Sunday 19 December 2010

ഐറ്റി @ സ്കൂള്‍!

കെ.എ. സോളമന്‍

Janmbhumi Posted On: Mon, 26 Jul 2010 21:51:52

നാടു മുന്നേറിയ നാലുവര്‍ഷം പിന്നിട്ട്‌ അഞ്ചാമത്തേതില്‍ കടന്നപ്പോഴാണ്‌ ജനം ശരിക്കും അന്തംവിട്ടത്‌. പുറത്തിറങ്ങി നടക്കാന്‍ വയ്യ. അഥവാ പുറത്തിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമോയെന്ന്‌ ഭയം. തിരിച്ചെത്തിയാല്‍തന്നെ കയ്യും കാലും യഥാസ്ഥാനത്ത്‌ കാണുമോ എന്ന്‌ നേരിയ ശങ്കയും.

തൊടുപുഴ പ്രൊഫസറുടെ വെട്ടിമാറ്റിയ കൈ തുന്നിച്ചേര്‍ത്ത ഡോക്ടറുടെ കുറിപ്പ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌ എന്തുകൊണ്ടും നന്നായി. മഹാവ്യാധികള്‍ പടരുമ്പോഴാണല്ലോ സാമൂഹ്യ ബോധവല്‍ക്കരണം. വെട്ടിമാറ്റപ്പെട്ട അവയവം 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിയില്ലെങ്കില്‍ തുന്നിച്ചേര്‍ക്കാന്‍ പ്രയാസമെന്ന്‌ ഡോക്ടര്‍. അവയവം ഐസിട്ടു സൂക്ഷിക്കാന്‍ പാടില്ല, പ്ലാസ്റ്റിക്‌ കവറില്‍ പൊതിയണം. വേണമെങ്കില്‍ ഐസ്‌ കഷണങ്ങള്‍ കവറിന്‌ പുറത്തുവെക്കാം. ഇങ്ങനെ കൊണ്ടുവരുന്ന അവയവം പണിപ്പെട്ടത്‌ തുന്നിച്ചേര്‍ത്താല്‍തന്നെ പഴയ എഫിഷ്യന്‍സി കിട്ടണമെന്നില്ല. മുമ്പു പത്രങ്ങളില്‍ വന്നിട്ടുള്ള ഈ ദിശയിലുള്ള വാര്‍ത്തകള്‍ അതിന്‌ തെളിവാണ്‌.

അധ്യാപകന്റെ കൈവെട്ടിയത്‌ പോപ്പുലര്‍ ഫ്രണ്ട്‌ തന്നെയോ എന്ന കാര്യത്തിലായിരുന്നു യുഡിഎഫ്‌-എല്‍ഡിഎഫ്‌ തമ്മില്‍ ഇതുവരെ തര്‍ക്കം. ഫ്രണ്ട്‌ നേതാക്കളുടെ തട്ടമിട്ട ബീവിമാര്‍ ചാനലില്‍ സംഘടിച്ചതോടെ നേതാക്കളുടെ തര്‍ക്കം മാറി ഒറ്റക്കെട്ടായി. കൈവെട്ടിയത്‌ സാമൂഹ്യവിരുദ്ധതരല്ല, പോപ്പുലര്‍ ഫ്രണ്ട്തന്നെ!

