Saturday 11 June 2011

കുമ്പളം ടോളിനെതിരെ വ്യാപക പ്രതിഷേധം





മരട്‌: ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ അമിത ടോള്‍പിരിവിനെതിരെ പ്രതിഷേധം വ്യാപകം. സംസ്ഥാനത്ത്‌ നാളിതുവരെ ഉണ്ടായിരുന്ന നിരക്കുകളുടെ ഇരട്ടിയാണ്‌ ബൈപ്പാസിലെ പുതിയ ടോളില്‍ വാഹനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ദേശീയ പാതയില്‍ ഇതാദ്യമായാണ്‌ വാഹനങ്ങളില്‍ നിന്ന്‌ ടോള്‍ പിരിക്കുന്നത്‌. നാളിതുവരെ പാലങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു പണപ്പിരിവ്‌ നടത്തിയിരുന്നത്‌.
പ്രദേശവാസികള്‍ക്ക്‌ ടോള്‍ കൊടുക്കാതെ സ്വന്തം പഞ്ചായത്തിനകത്തുപോലും യാത്ര ചെയ്യാന്‍ കഴിയില്ല എന്നതാണ്‌ ഏറെ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുന്നത്‌. അമിത ടോള്‍ പിരിവിനെതിരെ ദേശീയ പാത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലും, വിവിധ യുവജനസംഘടനകള്‍, കോര്‍ഡിനേഷന്‍ ഓഫ്‌ കുമ്പളം റെസിഡന്റ്സ്‌ അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങി ഒട്ടേറെ സംഘടനകള്‍ സമരരംഗത്തേക്കിറങ്ങുകയാണ്‌.
ഇന്നലെ അര്‍ധരാത്രി മുതലാണ്‌ കുമ്പളത്തെ ടോള്‍ പ്ലാസയില്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിവ്‌ ആരംഭിച്ചിരിക്കുന്നത്‌. ആദ്യത്തെ നാലു മാസം ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുള്ള നാഷണല്‍ കൊച്ചിന്‍ പോര്‍ട്ട്‌ റോഡ്‌ കമ്പനിയാണ്‌ ടോള്‍ പിരിക്കുക. തുടര്‍ന്ന്‌ ടെണ്ടറിലൂടെ ഇത്‌ സ്വകാര്യ കരാറുകാരെ ഏല്‍പിക്കും. റോഡ്‌ കരാറിലെടുത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ നിര്‍മാണ കമ്പനിക്കുതന്നെ ടോള്‍ പിരിക്കാനുള്ള അവകാശം നല്‍കുവാനും ചില നീക്കങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്

Comment: Everyone should support the agitation. When people pay a huge sum as vehicle tax at registration it is highly objectionable to collect toll for journey on the road. All toll booths should be dismantled. The freedom of movement should not be curtailed by NH Authority
- K A Solaman

1 comment: