ഉറിയോ, ഒരു മുഴം കയറോ എന്തുതന്നെയായാലും വാങ്ങിക്കൊള്ളാം. കണ്‍സ്യൂമര്‍ ഫെഡ് ഓഫീസിലോ കയര്‍ഫെഡിലോ റേഷന്‍ കടയിലോ എവിടെയായാലും കുഴപ്പമില്ല. വീട്ടില്‍മാത്രം എത്തിക്കരുത്.
അതുപോലെ കയര്‍ ഭൂവസ്ത്രം വാങ്ങാനും പറയരുത്. കയര്‍ ഭൂവസ്ത്രം എന്നുകേള്‍ക്കുമ്പോള്‍ ഉടുവസ്ത്രം യൂറിഞ്ഞുപോകുന്ന തോന്നല്‍. കുടുംബശ്രീക്കെതിരെ ജനശ്രീകൊണ്ട് പരിചമുട്ടുകളി നടത്തിയവര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് കയര്‍ ഭൂവസ്ത്രം താമസിയാതെ കയര്‍ ഉടുവസ്ത്രമായി മാറുമോ?
No comments:
Post a Comment