Tuesday 27 August 2013

ഡി-അഡിക്ഷന്‍!

Photo: Get Amazing Posts ► Lovely Roses
Get Amazing Posts ► Beautiful Garden

പ്രതിമാസ സാഹിത്യസംഗമമാണ്‌. 30 ഓളം വരുന്ന കവികളും കാഥികരുമുണ്ട്‌. ആനുകാലികങ്ങളില്‍ സ്പേസ്‌ കണ്‍സ്ട്രയിന്റ്സ്‌ ഉള്ളതിനാല്‍ സാംസ്കാരിക സംക്രമ വേളയിലാണ്‌ തങ്ങളുടെ സൃഷ്ടികള്‍ വെളിച്ചം കാണുന്നത്‌. എത്ര പേര്‍ കേള്‍ക്കുന്നു, ആസ്വദിക്കുന്നു എന്നത്‌ പ്രശ്നമല്ലെങ്കിലും ഏവരും കൃതികള്‍ അവതരിപ്പിക്കും. വയലാര്‍ കൃതി പോലും സ്വന്തം കവിതയായി അവതരിപ്പിക്കുന്നവരുണ്ട്‌.

സംഗമത്തില്‍ ആദ്യമായെത്തുന്ന അപൂര്‍വം അപരിചിതരും കാണും. ക്ഷണിച്ചിട്ടല്ല, കേട്ടറിഞ്ഞു വരുന്നതാണ്‌. അങ്ങനെ വരുന്നവരും ചിലപ്പോള്‍ സൃഷ്ടികള്‍ അവതരിപ്പിക്കും.

അപരിചിതരെ പങ്കെടുപ്പിച്ചാല്‍ പുലിവാലാകുമോയെന്ന ശങ്കയുള്ളതിനാല്‍ അധ്യക്ഷന്‍ വടുതല ഗോപാലന്‍ മാസ്റ്റര്‍ അല്‍പ്പമൊന്നു മടിച്ചു. എങ്കിലും ഒടുക്കം അനുവാദം കൊടുത്തു. അക്ഷര പൂജയെന്നും പറഞ്ഞുവന്നയാളല്ലേ, നിരാശപ്പെടുത്തിക്കൂടാ.

അപരിചിതന്‍ വേദിയേയും സദസ്സിനെയും വണങ്ങി, എന്നിട്ട്‌ പരിചയപ്പെടുത്തി. “ഞാന്‍ എഴുത്തുകാരനാണ്‌, എഴുതണമെന്ന്‌ തോന്നിയാല്‍ എഴുതാതിരിക്കാനാവില്ല, ഒരുതരം അഭിനിവേശം. യഥാര്‍ത്ഥ എഴുത്തുകാര്‍ അങ്ങനെയാണ്‌. എഴുത്തിനോടുള്ള ഭ്രാന്തമായ നിലപാട്‌. എ.അയ്യപ്പനാണ്‌ എന്റെ ആരാധകന്‍.”

“വിപ്ലവ കവിതകള്‍ പാടി കാമ്പസ്‌ തോറും ചുറ്റി കഞ്ചാവടിച്ചു നടന്ന പഴയ കാലം മറന്ന്‌ ഒടുക്കം വൃത്തികെട്ട ചാനലുകളുടെ വൃത്തികെട്ട സീരിയലുകളില്‍ വില്ലന്‍ വേഷം കെട്ടുന്ന മുന്‍കാല കവികളെ എനിക്ക്‌ വെറുപ്പാണ്‌.”
അപരിചിതന്റെ പ്രസംഗം കേട്ട്‌ ശ്രോതാക്കള്‍ അത്ഭുതത്തോടെ നോക്കിയിരുന്നു.
അപരിചിതന്‍ തുടര്‍ന്നു.
“ഞാന്‍ എന്തിന്‌ വന്നുവെന്ന്‌ നിങ്ങള്‍ ചോദിച്ചില്ല. ഇത്തരം കൂട്ടായ്മകള്‍ എന്നെ ആവേശം കൊള്ളിക്കാറുണ്ട്‌. എന്റെ നാട്ടില്‍ ഇന്ന്‌ ഇത്തരം കൂട്ടായ്മകളില്ല. അവിടെയുള്ളത്‌ മദ്യ കൂട്ടായ്മകളാണ്‌. ഇത്തരമൊരു സാഹിത്യ കൂട്ടായ്മയ്ക്ക്‌ എത്തിയ നിങ്ങളെ ഞാന്‍ വാഴ്ത്തുന്നു, വണങ്ങുന്നു.”

ശ്രോതാക്കളുടെ മുഖത്ത്‌ സംതൃപ്തിയുടെ ഭാവം. “ഇവിടെ ഭൂരിപക്ഷം എഴുത്തുകാരും കാപട്യം നിറഞ്ഞവരാണ്‌. ഈ നാടു ജീവിക്കാന്‍ കൊള്ളില്ല. പക്ഷെ ഞാന്‍ ഇവിടെ എത്തിയത്‌ മറ്റൊരു കാര്യത്തിനാണ്‌. എന്റെ മകന്‍ അടുത്തൊരു ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഡി-അഡിക്ഷന്‍-ലഹരി മോചനം അവന്‍ മയക്കുമരുന്നിന്‌ അടിമയാണ്‌.”

ഒരു പിതാവിന്റെ സങ്കടം കണ്ട്‌ ശ്രോതാക്കള്‍ക്ക്‌ കരയാതിരിക്കാന്‍ കഴിഞ്ഞില്ല.
പെട്ടെന്നാണ്‌ ഒരു നിഴല്‍ വാതുക്കല്‍ പ്രത്യക്ഷമായത്‌. നിഴല്‍ സംസാരിക്കാന്‍ തുടങ്ങി.

“അച്ഛന്‍ എന്തു പണിയാണ്‌ കാട്ടിയത്‌. ഡോക്ടര്‍ എന്നെ ഒത്തിരി വഴക്കു പറഞ്ഞു. ലഹരി മോചന ചികിത്സക്ക്‌ എത്തിയ പേഷ്യന്റ്‌ ആശുപത്രി വാര്‍ഡ്‌ വിട്ട്‌ പുറത്തുപോവാന്‍ പാടില്ല. ചികിത്സയ്ക്ക്‌ എത്തിയാല്‍ റൂള്‍സ്‌ അനുസരിക്കണം. അച്ഛനെ ഉടന്‍ കൂട്ടിക്കൊണ്ടുവരാന്‍ ഡോക്ടര്‍ പറഞ്ഞു.”

ശ്രോതാക്കളുടെ ആശ്ചര്യം എന്നെങ്കിലും പൊട്ടാനിരിക്കുന്ന മുല്ലപ്പെരിയാര്‍ അണപോലെ പുറത്തേക്ക്‌ പൊട്ടിയൊഴുകി.


കെ.എ.സോളമന്‍

No comments:

Post a Comment