Wednesday, 1 June 2011

ഗ്രാമം, നഗരം, പാതാളം! - കെ.എ.സോളമന്‍




തദ്ദേശസ്വയംഭരണത്തെ ഗ്രാമം, നഗരം, പാതാളം എന്നിങ്ങനെ മൂന്നായി തിരിച്ചതോടെ മുന്‍ ധനമന്ത്രി തോമസ്ജി ഐസക്ജി അങ്കലാപ്പിലായി. തന്റെ കുടുംബശ്രീ പെണ്ണുങ്ങള്‍ നാനാവഴിക്കാകും എന്ന ഉത്കണ്ഠയാണ്‌ ഐസക്ജിക്ക്‌. അതുതന്നെയാണ്‌ കുഞ്ഞാലിക്കുട്ടി സാബിഹും ഉമ്മന്‍ചാണ്ടിജിയും ആലോചിച്ചു കണ്ടുപിടിച്ചത്‌. സെറ്റ്‌ സാരി അണിഞ്ഞും ശിങ്കാരിമേളം നടത്തിയും ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ പെണ്ണുങ്ങള്‍ ഇടയ്ക്കിടെ ഐസക്കിന്റെ ജുബ്ബയില്‍ തൂങ്ങുമായിരുന്നു. ഇനി മുതല്‍ അതില്ല.

ജനത്തിന്‌ മനസ്സിലാകാത്ത കാര്യം മറ്റൊന്നാണ്‌. 2100 കോടി രൂപ പത്രക്കടലാസില്‍ പൊതിഞ്ഞ്‌ ഖജനാവില്‍ വെച്ചിട്ടുപോന്നെന്നാണ്‌ ഐസക്ജി പറയുന്നത്‌. പൊതി അഴിച്ചു നോക്കിയപ്പോള്‍ അതില്‍ കാല്‍കാശില്ലെന്ന്‌ പുതിയ ധനകാര്യന്‍ കെ.എം.മാണി. മാണി എപ്പോഴും ആന്റണിയെപ്പോലാണ്‌ 5 പൈസയില്ലെന്ന്‌ കരഞ്ഞുകൊണ്ടിരിക്കും. ഐസക്ജി ശരിക്കൊന്നോര്‍ത്തുനോക്കൂ, പണം പൊതിഞ്ഞുവെച്ചത്‌ ട്രഷറിയില്‍ തന്നെയോ, അതോ സ്വന്തം ജുബ്ബായുടെ കീശയിലോ? മാണി തുടങ്ങിവെച്ച ഈ ‘പഞ്ഞവര്‍ത്തമാനം” അടുത്ത അഞ്ചുവര്‍ഷം തുടര്‍ച്ചയായി കേള്‍ക്കേണ്ടി വരുമല്ലോയെന്നോര്‍ക്കുമ്പോഴാണ്‌ 4 എണ്ണത്തിന്റെ ഭൂരിപക്ഷത്തില്‍ ഒരു വയ്യാവേലിയെ തോളത്തുവെച്ചതിന്റെ അമളി ജനത്തിന്‌ ബോധ്യമാകുക.

ആലപ്പുഴ ജില്ലക്കാര്‍ക്ക്‌ 2011 ന്റെ അവസാന പകുതി അത്ര മെച്ചപ്പെട്ടതല്ല. ആലപ്പുഴ മന്ത്രി, മാരാരിക്കുളം മന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി പല മന്ത്രിമാരുണ്ടായിരുന്ന ആലപ്പുഴ ജില്ലയ്ക്ക്‌ മെയ്‌ പകുതി മുതല്‍ സംസ്ഥാന മന്ത്രിസഭയില്‍ ആളില്ല. മന്ത്രിമാരുടെ കാര്യത്തില്‍ സംഭവിച്ച ഈ അവഗണ ഒഴിവാക്കാന്‍ മുന്‍ ആലപ്പുഴ മന്ത്രിയെ ആ നിലയില്‍ തുടരാന്‍ അനുവദിച്ചാലും മതി. മന്ത്രിമാരുടെ കാര്യത്തില്‍ സംഭവിച്ച അതേ പരാജയമാണ്‌ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയിലും. കേരള സംസ്ഥാനത്തെ 14 ജില്ലകളില്‍ രാഷ്ട്രീയപരമായി (നിയമപരമല്ല) മുന്‍പന്തിയുള്ള ജില്ലയായതുകൊണ്ടാവണം മെഡിക്കല്‍ എന്‍ട്രന്‍സില്‍ അടുത്തെങ്ങും റാങ്കു ലഭിക്കാതെ പോയത്‌. ആദ്യത്തെ 14 റാങ്കില്‍ ഒരെണ്ണം അവകാശപ്പെടാന്‍ ജില്ലയ്ക്ക്‌ അര്‍ഹതയുണ്ടെങ്കിലും 14-ലോ 98 ല്‍ പെട്ടതോ ആയ റാങ്കൊന്നും ആലപ്പുഴ യ്ക്കില്ല. ആകെ കിട്ടിയ ആദ്യ റാങ്ക്‌ 99-ാ‍ മത്തേതാണ്‌ അതും കാഞ്ഞിരപ്പള്ളി സ്കൂളില്‍ പഠിച്ച പെണ്‍കുട്ടിക്ക്‌. അതുകൊണ്ട്‌ ആലപ്പുഴ ജില്ലയിലെ സെക്കന്ററി സ്കൂള്‍ മാനേജര്‍മാര്‍ ഒരു കാര്യം ചെയ്യുന്നത്‌ നന്നായിരിക്കും. ഈ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ എടുക്കുന്നത്‌ നിര്‍ത്തുക. പകരം എല്ലുപൊടി ഫാക്ടറിയായി പരിണമിപ്പിക്കുക. കുറെപ്പേര്‍ക്ക്‌ ഉപജീവനത്തന്‌ മാര്‍ഗമാകും.

മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്‌ ലഭിച്ച ഇര്‍ഫാന്‍ മഹാഭാഗ്യവാന്‍. മറ്റ്‌ ഒന്നാം റാങ്കുകാര്‍ക്കൊക്കെ ഒരു ലഡുകിട്ടിയപ്പോള്‍, ഇര്‍ഫാന്‌ കിട്ടിയത്‌ പല ലഡു. പച്ചനിറത്തിലുള്ള ലഡു. വിദ്യാഭ്യാസമന്ത്രി പച്ചലഡുവുമായി ഇര്‍ഫാനെ കാണാനെത്തിയപ്പോള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഒട്ടുംബന്ധപ്പെടാത്ത കുഞ്ഞാലിക്കുട്ടി സാഹിബ്ബും പച്ച ലഡുവുമായി എത്തി. അപ്പോഴുണ്ട്‌, നില്‍ക്കുന്നു, “ബക്കറ്റിലെ തിരമാല” ഉര്‍ദുവില്‍നിന്ന്‌ മൊഴിമാറ്റം നടത്തിയ ജലീല്‍ സാഹിബും പച്ച ലഡുവുമായി. പച്ച ലഡു തിന്നുതിന്ന്‌ പഞ്ചാരയുടെ അസുഖം മൂര്‍ച്ഛിച്ചതിനാല്‍ കുത്തിവെപ്പെടുക്കുകയാണ്‌ ഇര്‍ഫാന്റെ ബാപ്പയും ഉമ്മയുമെന്ന്‌ മലപ്പുറം ചാനലിന്റെ ഇന്റര്‍നാഷണല്‍ ഡെസ്ക്‌. ആര്‍ക്കും വേണ്ടാത്ത എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സിന്‌ മാത്രമേ പ്ലസ്‌ ടു മാര്‍ക്ക്‌ പരിഗണിക്കൂ. ആവശ്യത്തിന്‌ ഡോക്ടര്‍മാരായി കഴിയുമ്പോള്‍ മെഡിക്കല്‍ എന്‍ട്രന്‍സിലും പ്ലസ്‌ ടുമാര്‍ക്ക്‌ പരിഗണിക്കും. അതുവരെ ആലപ്പുഴയിലെ രോഗികള്‍ കൂത്താട്ടുകുളത്തോ, കോഴഞ്ചേരിയിലോ പോയി ചികിത്സിക്കണം. ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ജില്ലാ ആശുപത്രിയും പോസ്റ്റ്മോര്‍ട്ടം സെന്ററുകളായി പരിമിതപ്പെടുത്തും. ആലപ്പുഴയിലാണല്ലോ സകല പോസ്റ്റുമോര്‍ട്ടവും കന്യാകത്വ പരിശോധനയും.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 100 ദിവസത്തെ ജനപ്രിയ പരിപാടി തയ്യാറാക്കുന്നത്രെ! ഭരിക്കാന്‍ 1826 ദിവസത്തെ കാലാവധി ഉണ്ടെങ്കിലും പദ്ധതികള്‍ 100 ദിവസത്തേയ്ക്ക്‌ മാത്രമായി ചുരുക്കിയത്‌ ഭരണം100 ദിവസം പിന്നിടുമോയെന്ന സംശയം കൊണ്ടാണ്‌. 100 ദിവസത്തെ ജനപ്രിയം കഴിഞ്ഞാല്‍ പിന്നെയാണ്‌ ജനദ്രോഹം. ജനപ്രിയ പദ്ധതികള്‍ കൂട്ടായിരുന്ന്‌ ചിന്തിച്ചെടുത്താല്‍ ഉദ്യോഗസ്ഥരെ ഹൗസ്ബോട്ടില്‍ കയറ്റി ആര്‍ ബ്ലോക്ക്‌ കായലില്‍ കുടിയിരുത്തിയിരിക്കുകയാണ്‌. കായലിലെ തണുത്ത കാറ്റ്‌ തലയ്ക്കടിച്ചാല്‍ പുതിയ പദ്ധതികള്‍ താനെ തോന്നിത്തുടങ്ങും. പദ്ധതികള്‍ ആവിഷ്ക്കരിക്കെ കായലില്‍ വീണ്‌ നീന്താന്‍ മറന്നുപോയാല്‍ അങ്ങനെ വീണവരുടെ ലിസ്റ്റില്‍പ്പെടുത്തി പത്രത്തില്‍ വാര്‍ത്ത കൊടുക്കും.

