Sunday, 19 December 2010

സംവാദം-കണ്ടീഷന്‍സ്‌ അപ്ലൈ!

കെ.എ.സോളമന്‍

Janmabhumi Posted On: Mon, 27 Sep 2010 21:39:07

ഇത്‌ സംവാദത്തിന്റെ കാലം. സംവാദം ഇല്ലാതെ ഒരു സംഗതിയുമില്ല. ലോട്ടറി വേണമോ വേണ്ടയോ-സംവാദം, വോട്ടുചെയ്യണമോ വേണ്ടയോ-സംവാദം, കയര്‍ ഉല്‍പ്പന്നം വാങ്ങണമോ വേണ്ടയോ- സംവാദം, കള്ളുഷാപ്പു പൂട്ടണമോ, പൂട്ടെണ്ടയോ-സംവാദം, കക്ക വാരണമോ വാരണ്ടെയോ-സംവാദം, അമ്മയെ തല്ലണമോ തല്ലണ്ടെയോ-സംവാദം. സംവാദം മൂത്ത്‌ മൂത്ത്‌ ചില നേതാക്കളും മന്ത്രിമാരും ബ്ലോഗിലേക്ക്‌ മാറിയിരിക്കുകയാണ്‌. ബ്ലോഗ്‌ 18-ാ‍ം തീയതി ഉദ്ഘാടനം ചെയ്യും, അല്ല 20 ന്‌ ആലപ്പുഴ വെച്ചായിരിക്കും ഉദ്ഘാടനം, അല്ല തിരുവനന്തപുരത്തുവെച്ച്‌, അതുമല്ലെങ്കില്‍ പൊക്ലാശ്ശേരി സ്കൂളില്‍.

രണ്ടുമിനിട്ടുകൊണ്ട്‌ തയ്യാറാക്കാവുന്ന ഒന്നാണ്‌ ബ്ലോഗ്‌. അതേതാണ്ട്‌ മഹാസംഭവമായാണ്‌ ചിലര്‍ കരുതുന്നത്‌. ചെറിയാന്‍ ഫിലിപ്പിന്റെ ബ്ലോഗ്‌ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. തോമസ്‌ ഐസക്കിന്റെ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്യാന്‍ ആളെ നിശ്ചയിച്ചു കഴിഞ്ഞിട്ടില്ല. ഈ സംവാദം നടത്തിയതുകൊണ്ട്‌, ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തതുകൊണ്ട്‌, എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന്‌ വിവരമുള്ള പത്രക്കാര്‍ ചോദിച്ചാല്‍ ഉണ്ടെന്ന്‌ സാന്റിയാഗോ മാര്‍ട്ടിനും കൂട്ടരും പറയും. അവരാണല്ലൊ ജനത്തെ കൂടുതല്‍ പറ്റിക്കുന്നത്‌.

മന്ത്രി തോമസ്‌ ഐസക്കും എംഎല്‍എ വി.ഡി.സതീശനുംകൂടി നടത്തിയ ലോട്ടറി സംവാദം രണ്ടുപേരും ഗംഭീരവിജയമായിട്ടാണ്‌ ആഘോഷിച്ചത്‌. സംവാദത്തിനുമുമ്പ്‌ സാന്റിയാഗോ മാര്‍ട്ടിനെ മാത്രമേ ജനത്തിന്‌ അറിയുമായിരുന്നുള്ളൂ. സംവാദം കഴിഞ്ഞപ്പോഴാണ്‌ മനസിലായത്‌ മണികുമാര്‍ സുബ്ബയെന്ന കോണ്‍ഗ്രസ്‌ വിദ്വാനും മാര്‍ട്ടിന്റെ പണി ചെയ്യുന്നുണ്ടെന്ന്‌. ചുരുക്കത്തില്‍ ലോട്ടറിപ്പാത്രത്തില്‍ കൈയിട്ടുവാരിയപ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പാടിയത്‌ ഒരേ പാട്ട്‌ 'സുന്ദരന്‍ ഞാനും സുന്ദരി നീയും,' ചേര്‍ന്നിരുന്നാല്‍ തിരുവോണം ബംപര്‍.'

ചാനല്‍ പരസ്യങ്ങള്‍ക്കെന്നപോലെ സംവാദത്തിനും ഉണ്ടായിരുന്നു ഒരു കണ്ടീഷന്‍സ്‌ അപ്ലൈ. ചോദ്യം മാത്രമേ പാടുള്ളൂ, ഉത്തരം പറയരുത്‌. ലോട്ടറി-വ്യാജ ലോട്ടറി മന്ത്രി പ്രതിപക്ഷ നേതാവിനോടും കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റിനോടും മാത്രമേ സംവദിക്കൂ. മറ്റുള്ളവരാണങ്കില്‍ "എന്റെ പട്ടിപോകും" എന്ന മട്ട്‌. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ തൊലിയാണ്‌ യൂറിഞ്ഞുപോയത്‌. "എന്റെ പിഎസ്‌ പോകും" സംവാദത്തിന്‌ എന്ന്‌ മന്ത്രി പറഞ്ഞാല്‍ മേറ്റ്ന്ത്‌ ഗൂഢാര്‍ത്ഥം?

