Monday 27 December 2010

തോമസ്‌ ആന്റ്‌ തോമസ്‌

കെ.എ.സോളമന്‍

Posted On: Thu, 18 Mar 2010 22:34:31

പുതിയ കമ്പനിയാണ്‌, കഴിഞ്ഞ ജനുവരിയിലെ പുഴുക്കുത്സവകാലത്താണ്‌ സ്ഥാപിച്ചത്‌, തണ്ണീര്‍മുക്കത്തുവെച്ച്‌. ഇത്‌ കപ്പപ്പുഴുക്കോ ചക്കപ്പുഴുക്കോ അല്ല. കരിമീന്‍ പുഴുക്ക്‌. കരിമീന്‍ വാഴയിലയില്‍ പുഴുങ്ങി കൊടുക്കും. വന്‍ റിസോര്‍ട്ടുകാരുടെ മേല്‍നോട്ടത്തിലാണ്‌ ഇത്‌ ചെയ്യുന്നത്‌. കരിമീനിന്റെ വാലും കുടലും കളയില്ല. കളഞ്ഞാല്‍ മീന്‍ ചെറുതായിപ്പോകും. ചേറു ചുവക്കുന്ന ഈ പുഴുക്കുകഴിച്ചിട്ട്‌ സായിപ്പു വിളിച്ചു പറയും "വണ്ടര്‍ഫുള്‍." റിസോര്‍ട്ടുകാരന്‌ സായിപ്പിന്റെ വക ഡോളര്‍, പിന്നെ സര്‍ക്കാര്‍ വക സബ്സിഡി.

ഈ റിയാലിറ്റി ഷോ തോമച്ചനും തോമാച്ചനുംകൂടി ഏറ്റെടുത്ത്‌ നടത്തുകയായിരുന്നു ഇക്കുറി. കൂട്ടിന്‌ കഞ്ഞിക്കുഴിയിലെ പയറു കൃഷിക്കാരും മാരാരിക്കുളത്തെ വഴുതന വിദ്വാന്മാരും ഉണ്ടായിരുന്നു. അഞ്ചെട്ടുലക്ഷം തുലച്ച വഴുതനോത്സവം കഴിഞ്ഞതോടെ ബിടി വഴുതനയെക്കുറിച്ചു മിണ്ടിയാല്‍ ക്രിമിനല്‍ കേസ്‌ ഉറപ്പ്‌. അതാണ്‌ കേന്ദ്രനിയമം. അതുകൊണ്ടാണിപ്പോള്‍ പറയുന്നത്‌ വഴുതന, വഴുതനയല്ലെന്നും പ്രതീകമാണെന്നും. മൊണ്‍സാന്തോയ്ക്കെതിരെയുള്ള പ്രതീകം. സാന്തിയാഗോ മാര്‍ട്ടിനെതിരെയുള്ളത്‌ പുറകെ. അതെന്തുമാകട്ടെ രണ്ടു തോമച്ചന്മാരുംകൂടി പുഴുക്കുത്സവം ഗംഭീരമാക്കി. പറഞ്ഞില്ലല്ലോ? ഒരാള്‍ കേന്ദ്രതോമ, മറ്റേയാല്‍ കേരളതോമ. ഒരാള്‍ കടുത്ത വിശ്വാസിയെങ്കില്‍ മറ്റേയാള്‍ അവിശ്വാസി. ഒരാള്‍ ഭാര്യയുടെ കയ്യില്‍നിന്ന്‌ പുട്ടും മുട്ട റോസ്റ്റും കഴിച്ചിട്ട്‌ പാര്‍ലമന്റിലേക്ക്‌ പോകുമ്പോള്‍ മറ്റേയാള്‍ അമ്മയുടെ അടുത്തുനിന്ന്‌ മിനുസമുള്ള ഇടിയപ്പവും കോഴിസ്റ്റൂവും കഴിച്ചിട്ട്‌ അസംബ്ലിയിലോട്ട്‌.

വിശ്വാസിയായ തോമ പള്ളികളായ പള്ളികളിലൊക്കെ നേര്‍ച്ച ഇട്ടും പാതിരിമാരെ കണ്ടാല്‍ മുണ്ടുരിഞ്ഞു കൈകള്‍ പൊത്തും. പറ്റിയാല്‍ കുമ്പസാരിച്ചിട്ടേ മടങ്ങൂ. ഇതിന്‌ പ്രായശ്ചിത്തമായി ചില അമ്പലങ്ങളില്‍ പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തും. എന്തിനും ഏതിനും ഒരു മാര്‍ക്കറ്റിംഗ്‌ തന്ത്രം പരീക്ഷിക്കണമല്ലൊ. അവിശ്വാസിയായ തോമായാകട്ടെ പാതിരിമാരെ ദുരെയെങ്ങാനും കണ്ടാല്‍ തന്റെ ഡിസൈനര്‍ താടിയില്‍ മുശറു കയറിയതുപോലെ കൂട്ടിപ്പിടിച്ചുതിരുമ്മും. എന്നിട്ട്‌ ആകാശത്തേക്ക്‌ മഴക്കാറുനോക്കി നടക്കും. ബജറ്റുപോലെയുള്ള സാഹിത്യസൃഷ്ടിയിലൂടെ കൊന്തയ്ക്കും കുന്തിരിക്കത്തിനും വിലകുറച്ചെന്ന്‌ പറഞ്ഞ്‌ പാതിരിമാരെ അവഹേളിക്കുകയും ചെയ്യും.

ഒരാള്‍ കെമിസ്ട്രി പ്രൊഫസറെങ്കില്‍ മറ്റേയാള്‍ എക്കണോമിക്സ്‌ ഡോക്ടര്‍.

ജനുവരിയിലെ തണ്ണീര്‍മുക്കം പുഴുക്കുത്സവത്തില്‍ രണ്ടുപേരും കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ചു പിരിഞ്ഞതാണ്‌. പിന്നെന്തുകൊണ്ട്‌ ഇപ്പോള്‍ ഇങ്ങനെ? അതിന്‌ കാരണമുണ്ട്‌.

സന്തോഷാധിരേകത്തില്‍ കേരളതോമ കൊടുത്തുവിട്ട മാരാരിക്കുളം പിക്കിള്‍സ്‌ കേന്ദ്രതോമ ടേസ്റ്റു ചെയ്തില്ല. കുമ്പളങ്ങിയിലേക്കുള്ള യാത്രയില്‍ പൊന്നാംവെളി പാലത്തില്‍നിന്ന്‌ തോട്ടിലേക്ക്‌ എറിഞ്ഞുകളഞ്ഞു. പൊന്നാംവെളി തോട്‌ അവസാനിക്കുന്നത്‌ വേമ്പനാട്ടുകായലിലാണ്‌. 'മാരാരി പിക്കിള്‍സ്‌' വേമ്പനാട്ടുകായലിലെ കരിമീനുകള്‍ ഭക്ഷിക്കട്ടെ കേണ്ട തോമ കരുതി. അല്ലെങ്കിലും കൊച്ചുറാണിക്ക്‌ അതൊന....

്നും ഇഷ്ടമല്ല. സ്നേഹം കൂടുമ്പോള്‍ വീട്ടുകാരിയെ കൊച്ചുറാണിയെന്നാ വിളിക്കുക. പിക്കിള്‍സിനോട്‌ വലിയ വെറുപ്പില്ലെങ്കിലും അതുകൊടുത്ത ആളെ അത്ര പഥ്യമല്ല.

എന്താ വേഷം? സ്ത്രീകളുടെ 'നൈറ്റി'പോലുള്ള ഒരുതരം വസ്ത്രം ധരിച്ചല്ലേ അസംബ്ലിയിലും പുറത്തും ബുദ്ധിജീവി വേഷം കെട്ടുക. ഇക്കണ്ടതായ പുരുഷന്മാരൊക്കെ നൈറ്റി ധരിക്കാന്‍ തുടങ്ങിയാല്‍ സ്ത്രീകളെന്തു ചെയ്യും. അവര്‍ക്ക്‌ സംവരണവുമില്ല, നൈറ്റിയുമില്ല. അതുകൊണ്ട്‌ 'തോമച്ചന്‍ തന്നത്‌' എന്നുപറഞ്ഞാലുണ്ടാകാവുന്ന പുകില്‍ പേടിച്ചാണ്‌ മാരാരി പിക്കിള്‍സ്‌ പൊന്നാംവെളി തോട്ടിലെറിഞ്ഞത്‌.

പിക്കിള്‍സിന്‌ പകരമായി കേരള തോമയെ കുമ്പളങ്ങിയിലോട്ട്‌ ക്ഷണിച്ചതാണ്‌. ബോഡി മസാജിന്‌. പക്ഷെ വന്നില്ല. ബുദ്ധിജീവി പരിവേഷം താടിയിലും തടിയിലും താങ്ങി നടക്കുന്നവര്‍ക്ക്‌ ബോഡിമസ്സാജിന്റെ ഗുണം അറിയോ? ഇന്ത്യാവിഷന്‍ ടിവിക്കാര്‌ 'തന്റെ ബോഡി മസ്സാജി'ന്റെ എപ്പിസോഡ്‌ കൂടെക്കൂടെ കാണിച്ചതുകൊണ്ടല്ലേ ജയിച്ചത്‌. ഈ ബുദ്ധി എതിര്‍സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചാനല്‍കാര്‍ പ്രയോഗിക്കാതിരുന്നത്‌ തന്റെ തന്നെ ഭാഗ്യം. കേന്ദ്ര തോമ ഓര്‍ത്തു.

പക്ഷെ മൂന്നുമാസം പിന്നിട്ടില്ല, മാര്‍ച്ച്‌ ആദ്യവാരത്തില്‍ത്തന്നെ തോമസ്‌ ആന്റ്‌ തോമസ്‌ ഇങ്ക്‌ പൊളിഞ്ഞു. കേരള തോമ ബജറ്റ്‌ അവതരിപ്പിച്ചതോടെയാണ്‌ ഇത്‌ തുടങ്ങിയത്‌. രണ്ട്‌ രൂപായ്ക്കു കൊടുക്കാന്‍ പോകുന്നത്‌ കേന്ദ്രത്തിന്റെ അരിയാണെന്ന്‌ കേന്ദ്രതോമ പറയുമ്പോള്‍ അത്‌ തന്റേതെന്ന്‌ കേരള തോമ. അയ്യങ്കാളി പദ്ധതി കേന്ദ്രത്തിന്റെ കോപ്പിയെന്ന്‌ പറഞ്ഞപ്പോള്‍ കേന്ദ്രമന്ത്രി സ്വന്തം സ്ഥാനം മറക്കരുതെന്ന്‌ കേരള തോമ. ചെളിവാരിയെറിയാന്‍ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണിപ്പോള്‍ രണ്ടു താമമാരും.

'പഴയകാല' സിനിമാനടന്‍ തിലകന്‍ പറഞ്ഞിട്ടുണ്ട്‌. എന്തിനും ഏതിനും ഒരു കെമിസ്ട്രി വേണമെന്ന്‌. താനും മോഹന്‍ലാലും തമ്മില്‍ കെമിസ്ട്രിയുണ്ട്‌. പക്ഷെ താനും മമ്മൂട്ടിയും തമ്മില്‍ കെമിസ്ട്രിയില്ല. അങ്ങനെ പള്ളിക്കൂടം കാണാത്തവര്‍ക്കുപോലും മനസ്സിലാകുന്ന കേന്ദ്രതോമായുടെ കെമിസ്ട്രി കേരള തോമായ്ക്ക്‌ മനസ്സിലാകുന്നില്ല. അതുപോലെ കെമിസ്ട്രി മാത്രമറിയാവുന്ന കേന്ദ്രതോമായ്ക്ക്‌ കേരള തോമായുടെ ഇക്കണോമിക്സ്‌ മനസ്സിലാകുന്നില്ല. ഇതിനിടയില്‍ക്കിടന്ന്‌ വലയുകയാണ്‌ കേരളത്തിലെ ബിപില്‍, എപിഎല്‍, ഐപിഎല്‍ ജനങ്ങള്‍.

അപ്പോള്‍ ചോദിക്കട്ടെ തോമാച്ചന്മാരെ, എന്നെങ്കിലും കിട്ടുമോ ഞങ്ങള്‍ ബിപിഎല്ലുകാര്‍ക്ക്‌ രണ്ടുരൂപയ്ക്ക്‌ അരി?

No comments:

Post a Comment