Tuesday, 7 June 2011
മാരന്‍, മാക്സിസ്, മലേഷ്യ! -കെ.എ. സോളമന്‍
മന്ത്രിമാരെയും സാമാജികരെയും സ്വീകരിക്കാന്‍നിയമസഭ തയ്യാറാകുന്നതുപോലെ ശിക്ഷിക്കപ്പെട്ട മന്ത്രിമാരെയും എംപിമാരെയും വരവേല്‍ക്കാന്‍ ജയിലും പുതുക്കിക്കൊണ്ടിരിക്കുകയാണ്. മന്ത്രി എ. രാജയും കലൈഞ്ജര്‍ കുഴന്തൈ കനിമൊഴിയും തീഹാറില്‍ താമസമാക്കിയിട്ട് അധികദിവസമായില്ല. അടുത്ത ഊഴം മാരന്‍ മന്ത്രിയുടേതാണ്. ടെക്സ്റ്റെയില്‍ മന്ത്രിയുടെ തിരക്കിട്ട പണിയായിരുന്നതിനാല്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇനി ആ കുറവില്ല. ജയിലില്‍ കൃത്യസമയത്താണ് ഭക്ഷണം, അതും സമീകൃതാഹാരം.
രണ്ട് ജി സ്കാമില്‍ വാല്യക്കാരന്‍ രാജായും കനിമൊഴിയും അകത്തായതോടെ താന്‍ രക്ഷപ്പെട്ടെന്നാണ് ദയാനിധി മാരന്‍ കരുതിയത്. പക്ഷെ മാരനെ ഉടന്‍ സിബിഐ ചോദ്യം ചെയ്യും. കുറച്ചുനാളായി സിബിഐക്ക് മുഖ്യപണി മന്ത്രിമാരെ ചോദ്യം ചെയ്യലാണ്. ഇടയ്ക്കെങ്ങാനും സമയം കിട്ടിയാല്‍ ബോംബുകേസോ, ബസ് തീവെപ്പുകേസോ അന്വേഷിക്കും.
ഒരു ലക്ഷത്തി എഴുപത്താറായിരം കോടിയുടേതാണ് 2ജി സ്പെക്ട്രം അഴിമതി. അങ്ങനെ നോക്കുമ്പോള്‍ മാരന്റെ കുറ്റം വെറും സില്ലി. മലേഷ്യന്‍ കമ്പനി മാക്സിസ് (മാര്‍ക്സിസ്റ്റുകാര്‍ ഇളകുമോ?) ടെലികോം കമ്പനിയായ എയര്‍സെല്‍ വാങ്ങിയതിന് പിന്നില്‍ മാരനാണെന്നും പ്രത്യുപകാരമായി മാരന്റെ സഹോദരന്‍ മറ്റൊരു മാരന്‍ മാക്സിസ് ഗ്രൂപ്പില്‍ നിന്ന് 700 കോടിരൂപ കൈപ്പറ്റിയെന്നതുമാണ് ആരോപണം. മന്ത്രിയായിരിക്കെ പണം നേരിട്ടു കൈപ്പറ്റുന്നത് ശരിയല്ലെന്ന് ചില ഗാന്ധിയന്മാര്‍ പറയുന്നതുകൊണ്ടാണ് സഹോദരനോടു വാങ്ങാന്‍ പറഞ്ഞത്. 700 കോടിയെന്നത് മാരന്മാര്‍ക്ക് മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ല. പിന്നെ കക്കുന്നവര്‍ എല്ലാം കള്ളന്മാര്‍ എന്ന പൊതുതത്വം ചൂണ്ടിക്കാട്ടിയാണ് മാരനെതിരെ അന്വേഷണവും തീഹാറില്‍ മുറി വെഞ്ചരിപ്പും.