സംവാദത്തിന്‌ തെരഞ്ഞെടുത്ത ചോദ്യങ്ങളാണ്‌ രസകരം. എ.കെ.ആന്റണിയോടു പണ്ട്‌ പത്രക്കാര്‍ ചോദ്യം ചോദിച്ചതുപോലെ-ഒന്നിനും ഉത്തരമില്ല. എംഎല്‍എ ചോദിച്ചു: "സാന്റിയാഗോയുമായി മന്ത്രിയുടെ പാര്‍ട്ടിയ്ക്കെന്ത്‌ ബന്ധം?"മന്ത്രിയുടെ മറുചോദ്യം. "മണികുമാര്‍ സുബ്ബയും സതീശന്റെ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം?" എംഎല്‍എ വീണ്ടും:"ഏപ്രിലിനുശേഷം ലോട്ടറി വിഷയത്തില്‍ മന്ത്രി എത്ര കത്തയച്ചു?" തനിക്ക്‌ കത്തെഴുത്തല്ല, പുസ്തകമെഴുത്താണ്‌ പണിയെന്ന്‌ ധ്വനിപ്പിച്ചുകൊണ്ടു മന്ത്രി. "ആന്റണി സര്‍ക്കാര്‍ നിയമിച്ച വക്കീലിനെ ഉമ്മന്‍ചാണ്ടി തുരത്തിയതെന്തിന്‌?" എംഎല്‍എ വിട്ടില്ല. "അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അധികാരമില്ലെന്ന്‌ പറയു

�്ന മന്ത്രി ലോട്ടറി നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവന്നതെങ്ങനെ?" മന്ത്രി: "എന്തുകൊണ്ട്‌ അന്യസംസ്ഥാന ലോട്ടറിക്ക്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നികുതി ചുമത്തിയില്ല?"

മൗനം വിട്ട എംഎല്‍എ: മുഖ്യമന്ത്രി എന്തുകൊണ്ട്‌ ധനമന്ത്രിയെ ഓര്‍ത്തു പൊട്ടിച്ചിരിക്കുന്നില്ല?" മന്ത്രിയുടെ തിരിച്ചടി: "സിടിവിയില്‍ മാത്രം ലോട്ടറി ഷോ നടത്തുന്നത്‌ എന്തുകൊണ്ട്‌?" എംഎല്‍എ; "കൈരളി ടിവിയില്‍ ലോട്ടറി നറുക്കെടുപ്പുഷോയെക്കാള്‍ മികച്ച ഒരു പരിപാടിയും അവതരിപ്പിക്കാത്തത്‌ മന്ത്രിക്ക്‌ അറിയ്യോ?"

അങ്ങനെ മന്ത്രിയ്ക്കും എംഎല്‍എയ്ക്കും ചോദ്യങ്ങള്‍ മാത്രം, ചോദ്യങ്ങള്‍ പകര്‍ത്തിയാലും മാര്‍ക്കെന്ന പുതിയ പാഠ്യപദ്ധതിപ്രകാരം സംവാദം നീണ്ടപ്പോള്‍ പത്രക്കാര്‍ക്ക്‌ കലി കയറി. ചെരുപ്പെറിയണമെന്നാണ്‌ അവര്‍ക്ക്‌ ആദ്യം തോന്നിയത്‌. പക്ഷെ നഷ്ടപ്പെട്ടാലോ എന്ന ശങ്കമൂലം പ്ലാസ്റ്റിക്‌ ബോട്ടിലാണ്‌ എറിഞ്ഞത്‌. വന്നുവീണ കുപ്പി "ബിസലരി മിനറല്‍ വാട്ടര്‍" എന്നു കണ്ട മന്ത്രിയും എംഎല്‍എയും വെള്ളം കുടിച്ചു, കൈകൊടുത്തു.

സംവാദം നടത്തുന്നവരെ ചെരിപ്പെറിയുന്നതാണ്‌ ലോക നീതി. ജോര്‍ജ്‌ ബുഷിനും ചൈനീസ്‌ പ്രീമിയറിനും ചിദംബരത്തിനും ഓരോന്നു കിട്ടി. മന്ത്രിക്കും എംഎല്‍എക്കും എന്തുകൊണ്ടോ ആ ഭാഗ്യം ലഭിച്ചില്ല.
�....

No comments:

Post a Comment