Monday, 19 August 2013

അഞ്ചരയ്ക്കുള്ള വണ്ടി - കഥ – കെ എ സോളമന്‍

Photo: A sunset beauty...

നട്ടപ്പാതിരായ്ക്കുള്ള ഫോണ്‍ ബെല്ലടി കേട്ടാണ് മാത്തുക്കുട്ടിചേട്ടന്‍ ഞെട്ടി ഉണര്‍ന്നത്. എലിക്കുട്ടിയുടെ ഫോണ്‍  ആണ്, അവള്‍ ഈ സമയത് വിളിക്കാത്തതാണല്ലോ.

“ എന്താടി, ഈ പാതിരായ്ക്കു? “

“ ഞാന്‍ തീവണ്ടിയില്‍ ആണ്, വെളുപ്പിന് അഞ്ചരയ്ക്ക് അവിടെ സ്റ്റേഷനില്‍ എത്തും , ഒരു ഓട്ടൊറിക്ഷായുമായി അവിടെ നിന്നേക്കണം”

“ എന്താടി കാര്യം? ഒരു മുന്നറിയിപ്പുമില്ലാതെ,പെട്ടന്നിങ്ങനെ.?”

“അതവിടെ വന്നിട്ട് പറയാം, ഏലിക്കുട്ടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

ഏലിക്കുട്ടി ചേടത്തിക്ക് വയസ്സു 59., ഭര്‍ത്താവ് മാത്തുക്കുട്ടിക്ക് 62-ഉം. 17 വയസ്സുള്ളപ്പോള്‍ മാത്തുക്കുട്ടിയുടെ കൂടെ കൂടിയതാണ് ഏലിക്കുട്ടി. ചുമ്മാ കൂടിയതതൊന്നുമല്ല, അന്തസായി മാതാവിന്റെ നടയില്‍ മുട്ടുകുത്തി നിന്നു താലികെട്ടിയതാണ്. ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു തങ്കി  സെയിന്‍റ് മേരീസ് പള്ളിയില്‍ നടന്ന വിവാഹചടങ്ങുകള്‍.

മാത്തുക്കുട്ടി പറയുന്നതു ഇന്നുവരെ ഏലിക്കുട്ടി കേള്‍ക്കാതിരുന്നിട്ടില്ല, മറിച്ചും. അത് തന്നെയാണ് അവരുടെ ജീവിതവിജയവും. രണ്ടുപേര്‍ക്കും കാര്യമായ അസ്സുഖമൊന്നുമില്ല.
എലിക്കുട്ടിച്ചേടത്തിക്ക് കുഞ്ഞുങ്ങള്‍ എന്നുവെച്ചാല്‍ ജീവനാണ്, ഏത് കുഞ്ഞിനെ ക്കണ്ടാലും താലോലിക്കും. പള്ളിപ്പുറത്ത് പള്ളിയില്‍ പെരുന്നാളിന് പോകുമ്പോള്‍ അവിടെ വരുന്ന എത്ര പേരെയാണ് പരിചയപ്പെട്ടിട്ടുള്ളത്. അവരുടെകൂടെയുള്ള കുഞ്ഞുങ്ങളെയെല്ലാം ഏലിക്കുട്ടി താലോലിച്ചിട്ടുണ്ട്, ഉമ്മകൊടുത്തിട്ടുണ്ട്. അത്രയ്ക്കാണു കുഞ്ഞുങ്ങളോടു സ്നേഹം. കുഞ്ഞുങ്ങളെല്ലാം കൊച്ചു മാലാഖമാരെന്നു ചേടത്തി പറയും.

എലിക്കുട്ടിക്കും മാത്തുക്കുട്ടിക്കും കൂടി 3 ആണ്മക്കള്‍. മൂത്തവന്‍ തങ്കച്ചന്‍, പിന്നെ ജോയിച്ചന്‍, ഏറ്റവും ഇളയവന്‍ സേവിച്ചന്‍ എന്ന സേവിയര്‍ . മൂത്തവന് മൂന്നുകുട്ടികള്‍, രണ്ടാമത്തേവനു രണ്ടുപേര്‍ , ഇളയവനു ഒന്ന്‍. മൂത്തവര്‍ക്ക് രണ്ടുപേര്‍ക്കും വലിയ പഠിത്തമില്ല, അതുകൊണ്ടുതന്നെ അവരുടെ ഭാര്യമാര്‍ക്കും പഠിത്തമില്ല. തങ്കച്ചന്റെ ഭാര്യക്ക് അടുത്തുള്ള ചെമ്മീന്‍ ഫാക്ടറിയിലാണ് ജോലി, ജോയിച്ചന്റെ ഭാര്യയ്ക്ക് ഗാര്‍മന്‍റ് കടയിലും. എന്നാല്‍ സേവിച്ചന്‍ ശരിക്ക് പഠിച്ചു, അവന്റെ ഭാര്യയ്ക്കും നല്ല പഠിത്തമുണ്ട്. അവര്‍ക്ക് രണ്ടാള്‍ക്കും അങ്ങ് മദ്രാസ്സില്‍ ആണ് ജോലി, ഐ ടി കമ്പനിയില്‍.

മൂത്തമക്കളുടെ 5 കുട്ടികളെയും ഏലിക്കുട്ടി ത്തന്നെയാണ് പൊന്നുപോലെ നോക്കിയത്. ഒന്നിനെ തോളത്തിരുത്തുംപോള് രണ്ടാമത്തേതിനെ ഒക്കത്തിരുത്തും. വെറോരണ്ണത്തെ തൊട്ടിലില്‍ ആട്ടുമ്പോള്‍ മറ്റേതിന് പാലുകൊടുക്കും. കുഞ്ഞുങ്ങളുടെ അമ്മമാര്‍ ജോലിക്കു പോകുന്നതിനാല്‍ അഞ്ചെണ്ണത്തെയും എലിക്കുട്ടിയാണ് താരാട്ടുപാടിഉറക്കിയത്. കുട്ടികള്‍ക്കാണെങ്കില്‍ സ്വൊന്തം അമ്മമാരെക്കാള്‍ ഇഷ്ടമാണ് എലിക്കുട്ടിയോട്.

ഇളയമകന്റെ കുഞ്ഞ് ഒരുവസ്സാകുന്നതുവരെ മരുമകള്‍ അവളുടെ വീട്ടില്‍ ആയിരുന്നു താമസം. ഇപ്പോള്‍ അവര്‍ മദ്രാസ്സില്‍ താമസമാക്കിയത് കൊണ്ടാണ് എലിക്കുട്ടിയെ അങ്ങോടുകൂട്ടിയത്. മാത്തുക്കുട്ടിയെയും പേരക്കുട്ടികളെയും തനിച്ചാക്കിയിട്ടു പോകാന്‍ മനസ്സ് വന്നില്ലെങ്കിലും ഇളയ മകന്റെ കുഞ്ഞല്ലേ എന്നു ഓര്‍ത്താണു പോകാന്‍ തീരുമാനിച്ചത്.

മകനും മരുമകളും ഏത് സമയവും കമ്പനിയില്‍ തന്നെ. രാവിലെ പോയാല്‍ രാത്രിവരും, പക്ഷേ എപ്പോഴെന്നുനിശ്ചയമില്ല. ഏതുസമയവും ഫ്ലാറ്റില്‍ എലിക്കുട്ടിയും കുഞ്ഞും തനിച്ചാണ്. അവര്‍ വന്നു കഴിഞ്ഞാല്‍ തന്നെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍റര്‍നെറ്റ് എന്നൊക്കെ പറഞ്ഞു കംപുട്ടറില്നു മുന്നില്‍ ഇരിക്കും. മകനും മകള്‍ക്കും ആഹാരമുണ്ടാക്കുന്നത് വരെ എലിക്കുട്ടിയുടെ പണിയാണു. പക്ഷേ എല്ലാദിവസവും വേണ്ട, കമ്പനികാന്റീനില്‍ നിന്നു പാര്‍സല്‍ കൊണ്ടുവരാത്ത ദിവസം മാത്രം വല്ലതുമുണ്ടാക്കിയാല്‍  മതി.

പ്രശ്നം തുടങ്ങിയത് ഒരുമാസം പിന്നിട്ടപ്പോഴാണ്.

ഏലിക്കുട്ടി കുഞ്ഞിനെ നോക്കുന്നതിലെ അപാകത മരുമകള്‍ ഇന്‍റര്‍നെറ്റ് നോക്കി കണ്ടുപിടിക്കാന്‍ തുടങ്ങി. കുഞ്ഞിനു തുമ്മല്‍ വന്ന ദിവസം ചുക്കും കുരുമുളകുമിട്ട വെള്ളം  കൊടുത്തത് വലിയ തെറ്റായിപ്പോയി. തുമ്മല്‍ ഒരു രോഗമല്ല, അതിനു മരുന്നു വേണ്ട, തനിയെ മാറിക്കോളും,ഇന്റെര്‍നെറ്റിലെ മെഡിക്കല്‍ ജേര്‍ണല്‍ ഉദ്ധരിച്ചു മരുമകള്‍ എലിക്കുട്ടിയെ തിരുത്തി.
 “പനി വന്നാല്‍ പാരസെറ്റമോള്‍ കൊടുക്കണം, രണ്ടു പ്രാവശ്യം കൊടുത്താല്‍ പനിമാറും. മരുന്ന് പിടിച്ചുകഴിഞ്ഞാല്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞു കുഞ്ഞ് മൂത്രാമഴിക്കും. അതുകൊണ്ടു പാരസെറ്റമോളെ കൊടുക്കാവു”. മരുമകള്‍ എലിക്കുട്ടിയെ താക്കീതു ചെയ്തു. കൂട്ടത്തില്‍ ഇന്റെര്‍നെറ്റില്‍ നിന്നു കുറിച്ചെടുത്ത ചില നിര്‍ദ്ദേശങ്ങളും  നല്കി.