ഇപ്പോള്‍തന്നെ രണ്ടു ജനപ്രിയ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞെന്നാണ്‌ അമ്പലപ്പുഴക്കാരന്‍ കുഞ്ചുപിള്ള പറയുന്നത്‌. പിടിച്ചുപറിക്കാരുടെ ഫോട്ടോ മൊബെയിലില്‍ പകര്‍ത്തി ഡിജിപിക്ക്‌ കൈമാറി 5000 രൂപ, പറ്റുന്നതാണ്‌ ആദ്യത്തേത്‌. കേരള ലോട്ടറി ഏഴുദിവസവും നറുക്കെടുത്ത്‌ ജനത്തെ ഏഴുദിവസവും തെണ്ടിയ്ക്കുകയെന്നതാണ്‌ രണ്ടാമത്തേത്‌. നാടുമുന്നേറിയ നാലുവര്‍ഷത്തിന്റെ പരസ്യമായി ലാപ്ടോപ്പ്‌ ബാഗും തൂക്കി ലോട്ടറി കച്ചവടം നടത്തി മാസം 10000-ഉം കൂടുതലും വരുമാനമുണ്ടാക്കിയ യുവാക്കളുടെ പത്രപരസ്യം ജനം മറന്നിട്ടില്ല. ജനപ്രിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ ഗ്രാമവും നഗരവും മാത്രം വികസിപ്പിച്ചാല്‍ പോരാ, പാതാളവും വികസിപ്പിക്കണം. 100 ഉം 200 ഉം ദിവസത്തെ ജനപ്രിയം കഴിയുമ്പോള്‍ ജനത്തിന്‌ പാതാളത്തിലേക്കല്ലേ പോകേണ്ടത്‌. നാടും നഗരവും സ്വര്‍ഗമാക്കിയില്ലെങ്കിലും വഴിയോരങ്ങളില്‍ മൂക്കുപൊത്താതെ നില്‍ക്കാന്‍ മാര്‍ഗമുണ്ടാക്കിയാല്‍ മതിയായിരുന്നു.

No comments:

Post a Comment