Tuesday 13 August 2013

പ്രണയത്തിനും ഡിഗ്രി!



“എന്റെ പ്രണയത്തിനും
നിന്റെ മൃദുലാധരത്തിനും
ഈ മനോഹര റോസാദളത്തിനും
ഒരേ നിറമാണ്‌,
ഒരേ സുഗന്ധമാണ്‌
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദന സുഗന്ധം”

പ്രണയത്തെക്കുറിച്ചുള്ള കവി വചനമാണ്‌. പ്രണയം ദുഃഖം പോലെ തന്നെ ശാശ്വതഭാവമാണ്‌, ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ കാശിന്‌ കൊള്ളാത്തവര്‍, പ്രണയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ്‌ സിനിമാ-നടീനടന്മാരും കവികളും എഴുത്തുകാരും കുറെ കോളേജ്‌ പ്രിന്‍സിപ്പാളുമാരും പറയുന്നത്‌. കുട്ടികള്‍ പ്രണയിച്ചു നടന്നാല്‍ കലാലയത്തില്‍ കുഴപ്പങ്ങള്‍ കുറഞ്ഞുകിട്ടും. പ്രണയമെന്തെന്നറിയാത്തവരാണ്‌ ബസ്സിന്‌ കല്ലെറിയാനും റോഡ്‌ ഉപരോധിക്കാനും സകലതും സ്തംഭിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതത്രെ. വര്‍ണ-വര്‍ഗ രഹിത സമൂഹത്തിന്‌ പ്രണയവിവാഹങ്ങള്‍ അനിവാര്യമെന്ന്‌ പ്രണയത്തില്‍ അഭിരമിച്ചവര്‍ വാദിക്കും. എന്നാല്‍ സ്വന്തം മകനോ മകളോ പ്രേമിച്ചാല്‍ അതംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകാത്ത മുന്‍ കമിതാക്കളും കുറവല്ല.
കേരളത്തിന്റെ തൊഴില്‍ മേഖല ഐടിയില്‍ കുടുങ്ങിയപ്പോള്‍ പ്രണയ വിവാഹിതരുടെ എണ്ണം കൂടി. മക്കള്‍ വരനെ, അല്ലെങ്കില്‍ വധുവിനെ അന്വേഷിച്ചു നടക്കേണ്ട രക്ഷിതാക്കളുടെ ജോലി കുറഞ്ഞു. വരനും വധുവും പരസ്പ്പരം നോക്കിയെടുത്തു കൊള്ളും, രക്ഷിതാക്കള്‍ക്ക്‌ വേണമെങ്കില്‍ വിവാഹത്തിന്‌ സഹകരിക്കാം.
പ്രണയിച്ചു വിവാഹം ചെയ്ത ചില വിദ്വാന്മാര്‍ പിന്നീട്‌ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ആവുന്ന കാഴ്ചയും കേരളത്തില്‍ സുലഭം. മിശ്രവിവാഹിതര്‍, തങ്ങള്‍ വിപ്ലവകാരികളാണെന്നും സമൂഹത്തിന്‌ നല്‍കിയ സംഭാവന പരിഗണിച്ചു പെന്‍ഷന്‍ നല്‍കണമെന്നും ആവശ്യപ്പെടും. സമുദായ നേതാക്കള്‍ ആരും തന്നെ പിന്തുണക്കാനില്ലാത്തതിനാല്‍ ആവശ്യം നിരാകരിക്കപ്പെടുകയാണ്‌ പതിവ്‌.
ചുരുക്കിപ്പറഞ്ഞാല്‍, പ്രണയിക്കാമെന്നല്ലാതെ പ്രണയത്തിന്‌ വലിയ അംഗീകാരമൊന്നും സമൂഹത്തിലില്ല. ജനിച്ചാലും മരിച്ചാലും പഞ്ചായത്തില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാം, പ്രണയിച്ചതിന്‌ ഒരു പഞ്ചായത്തും സര്‍ട്ടിഫിക്കറ്റ്‌ നല്‍കാറില്ല. എന്നാല്‍ ഇതിന്‌ മാറ്റം വരാന്‍ പോകുന്നു, അങ്ങ്‌ ബംഗാളില്‍ നിന്നാണ്‌ വാര്‍ത്ത.
ബംഗാളിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയാണ്‌ പ്രസിഡന്‍സി. വൈസ്‌ ചാന്‍സലര്‍ ഒരു മഹതിയാണ്‌, പേര്‌ മാളവിക സര്‍ക്കാര്‍. വിപ്ലവകരമായ തീരുമാനമാണ്‌ മാളവിക സര്‍ക്കാരിന്റെ കീഴിലുള്ള സിന്‍ഡിക്കേറ്റ്‌ എടുത്തിരിക്കുന്നത്‌. അടുത്ത കൊല്ലം മുതല്‍ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ നിന്ന്‌ “ലവ്‌” എന്ന വിഷയത്തില്‍ ഡിഗ്രിയെടുക്കാം. ഇതര ഇന്ത്യന്‍ സര്‍വകലാശാലകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു അദൃഷ്ട പൂര്‍വമായ ആശയം മറ്റൊരിടത്തും ജനിച്ചിട്ടില്ല.
‘ലവ്‌’എന്ന വാക്കിന്‌ സ്നേഹം, താല്‍പ്പര്യം, പ്രേമം, പ്രേമഭാജനം, സൗഹാര്‍ദ്ദം, അഭിനിവേശം, പ്രതിപത്തി, കാമുകന്‍, കാമുകി, ആസക്തി എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും വൈസ്‌ ചാന്‍സലര്‍ വിവക്ഷിക്കുന്നത്‌ പ്രണയം തന്നെയാവണം. ‘ആസക്തി’യില്‍ ഡിഗ്രി എടുത്ത്‌ എന്നൊക്കെ പറഞ്ഞാല്‍ അതിന്‌ സ്വീകാര്യത തീരെ കിട്ടില്ല.
മാളവിക സര്‍ക്കാരിനെ സഹായിക്കാന്‍ ഫിസിക്സ്‌ പ്രൊഫസര്‍ റായ്‌ ചൗധരിയുമുണ്ട്‌. മാറ്ററും റേഡിയേഷനും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചായിരുന്നു ഇത്രയും നാള്‍ പഠിപ്പിച്ചുപോന്നത്‌. ഇനിയങ്ങോട്ട്‌ ആണും-പെണ്ണും തമ്മിലുള്ള അഭിനിവേശം പഠിപ്പിക്കും.
കീഴ്‌വഴക്കം നോക്കിയാല്‍ പ്രണയം കഴിഞ്ഞാല്‍ പിന്നെ പ്രസവമാണ്‌. അതുകൊണ്ട്‌ ഡിഗ്രിക്ക്‌ ‘പ്രണയം’ പഠിക്കുന്ന പ്രസിഡന്‍സി യൂണിവേഴ്സിറ്റി കുട്ടികള്‍ക്ക്‌ തുടര്‍ പഠനത്തിന്‌ കാണിക്കാന്‍ പരുവത്തില്‍ നാലു കാമറ വെച്ചു ഷൂട്ട്‌ ചെയ്ത ഒരു ‘പ്രസവം’ സിനി കേരളത്തില്‍ റിലീസ്‌ കാത്തുകിടപ്പുണ്ട്‌. ഈ വിവരം മാളവികാ സര്‍ക്കാരിനും റായ്‌ ചൗധരിക്കും അറിയുമോ എന്തോ?

കെ.എ.സോളമന്‍, 

ജന്മഭൂമി 13-8-13

No comments:

Post a Comment