കുട്ടിയെ ഡെര്‍ട്ടിക്ലോത്ത് ധരിപ്പിക്കരുത്, ഓരോ മണിക്കൂറും ഇടവിട്ട് ഡയപ്പര്‍ മാറ്റണം, കുഞ്ഞിന്റെ മേല് തുടക്കാന്‍ ടിഷ്യൂ പേപ്പര്‍ തന്നെ ഉപയോഗിക്കണം, കുട്ടിയെ താരാട്ടുപാ ടി ഉറക്കേണ്ട, തനിയെ ഉറങ്ങിക്കോളും, കുട്ടിയെ മടിയില്‍ കിടത്തരുത്, തൊട്ടിലിലെ ഉറക്കാവു, പഴയപാട്ടൊന്നും പാടിക്കൊടുക്കരുത്, വേണേല്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു മോഡേണ്‍ മുസിക്ക്  കേള്‍പ്പിക്കാം, കുട്ടിയെ ഫീഡ് ചെയ്യുമ്പോള്‍ ബോട്ടില്‍ കുത്തനെ പിടിക്കാതെ, 45 ഡിഗ്രീ ചരിച്ചുപിടിക്കണം, കുട്ടിക്ക് ഇക്കിളുണ്ടായാല്‍ ഫീഡിങ് ഉടന്‍ സ്റ്റോപ്പ് ചെയ്യണം, അടുത്ത ഡോറിലെ താമസക്കാരുമായി സംസാരിക്കരുത് തുടങ്ങിയവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

കുറിപ്പു വായിച്ച ഏലിക്കുട്ടി മരുമകളോട് പറഞ്ഞു: “ നിന്റെ കെട്ടിയോനുണ്ടല്ലോ, ആ മരക്കോന്തന്‍,അവന് ഇക്കിളു വന്നപ്പോള്‍ മാറ്റിയത് പാലുകൊടുത്തും പുറത്തു തട്ടിയുമാണ്, അത് വേണ്ടെങ്കില്‍ വേണ്ട.പിന്നെ അടുത്ത വീട്ടുകാരുമായസംസാരിക്കരുതെന്ന് പറഞ്ഞത്, അത് നിന്റെ കെട്ടിയോന്റെ അമ്മായിയപ്പനോടു പറഞ്ഞാല്‍ മതി. ഞാന്‍ പോകേണ്”

പറഞ്ഞപടി മാത്തുക്കുട്ടിചേട്ടന്‍ അഞ്ചരയ്ക്ക് തന്നെ സ്റ്റേഷനില്‍ എത്തി. ട്രയിന്‍ അര മണിക്കൂര്‍ ലേറ്റ്. ട്രയിന്‍ നിര്‍ത്തി ഏലിക്കുട്ടി തീവണ്ടിയില്‍ നിന്നറങ്ങി വരുന്നത് മാത്തുക്കുട്ടി കൌതുകത്തോടെ നോക്കി. കുര്‍ബാന കഴിഞ്ഞു അവള്‍ പള്ളിയില്‍ നിന്നറങ്ങി വരുന്നതുപോലെ.
“ എങ്കിലും എന്റെ ഏലിക്കുട്ടി, നീ ഒറ്റയ്ക്കിങ്ങനെ?” ചോദ്യം മാത്തുക്കുട്ടിയുടെതായത്കൊണ്ട്  ഏലിക്കുട്ടി ചിരിക്കുക മാത്രം ചെയ്തു.

“അതല്ലടി, നീ പോരാനെന്താ കാര്യം?”

“അതോ”, നമ്മുടെ മരുമോള്‍ പറകേണ് അവളുടെ കൊച്ചിനെ ഇന്റെര്‍നെറ്റ് കാര് നോക്കിക്കോളുമെന്നു. എന്നാല്‍ നോക്കിക്കോട്ടെന്നു ഞാനും പറഞ്ഞു, ഹല്ല പിന്നെ?”

                                                       ---------------------

No comments:

Post a Comment