കെ.എ.സോളമന്‍
JanmabhumiPosted On: Wed, 22 Dec 2010 21:59:36
'മുഖം മിനുക്കല്‍' എന്നായിരുന്നു പഴയ പേര്. 'സ്പീഡ്' എന്ന് പറയും. പാര്‍ട്ടിമാറി, ഭരണവും മാറി അതോടെ "മുഖച്ഛായ വര്‍ധിപ്പിക്കല്‍" "റെക്ടിഫിക്കേഷന്‍ കാമ്പയിനായി". ശുദ്ധീകരണ കലശം എന്നോ നവീകരണ യജ്ഞമെന്നോ വിളിക്കാം. ആദ്യ പടിയായി ശക്തനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ മൂലയിലേക്ക് തള്ളി. പുറമെനിന്ന് ഭരണം നിയന്ത്രിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് അയച്ചത് എന്ത് ചികിത്സയ്ക്കാണെന്ന് അണികള്‍ക്കുപോലും സൂചനയില്ല. ഭരണതലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ 'ആ, ഊ' എന്നുമറുപടി. ജനം വേണമെങ്കില്‍ വരികള്‍ക്കിടയില്‍ വായിച്ചോട്ടെന്ന് മാധ്യമ മുതലാളിമാര്‍. തെക്കോട്ട് എടുത്താല്‍ മാത്രം മാറുന്ന അസുഖം കലശലായതിനാല്‍ ദല്‍ഹിക്ക് തെക്ക് കോയമ്പത്തൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്ന് അടക്കിപ്പിടിച്ചാണ് സംസാരം. "ന്യൂറോളജിക്കല്‍ ഡിസീസിന്" ഇതാണ് ചികിത്സയെങ്കില്‍ ഇരുമുന്നണികളിലും എത്ര നേതാക്കള്‍ അവശേഷിക്കുമെന്നതാണ് ഒരു മുന്നണിയിലും പെടാത്ത കൈമള്‍ സാറിന്റെ സംശയം.
നവീകരണധ്യാനം രണ്ടാംഘട്ടമെത്തിയപ്പോള്‍ സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥ നിയമനം പിഎസ്സിക്ക് വിട്ടു. സാറന്മാരുടേത് വിടാന്‍ അടുത്ത തട്ടിപ്പുകഴിയണം. ലോകായുക്ത വിധിയും ഹൈക്കോടതിക്കേസും കഴിഞ്ഞപ്പോഴാണ് ഈ ഉള്‍വിളി. എന്നാലും വ്യാജ ഉദ്യോഗസ്ഥര്‍ യൂണിവേഴ്സിറ്റിയില്‍ തുടരുകതന്നെ ചെയ്യും. പത്തിരുപത് കൊല്ലം കേസും കോടതിയും അന്വേഷണവുമായി മുന്നോട്ടുപോകും. അതോടെ അവരെല്ലാം പെന്‍ഷനാകും. പാമോയില്‍ കേസ് നടത്തിയിട്ട് എന്തായി?
എന്‍എച്ച് 47 വഴിയോ, എംസി റോഡുവഴിയോ കെഎസ്‌ആര്‍ടിസിയില്‍ യാത്ര ചെയ്താല്‍ ഇപ്പോള്‍ ആരും അങ്ങനെ ഉറങ്ങാറില്ല. അതിനുമാത്രം കുഴികളുണ്ടെന്നാണല്ലോ സര്‍ക്കാരിന്റെ തന്നെ വെബ്സൈറ്റ് ഇന്‍ഫര്‍മേഷന്‍. എങ്കില്‍പ്പോലും ചില വിദ്വാന്മാര്‍ ബസ്സില്‍ കയറിയാല്‍ ഉടനെ ഉറങ്ങും. ഇങ്ങനെ ഉറങ്ങുന്നവരെല്ലാം എന്‍.എച്ച് 47 ല്‍ ശക്തികുളങ്ങരയെത്തുമ്പോള്‍ കണ്ണുതുറക്കും, നീണ്ടകര പാലവും സൂര്യാസ്തമനവും കാണാനല്ല. മൂക്കു തുളയ്ക്കുന്നതാണ് അവിടെ ചീഞ്ഞ മീനിന്റെ നാറ്റം. എംസി റോഡില്‍ ചങ്ങനാശ്ശേരിയില്‍ എത്തിയാലും ഇതുതന്നെ അവസ്ഥ. വിദേശ മദ്യത്തിന്റെ ഗന്ധമാണ് അന്തരീക്ഷം മുഴുവന്‍. പത്തു മൂട് റബര്‍ ഉള്ള അച്ചായന്മാര്‍വരെ ബ്രാണ്ടിയെ കഴിക്കൂ. കള്ളില്‍ അത്രയ്ക്കങ്ങ് വിശ്വസിക്കാന്‍ അവര്‍ ചേര്‍ത്തലക്കാരല്ല. ചിറ്റൂര്‍ മാത്രമേ വ്യാജകള്ളുള്ളൂ. ചേര്‍ത്തലയിലെ 'കൂജക്കള്ള്' ദേശീയ പാനീയം എന്ന മട്ടില്‍ കുടിച്ചു വരികയായിരുന്നു നാട്ടുകാര്‍. എക്സൈസ് കമ്മീഷണര്‍ എട്ടു ഷാപ്പില്‍ കയറിനോക്കിയിട്ടും ഒന്നില്‍പ്പോലും നല്ല കള്ള് കിട്ടിയില്ല. ഇതേതാണ്ട് ഒറ്റപ്പെട്ട സംഭവമല്ല എന്ന മട്ടില്‍ ഷാപ്പുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ടിട്ടാണ് ഒമ്പതാമത്തെ ഷാപ്പില്‍നിന്ന് അദ്ദേഹം ഇറങ്ങിപ്പോയത്. ചിറ്റൂര്‍ ദുരന്തത്തിനു ഫലം കണ്ടു തുടങ്ങി. അച്യുതന്‍ എംഎല്‍എക്ക് ഇനി സമാധാനിക്കാം, തന്റെ കള്ളല്ല ചേര്‍ത്തലയില്‍ വില്‍ക്കുന്നതെന്ന്. ശക്തികുളങ്ങരയിലും ചങ്ങനാശ്ശേരിയിലും ചേര്‍ത്തലയിലും കിട്ടുന്നതുപലുള്ള ഒരു ഗന്ധം ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ക്ക് നിയമസഭയിലും കിട്ടി. മദ്യപിച്ചെത്തുന്നവര്‍ നിയമസഭയിലും ഉണ്ടെന്നാണ് ബ്രത് അനലൈസര്‍ കൂടാതുള്ള ടീച്ചറുടെ കണ്ടെത്തല്‍. ടീച്ചറുടെ മൂക്കിന്റെ ഒരു ശക്തി! അപ്രിയസത്യങ്ങള്‍ പറയുന്നതും നവീകരണയജ്ഞത്തിന്റെ ഭാഗം തന്നെ.
ചീനച്ചട്ടി, ചീനഭരണി, ചീനവല എന്നീ വിഖ്യാത പ്രോഡക്ടുകള്‍ക്കുശേഷം ചൈനയുടെ പുതിയ ഇന്ത്യന്‍ ഇറക്കുമതിയാണ് ചീനബാങ്ക്. ഇന്ത്യയിലെ മിക്ക പട്ടണങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും ചൈന ബാങ്കുശാഖകള്‍ തുടങ്ങാന്‍ പോകുന്നു. ഇസ്ലാമിക ബാങ്ക് കോള്‍ഡ് സ്റ്റോറേജില്‍ കയറിയതോടെ കയ്യിലുള്ള 'കായ്' എവിടെ സൂക്ഷിക്കണമെന്ന അങ്കലാപ്പിലായിരുന്നു കോയക്കുഞ്ഞു മുതലാളിയും കൂട്ടരും. സ്വിസ്ബാങ്കില്‍ ഇനി പറ്റില്ല. തീരെ സുരക്ഷിതമല്ല. വിക്കിലീക്സ് ഉടമ ജൂലിയന്‍ അസെന്‍ജിനെ ജയിലിലിട്ട് രണ്ടു പൂശാനായി ശ്രമിച്ച സ്വിസ് സര്‍ക്കാരിന്റെ സകല ഇടപാടുകളും ഉടനെ പുറത്താകും. ബ്രിട്ടീഷ് കോടതി അസെന്‍ജിന് ജാമ്യം കൊടുത്തതോടെ സ്വിസ് ബാങ്ക് രേഖകളുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡു ചെയ്തുകൊണ്ടിരിക്കുകയാണ് അസെന്‍ജി സായിപ്പ്. കണക്കുകള്‍ പുറത്താകുമ്പോള്‍ കോയക്കുഞ്ഞുമുതലാളിയുടേതുള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചുളുവില്‍ വിറ്റ് കാശാക്കിയവരുടെ സമ്പാദ്യത്തിന്റെ കണക്കുകൂടി പുറത്തുവരും. അപ്പോള്‍ പിന്നെ സുരക്ഷിതമായുള്ളത് ചീനാബാങ്കാണ്. ഇവന്മാര്‍ സ്വിസ് ബാങ്കില്‍നിന്ന് നേരിട്ട് മണി ട്രാന്‍സ്ഫര്‍ സ്വീകരിച്ചു പലിശ തരുമോ. അതോ ഇസ്ലാമിക ബാങ്കുപോലെ കിട്ടുന്ന പലിശ സ്വന്തമായി അമുക്കുമോ, എന്നതാണ് അറിയേണ്ടത്. ഒന്നും കാണാതെ വെളിച്ചപ്പാടു കുളത്തില്‍ ചാടില്ല, ചൈന ബാങ്കും തുറക്കില്ല. തങ്ങളും പാര്‍ട്ട ര്‍ട്ക്കാരുടെ പക്കല്‍ കുറച്ചു കാശുണ്ടെന്ന് കമ്മ്യൂണിസ്റ്റ് ചൈന മനസിലാക്കിയിരിക്കുന്നു.
No comments:
Post a Comment