കേരളത്തിലെ ‘സുകുമാരന്‍’ ആണ് തമിഴ്‌നാട്ടില്‍ ‘മാരന്‍’ ആയി അറിയപ്പെടുന്നതെന്ന് ചരിത്രപണ്ഡിതന്‍ വെള്ളായണി പരമേശ്വരന്‍. മാരന്മാരെ വിശ്വസിച്ചുനടന്നവരുടെ ‘ടെക്സ്റ്റൈയിലി’ലാണ് തീപിടിച്ചത്. ഇന്നലെ (ജൂണ്‍ 1) 390 രൂപ വിലയുണ്ടായിരുന്ന സണ്‍ ടിവി ഷെയറൊന്നിന് ഇന്ന് വില 270 രൂപ. 120 രൂപയാണ് ഒറ്റദിവസം കൊണ്ട് ഒഴുകിപ്പോയത്. നൂറ് ഷെയറുള്ള കൈമള്‍ സാര്‍ ഉറങ്ങിയുണര്‍ന്നപ്പോള്‍ നഷ്ടം 12000 രൂപ. ഒരാഴ്ച കഴിയുമ്പോള്‍ സണ്‍ ടിവി ഓഹരി ‘ആക്രി’ വിലയ്ക്കുവാങ്ങാമെന്നാണ് ഓഹരി വിദഗ്ധന്‍ പൊറിഞ്ചു വെളിപ്പറമ്പില്‍ വെളിപ്പെടുത്തുന്നത്.
യോഗാചാര്യന്‍ ബാബാ രാംദേവ് കള്ളപ്പണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടു നടത്താന്‍ പോകുന്ന നിരാഹാര സമരത്തില്‍ ഗാന്ധിയന്‍ അണ്ണാഹസാരെയും പങ്കെടുക്കുന്നു. കള്ളപ്പണം അന്വേഷിച്ചാല്‍ മാത്രം പോരാ ഇന്ത്യയിലെ പ്രാദേശിക കക്ഷികളെ നിരോധിക്കാനും ആവശ്യപ്പെടണം. പ്രാദേശിക കക്ഷികളെല്ലാം അഴിമതികക്ഷികളായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്.
ചോദിക്കുമ്പോള്‍, ചോദിക്കുമ്പോള്‍ കൂട്ടിക്കൊടുക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാത്തതുകൊണ്ട് സ്വകാര്യ പ്രാക്ടീസ് അനുവദിച്ചുകൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മന്ത്രി അടൂര്‍ പ്രകാശ്. മന്ത്രിയായുള്ള തന്റെ നിയോഗം തന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് മന്ത്രി തെളിയിച്ചിരിക്കുന്നു. പ്രാക്ടീസുള്ളവര്‍ക്കും അകത്തും പുറത്തും പ്രാക്ടീസ്. അതില്ലാത്തവനൊക്കെ ബ്ലേഡ് കമ്പനി നടത്തിയോ, ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടി നടത്തിയോ കാശുണ്ടാക്കിക്കൊള്ളും. ആപ്പിള്‍ എ ഡേയില്‍ നിക്ഷേപിച്ചവന് കിട്ടിയ ആപ്പിളില്‍ സര്‍വത്ര പുഴു!
പൂരം കഴിഞ്ഞ് പൂരപ്പറമ്പ് എങ്ങനെയിരിക്കുമെന്നു ചോദിച്ചാല്‍ ചേര്‍ത്തല ഗവ. ആശുപത്രി പോലിരിക്കും. സിസേറിയന്‍ സുനാമി ബാധിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രസവിക്കാന്‍ ഒരു ഗര്‍ഭിണിയും ഇപ്പോള്‍ വരുന്നില്ല. എന്തുകൊണ്ട് ആരും മുന്നോട്ട് വരുന്നില്ലായെന്നതിന്റെ കാരണം സമരവേലിയേറ്റം നടത്തിയ സംഘടനകളും സ്ഥാപനങ്ങളും അന്വേഷിക്കുന്നുമില്ല. സിസേറിയന്‍ നടത്താന്‍ മത്സരിച്ച ലേഡി ഡോക്ടര്‍മാര്‍ അന്യോന്യം പേന്‍കൊന്നും സൊറ പറഞ്ഞും സമയം കളയുന്നു.
യൂത്തന്മാര്‍ തൊട്ട് കുട്ടി കോണ്‍ഗ്രസും കുട്ടി സഖാക്കളും വരെ വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ മെക്കിട്ടുകയറുകയാണ്. തിരുത്തിയും പകര്‍ത്തിയും, പകര്‍ത്തിയും തിരുത്തിയും കൊണ്ടിരിക്കുന്ന പ്ലസ് ടു റിസള്‍ട്ട് തന്റെ കുഴപ്പം കൊണ്ടാണെന്ന് ഇവര്‍ ആരോപിക്കുമ്പോള്‍ ‘എന്റെ റബ്ബേ’യെന്ന് നിലവിളിക്കുകയാണ് റബ്ബ്. വിദ്യാഭ്യാസ വകുപ്പ് രണ്ടായി പകുത്തുകൊടുക്കണമെന്നും യൂത്തന്മാര്‍ ആവശ്യപ്പെടുന്നു.
പരസ്യത്തിന്റെ കാര്യത്തില്‍ എഞ്ചിനീയറിംഗ് കോളേജുകളെ വെല്ലുന്നതാണ് എല്‍പി സ്കൂളുകളുടേത്. എല്ലാ സ്കൂളിലും പ്രവേശനോത്സവം. ഉത്സവം ഉദ്ഘാടിക്കാന്‍ സ്ഥലം ഹെഡ്കോണ്‍സ്റ്റബിള്‍ തൊട്ട് മുന്‍ മന്ത്രിമാര്‍ വരെയുണ്ട്. ഒന്നും മനസ്സിലാകാത്ത പിഞ്ചുകുഞ്ഞുങ്ങളോട് ഇവരെല്ലാം പറയുന്നത് തങ്ങളും സ്കൂളില്‍ പഠിച്ചിട്ടുണ്ടെന്നാണ്. കവിതയെഴുതി കുട്ടികളെ പാടിക്കേള്‍പ്പിക്കുന്ന മുന്‍ മന്ത്രിമാരുമുണ്ട്.
ആരും തോല്‍ക്കാത്ത പരീക്ഷയാണ് പിഎച്ച്ഡിയെങ്കിലും അത് പാസാകുന്നത് അതികഠിനം. ഗൈഡ് എന്ന് പറയുന്ന ഒരുത്തന്റെ പുറകേ അഞ്ച് കൊല്ലം കുറഞ്ഞത് തിണ്ണനിരങ്ങണം, അദ്ദേഹത്തിന്റെ പേരക്കുട്ടിയെ തൊട്ടിലാട്ടണം. ഗൈഡിന്റെ ഭാര്യ എല്‍ഐസി ഏജന്റെങ്കില്‍ റിസേര്‍ച്ച് പോളിസിയും എടുക്കേണ്ടിവരും. കുറച്ചധികം കഷ്ടപ്പാടു സഹിച്ചാലെ പിഎച്ച്ഡി ലഭിക്കുവെന്നര്‍ത്ഥം. ഇത്തരം കഷ്ടപ്പെടലിന്റെ കണക്കെടുത്താല്‍ അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന് പിഎച്ച്ഡി കിട്ടാന്‍ യോഗ്യതയായി. പിഎച്ച്ഡി രജിസ്ട്രേഷന്‍ സംബന്ധിച്ച് സിംഗിള്‍ബെഞ്ചും ഡിവിഷന്‍ ബെഞ്ചും താണ്ടി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചിരിക്കുകയാണ് അരുണ്‍കുമാര്‍. അസിസ്റ്റന്റ് നിയമനത്തില്‍ അഴിമതി കാണാത്ത സിണ്ടിക്കേറ്റര്‍മാര്‍ അരുണ്‍ കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷനില്‍ അഴിമതി കണ്ടെത്തിയെന്നത് രസകരം. ഔദ്യോഗിക പക്ഷത്തില്‍ അച്ഛന്‍ പെടില്ലെങ്കില്‍ അതിന്റെ നഷ്ടം മകനും സഹിക്കണം. അച്ഛന്‍ അധികാരം വിട്ടസ്ഥിതിക്ക് ഇനി പിഎച്ച്ഡി കിട്ടിയാല്‍ അതിനൊരു വിലയുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment