തിരുവല്ല: പ്രശസ്ത എഴുത്തുകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഭാര്യ കാത്ത (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശങ്കരമംഗലം തറവാട്ടിലെ കമലാക്ഷിയമ്മ എന്ന കാത്ത മാസം ഒരു രൂപ വാടകക്കാരിയായി കഴിയുകയായിരുന്നു. തകഴിയുടെ കുടുംബവീടായ ശങ്കരമംഗലം അദ്ദേഹത്തിന്റെ സ്മാരകമായി സൂക്ഷിക്കുന്നതിനും മ്യൂസിയമാക്കുന്നതിനുമായി സര്‍ക്കാരിന് കൈമാറിയിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇപ്പോള്‍ ശങ്കരമംഗലം തറവാട്. ഒരു സഹായിയോടൊപ്പമാണ് കാത്ത ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. സംസ്കാരത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല. തകഴിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെ തന്നെയും സംസ്കരിക്കണമെന്ന് കാത്ത പറഞ്ഞിരുന്നു.
അനാരോഗ്യം മൂലം പല പൊതുപരിപാടികളിലും പങ്കെടുക്കുന്നത് കാത്ത കഴിഞ്ഞ കുറച്ചുനാളായി നിര്‍ത്തിവച്ചിരുന്നു. അവസാന നാളുകള്‍ വരെയും ശങ്കരമംഗലം തറവാട്ടില്‍ നടക്കുന്ന പല പരിപാടികളിലും അവര്‍ പങ്കെടുത്തിരുന്നു. കാത്തയുടെ അനാരോഗ്യം പരിഗണിച്ചാണ് പല പരിപാടികളും ശങ്കരമംഗലത്ത് നടത്തിയിരുന്നത്. കാത്തയെന്ന നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മ 1934 ലാണ് തകഴിയുടെ ജീവിത സഖിയായത്. തകഴി ശിവശങ്കരപ്പിള്ളയുടെ നിഴലായി ജീവിച്ച വ്യക്തിയായിരുന്നു അവര്‍. തകഴി പങ്കെടുക്കുന്ന പല പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു.
No comments:
Post a Comment