Saturday, 18 December 2010

കേരള ടൂറിസം പ്രമോഷന്‍!

കെ.എ.സോളമന്‍

Janmabhumi Posted On: Thu, 09 Dec 2010 21:53:01

ക്ലാസ്‌ കഴിഞ്ഞ്‌ സ്റ്റാഫ്‌ റൂമിലെത്തിയ സദാനന്ദന്‍സാര്‍ കൈമള്‍ സാറിനോട്‌ "സാറിനോട്‌ ഞാന്‍ എത്രതവണ പറഞ്ഞിരിക്കുന്നു, മേശപ്പുറത്തു കാലും കയറ്റിവെച്ച്‌ ഉറങ്ങരുതെന്ന്‌, കുട്ടികള്‍ കാണില്ലേ? കുട്ടികളുടെ പ്രോഗ്രസ്‌ അന്വേഷിക്കാന്‍ വരുന്ന രക്ഷാകര്‍ത്താക്കള്‍ കാണില്ലേ?"

"രക്ഷകര്‍ത്താക്കള്‍ ആരും വരാന്‍ പോണില്ല, ആള്‍ പ്രമോഷന്‍കാര്‍ക്ക്‌ എന്തു പ്രോഗ്രസ്‌? പക്ഷെ സാറു കരുതിയതുപോലെ ഞാന്‍ ഉറങ്ങുകയായിരുന്നില്ല. ചില കാര്യങ്ങള്‍ ആലോചിച്ചു ഇരിക്കുകയായിരുന്നു."

"എന്തു കാര്യം?" ഒഎന്‍വിക്ക്‌ 2007 ലെ ജ്ഞാനപീഠം ഇപ്പോള്‍ കൊടുത്ത കാര്യമാണേ?"

"അതു ആലോചിക്കാന്‍ എന്തിരിക്കുന്നു. എല്ലാവരും ഉയര്‍ത്തി പിടിച്ചുകൊണ്ട്‌ നടക്കുന്ന കാര്യമായതുകൊണ്ട്‌ അതിനെതിരെ സംസാരിച്ചാല്‍ അധികപ്പറ്റാകും. പക്ഷെ ഒരു കാര്യം നേരാണ്‌, രാഷ്ട്രീയതിമിരം ബാധിച്ചവര്‍ അധികം കേന്ദ്രത്തിലില്ലായെന്നത്‌. ഉണ്ടായിരുന്നെങ്കില്‍ അരിവാളും താങ്ങി സിപിഐ അനുഭാവവും പറഞ്ഞു നടന്ന കവിക്ക്‌ ആരു ജ്ഞാനപീഠം കൊടുക്കാന്‍? ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ തിരസ്ക്കരിച്ച്‌ ഖ്യാതി നേടാം എന്നു കരുതുന്നവര്‍വരെ ഒഎന്‍വിയുടെ ജ്ഞാനപീഠത്തെ മുക്തകണ്ഠം പ്രകീര്‍ത്തിച്ചിരിക്കുന്നു. 'വെറുതെ, വെറുതെ എന്ന വാക്ക്‌ പലകുറി തന്റെ കവിതയില്‍ പ്രയോഗിച്ചതുകൊണ്ടാണ്‌ ജ്ഞാനപീഠം കവിക്ക്‌ ലഭിച്ചതെന്ന്‌ ചില ഗാനനിരൂപകര്‍ വിലയിരുത്തുകയും ചെയ്തു. പക്ഷെ ഇതൊന്നുമല്ല, ഞാന്‍ ആലോചിച്ചത്‌.

ഞാന്‍ ആലോചിച്ചത്‌, കൊച്ചിയിലെ താജ്‌ മലബാര്‍ ഹോട്ടല്‍ ഉടന്‍ പൂട്ടുന്ന കാര്യമാണ്‌. നമ്മളും ഒരിക്കല്‍ പോയി 2000 രൂപാ നേര്‍ച്ചഇട്ട ഹോട്ടലാണല്ലോ അത്‌."