തൊടുപുഴയിലെ കൈവെട്ടു സംഭവത്തിന്‌ സമാന്തരമായി അരങ്ങേറുന്നതാണ്‌ കോട്ടയത്തെ കുതികാല്‍വെട്ട്‌ സംഭവം. ഒന്നും പഠിക്കാത്ത വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതിച്ച്‌ ഡിഗ്രി കൊടുക്കണമെന്നാണ്‌ വിദ്യാര്‍ത്ഥി സംഘടനയും യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലറും. ക്ലാസില്‍ കയറാത്തതുകൊണ്ടും ഒന്നും പഠിക്കാനാവാത്തതുകൊണ്ട്‌ പരീക്ഷതന്നെ വേണ്ടെന്നുവെച്ച ആളാണ്‌ വിദ്യാര്‍ത്ഥി. അതുകൊണ്ട്‌ പരീക്ഷക്കുള്ള അപേക്ഷാഫോറം കോളേജില്‍ കൊടുത്തതുമില്ല, അവരൊട്ടു വാങ്ങിയതുമില്ല. അങ്ങനെയുള്ള വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കണമെന്നാണ്‌ വൈസ്‌ ചാന്‍സലര്‍. പ്രിന്‍സിപ്പല്‍ നിയമം ലംഘിക്കാന്‍ ആവശ്യപ്പെടുന്ന വൈസ്‌ ചാന്‍സലര്‍ക്ക്‌ എന്തുകൊണ്ട്‌ സ്വയം നിയമം ലംഘിച്ചുകൂടെന്ന്‌ കോളേജ്‌ അധികൃതര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഡോക്ടറേറ്റ്‌ കൊടുത്തതുപോലെ യൂണി. വൈസ്ചാന്‍സലര്‍ മുന്‍കയ്യെടുത്ത്‌ ഒരു ഡിഗ്രി കണ്‍ഫര്‍ ചെയ്താല്‍ പോരെ? അതിനെന്തിന്‌ പരീക്ഷയും മൂല്യനിര്‍ണയവും?

വിദ്യാര്‍ത്ഥികള്‍ കോളേജ്‌ തല്ലിപ്പൊളിക്കുകയും പരീക്ഷാപേപ്പറുകള്‍ കീറിക്കളയുകയും ചെയ്തപ്പോള്‍ ഞാനീ നാട്ടുകാരനല്ലെന്ന്‌ പറഞ്ഞ്‌ നടന്ന വൈസ്ചാന്‍സലര്‍ ചാനലില്‍ കയറിയിരുന്ന്‌ ഇപ്പോള്‍ ക്ലാസെടുത്തിരുന്നു. ഇടതുവേദികളില്‍ മാത്രം 'രാജ്യാന്തര സെമിനാര്‍' നടത്തിയിരുന്ന അദ്ദേഹം രാഷ്ട്രീയമേ തനിക്കില്ലെന്ന്‌ ജനത്തെ പഠിപ്പിക്കുന്നു. എന്തിനാ പാവം വിദ്യാര്‍ത്ഥിയെ കൊണ്ട്‌ പരീക്ഷ എഴുതിക്കണം, അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്‌ നല്‍കിയാല്‍ പോരെ? എംഎല്‍എ ആകുന്നതിലും വലുതാണോ, കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിലുള്ള എംജി സര്‍വകലാശാലാ ഡിഗ്രി?

വേമ്പനാട് കായലിന്‌ കിഴക്ക്‌ വശമാണ്‌ ഈ പൂരമൊക്കെ നടക്കുന്നതെങ്കിലും പടിഞ്ഞാറും ഒട്ടും മോശമല്ല. ആലപ്പുഴ മന്ത്രിയും മാരാരിക്കുളം മന്ത്രിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്‌. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ മത്സ്യോല്‍സവം, മാരാരിക്കുളം വടക്ക്‌ വഴുതനോത്സവം, കഞ്ഞിക്കുഴിയില്‍ ചേന ഉത്സവം, മണ്ണഞ്ചേരിയില്‍ 101 കറികൊണ്ട്‌ ഇലയിട്ടൂണുത്സവം, മാരാരിക്കുളം തെക്കില്‍ തീരോത്സവം എന്നിവ നടത്തി ധന-മരാമത്ത്‌ മന്ത്രി പൊടി പാറിച്ചപ്പോള്‍ ആലപ്പുഴ മന്ത്രിക്ക്‌ അങ്കലാപ്പായി. ഉത്സവം നടത്താതെ അദ്ദേഹത്തിന്‌ വയ്യെന്നായി. ഓരോ പഞ്ചായത്തിലും പ്രത്യേകം പ്രത്യേകം ഉത്സവത്തിന്‌ സമയമില്ലാത്തതിനാല്‍ എല്ലാ പഞ്ചായത്തുകള്‍ക്കുംകൂടി ഒരെണ്ണം- അമ്പലപ്പുഴ ഫെസ്റ്റ്‌. ഫെസ്റ്റിന്തിരെ സംസാരിക്കുന്നവരുടെ നാക്കറുക്കും എന്ന താക്കീതും നോട്ടീസടിച്ചു വിതരണം ചെയ്തിരുന്നു. ഫെസ്റ്റ്‌ ഉദ്ഘാടനം ചെയ്തത്‌ നടന്‍ ജയറാം. ചെണ്ടമേളവും ആനറാലിയും രാംരാജ്‌ മുണ്ടും അകമ്പടിയുമുണ്ടായിരുന്നു. സമാപനസമ്മേളനത്തില്‍ മുഖ്യാതിഥി നടി മീര ജാസ്മിന്‍. കൂടെ മന്ത്രിയും ഇടത്‌ സാംസ്കാരികനായകന്‍ സുകുമാര്‍ അഴീക്കോടും. മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍ എന്നിവരെ എന്തുകൊണ്ടോ പങ്കെടുപ്പിച്ചില്ല.

മീരാ ജാസ്മിന്റെ ഫോട്ടോ മൊബെയിലില്‍ പകര്‍ത്താന്‍ അമ്പലപ്പുഴ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ മത്സരിക്കുകയായിരുന്നുവെന്നാണ്‌ വാര്‍ത്ത. അമ്പലപ്പുഴ പെണ്‍കുട്ടികള്‍ കഥയില്ലാത്തവരെന്ന്‌ മുമ്പേ തെളിയിച്ചിട്ടുള്ളതാണ്‌. അനുവാദമില്ലാതെ മൊബെയിലില്‍ ഫോട്ടോ പകര്‍ത്തിയാല്‍ ഒരുവര്‍ഷമാണ്‌ തടവ്‌.

ഇങ്ങനെയെടുത്ത ഫോട്ടോ പൊര്‍ണോഗ്രാഫിക്‌ ടെക്സ്റ്റായി ബ്ലൂടൂത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്താല്‍ ശിക്ഷ 11 കൊല്ലം, പിഴ അഞ്ചുലക്ഷം. ഇതൊന്നും അമ്പലപ്പുഴ പെണ്‍കുട്ടികള്‍ക്ക്‌ ആരും പറഞ്ഞുകൊടുത്തിട്ടില്ലേ? ഒരുപക്ഷെ മീരാജാസ്മിന്റെകൂടെ നിന്ന രണ്ടുപേരില്‍ പൊക്കംകൂടിയ ആള്‍ മമ്മൂട്ടിയും പൊക്കം കുറഞ്ഞയാള്‍ മോഹന്‍ലാലുമെന്ന്‌ ഫോട്ടോയെടുത്ത പെണ്‍കുട്ടികള്‍ കരുതിക്കാണും. 13 ഉം 14 ഉം പ്രായമുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ ഫോട്ടോയെടുക്കുന്നതില്‍ മമ്മൂട്ടിക്കും ലാലിനും ഇഷ്ടക്കുറവ്‌ ഉണ്ടാകാനിടയില്ല.

സ്കൂളുകളിലും കോളേജുകളിലും മൊബെയില്‍ഫോണ്‍ നിരോധിച്ചിരുന്ന സാഹചര്യത്തിലാണ്‌ ഈ ഫോട്ടോയെടുപ്പ്‌ മത്സരം. സഖാവ്‌ എം.എ. ബേബി മന്ത്രിയുടെ വിദ്യാഭ്യാസപദ്ധതിയില്‍ ഇതിനെ ഐറ്റി അറ്റ്‌ സ്കൂള്‍ എന്ന്‌ വിളിക്കും!

No comments:

Post a Comment