"ഹോട്ടല്‍ പൂട്ടുമെന്ന്‌ സാറിനെ വിളിച്ച്‌ അവര്‍ അറിയിച്ചോ?"

"അറിയിച്ചില്ല, പക്ഷെ പൂട്ടാനാണ്‌ സാധ്യത. ക്ലയന്റ്സിനോട്‌ എങ്ങനെ പെരുമാറണമെന്ന്‌ അവര്‍ക്കറിയില്ല. അറിയാമായിരുന്നെങ്കില്‍ സിംഗ്‌വിയുടെ ബില്ല്‌......ചാനല്‍കാര്‍ക്ക്‌ കൈമാറുമോ"

"ഏത്‌ സിംഗ്‌?"

"സിംഗല്ല സാറെ, സിംഗ്‌വി. അഭിഷേക്‌ മനു സിംഗ്‌വി. അഭിഷേക്‌ ബച്ചന്‍ സിംഗ്‌, അശോക്‌ സിംഗ്‌വി എന്നൊക്കെ ജയരാജന്‍ പറയുന്നതുപോലെ സാറും പറഞ്ഞാലോ?

"റോഡിലെ കുഴിയടച്ചതോടെ വീഴാന്‍ കുഴിയില്ലാതെ നടന്ന പിഡബ്ല്യുഡി- ലോട്ടറി മന്ത്രി ഒടുക്കം ലോട്ടറി ചെളിക്കുഴിയില്‍ വീണു കിടക്കുകയായിരുന്നല്ലോ? മന്ത്രിയുടെ ദേഹത്തെ ചെളി കഴുകിക്കളയാന്‍ 'സോണിയാജി അയച്ച' സിംഗ്‌വി കേരളത്തില്‍ വന്നപ്പോള്‍ താമസിച്ചത്‌ താജ്മലബാറിലല്ലേ? ഒരു ദിവസത്തെ വാടക രൂപാ 65,000. സ്മോളടിച്ചതിന്‌ വേറെ 15,000. ഇതൊന്നും സ്വന്തം പോക്കറ്റിലെ കാശല്ല. ഒരു ഷാജഹാനാണ്‌ കൊടുത്തത്‌, സൗത്ത്‌ ഇന്ത്യന്‍ ലോട്ടറി മൊത്ത വ്യാപാരി സാന്റിയാഗോയുടെ അടുത്ത ആള്‍".

"കോണ്‍ഗ്രസ്‌ പാര്‍ട്ടി സ്പോക്സ്‌ മാനാകുമ്പോള്‍ രണ്ടുവാക്കു പറഞ്ഞു കൊണ്ടിരിക്കണം, 'അന്വേഷിക്കാം', 'പഠിക്കട്ടെ' എന്നൊക്കെ. പത്രക്കാര്‍ കൂടെക്കൂടെ ചോദ്യം ആവര്‍ത്തിച്ചാലും ഇതുതന്നെ പല്ലവി. ആടിനെ പട്ടിയാക്കുന്നതാണ്‌ ഒട്ടുമിക്ക പാര്‍ട്ടി വക്താക്കളുടെയും പണി. എന്നാല്‍ ചില വക്താക്കള്‍ക്ക്‌ വാക്കു വായ്ക്കകത്തുനിന്ന്‌ പുറത്തേക്ക്‌ വരണമെങ്കില്‍ രണ്ടുസ്മോള്‍ അകത്തേക്കു .... വീഴണം. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ ട്രൂ ഗാന്ധിയനായതുകൊണ്ട്‌ സിംഗ്‌വിക്കും മറിച്ചൊരു സ്വഭാവമില്ല. അങ്ങനെയാണ്‌ 15,000 രൂപായുടെ അഡീഷണല്‍ ബില്ല്‌ വന്നത്‌. ഈ ബില്ലു വിവരണങ്ങളെല്ലാം ചാനലിലൂടെ പുറത്തുവിട്ടതോടെ താജ്മലബാറിനെക്കുറിച്ചു വിദേശ ടൂറിസ്റ്റുകളെല്ലാം അറിഞ്ഞു. ആഭ്യന്തര ടൂറിസം പ്രമോഷനും അതോടെ ആക്കം കൂടി.

"ബില്ലുവിവരം പുറത്തുവിട്ടത്‌ ജീവനക്കാരന്റെ ഒരുതന്ത്രമാണെങ്കിലോ?"

"അതുകൊണ്ടാ ഹോട്ടല്‍ പൂട്ടുമെന്ന്‌ പറഞ്ഞത്‌. സ്ഥാപനത്തിനോട്‌ കൂറുള്ള ജോലിക്കാര്‍ അങ്ങനെ ചെയ്യും. പക്ഷെ കസ്റ്റമര്‍ വരാന്‍ മടിക്കും. എങ്കിലും ഹോട്ടലിനെക്കുറിച്ച്‌ നാലുപേര്‍ അറിഞ്ഞല്ലോ? അല്ലാതെ കേരളം ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ പരസ്യം കണ്ടാല്‍ ആരെങ്കിലും കേരളത്തിലേക്ക്‌ തിരിഞ്ഞുനോക്കുമോ?"

"ഏതു പരസ്യം?"

"അതിതുവരെയും സാറു കണ്ടില്ലേ?' എല്ലാ ചാനലിലും നാഴികയ്ക്ക്‌ നൂറുവട്ടം കാണിക്കുന്നുണ്ട്‌. അരയില്‍ അരമുഴം വെള്ളത്തുണിയും ചുറ്റി യുവതി മലര്‍ന്നു കിടക്കുന്നതാണ്‌ പരസ്യം. ഇടയ്ക്ക്‌ തിരിയുകയും കയ്യെത്താത്ത സ്ഥലത്ത്‌ തേളുകുത്തിയതുപോലെ പുളയുകയും ചെയ്യുന്നുണ്ട്‌. കൂടെ 'ഗോഡ്സ്‌ ഓണ്‍ കണ്‍ട്രി' എന്ന കാപ്ഷനുമുണ്ട്‌. ഈ പരസ്യം കണ്ടിട്ടുവേണം സായിപ്പു ടൂറിസ്റ്റായി കേരളത്തിലെത്താന്‍. അമേരിക്കയില്‍ കിട്ടാത്ത സാധനമാണല്ലോ തുണിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നത്‌?"

"ഉമ്മന്‍ചാണ്ടിയെയും കൂട്ടരേയും കുപ്പിയിലാക്കാന്‍ ഐസക്കും കൂട്ടരുംകൂടി മാര്‍ട്ടിന്റെ പേരില്‍ ഹോട്ടല്‍ ബില്ല്‌ അടച്ചതാണെങ്കിലോ?" "അങ്ങനെയും പറയാം, സോണിയ ഗാന്ധിയാണ്‌ സിംഗ്‌വിയെ കേരളത്തിലോട്ട്‌ വിട്ടതെന്ന്‌ പറയാമെങ്കില്‍ ഇതിലെന്തു കുഴപ്പം? പരസ്പ്പരം ചെളിവാരിയെറിഞ്ഞു ജനത്തെ പൊട്ടന്‍ കളിപ്പിക്കുന്നതാണല്ലോ രാഷ്ട്രീയം എന്നുപറയുന്നത്‌. ക്ഷൗരക്കടയില്‍ രാഷ്ട്രീയം മിണ്ടിപ്പോകരുതെന്ന്‌ എഴുതിവെച്ചിരിക്കുന്നതിന്റെ പൊരുള്‍ മനസിലാവില്ലേ?"

No comments:

Post a Comment