Tuesday 13 August 2013

കടലിനെ സ്നേഹിച്ച പീറ്റര്‍ രചിച്ചത്‌ അയ്യായിരത്തിലേറെ കവിതകള്‍










ആലപ്പുഴ: ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയെയും കടലിനെയും സ്നേഹിച്ചതുകൊണ്ടാകാം കടലിലെ തിരമാലകള്‍ പോലെ പീറ്റര്‍ ബെഞ്ചമിന്റെ മനസില്‍ തുടരെ കവിതകള്‍ ഓടിയെത്തിയത്‌. ഒരു കവിത ചൊല്ലാമോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ മതി പീറ്റര്‍ പിന്നീട്‌ കവിതയുടെ ലോകത്താകും. സൂര്യന്‌ കീഴിലുള്ള ഏത്‌ വിഷയത്തെക്കുറിച്ച്‌ ചൊല്ലാന്‍ പറഞ്ഞാലും അടുത്തനിമിഷം ബെഞ്ചമിന്‍ കവിത ചൊല്ലല്‍ ആരംഭിക്കും.
മത്സ്യത്തൊഴിലാളിയായ ബെഞ്ചമിന്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിലാണ്‌ ജനിച്ചത്‌. ജീവിതവഴിയിലെവിടെ വച്ചോ മനസില്‍ കടന്നുകൂടിയ കവിത പ്രേമം പിന്നീട്‌ വളര്‍ന്ന്‌ പന്തലിക്കുകയായിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന്‌ പോകുമ്പോഴും കാണുന്നത്‌ മനസില്‍ കോറിയിടാറുണ്ട്‌. പിന്നീടെപ്പോഴെങ്കിലും അത്‌ കവിതകളായി രൂപാന്തരപ്പെടാറാണ്‌ പതിവ്‌. കടലിന്റെ നീലിമയും അദ്ഭുത കാഴ്ചകളും ജീവജാലങ്ങളും എന്തിന്‌ കടലിലെ ചെടികള്‍ പോലും കവിതയ്ക്ക്‌ കേന്ദ്രബിന്ദുവായിട്ടുണ്ടെന്ന്‌ ബെഞ്ചമിന്‍ പറയുന്നു.
ഇതുവരെ നൂറിലധികം നോട്ടുബുക്കുകളിലായ്‌ 5000ത്തിലധികം കവിതകള്‍ എഴുതിയിട്ടുണ്ട്‌. എന്നാല്‍ കവിതകള്‍ ബുക്കുകളില്‍ എഴുതിവയ്ക്കുക മാത്രമല്ല, അത്‌ ഈണത്തില്‍ പാടി കേള്‍പ്പിക്കാനും ബഞ്ചമിന്‍ തയ്യാര്‍. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം കവിതകളിലൂടെ തീരത്തിന്റെ അഭിമാനമായിരിക്കുകയാണ്‌
കുട്ടിക്കാലത്ത്‌ തന്നെ ബെഞ്ചമിന്‍ കവിതകള്‍ എഴുതിയിരുന്നെങ്കിലും ആരും അതത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട്‌ അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത്‌ മറ്റ്‌ രോഗികളുടെ ദുഃഖം കണ്ട്‌ സഹിക്കാനാവത്ത എഴുതിയ കവിത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ബെഞ്ചമിന്‍ തുറവൂര്‍ അന്ധകാരനഴി പ്രദേശത്തെ അഭിമാനമായി. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ്‌ ബെഞ്ചമിന്‍ എഴുതുന്ന കവിതകള്‍ കൂടുതല്‍. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമര്‍ദനത്തിനിരയായ ഷെഫീക്ക്‌, സോളാര്‍ തട്ടിപ്പ്‌ തുടങ്ങിയ വിഷയങ്ങളെല്ലാം കവിതകളായി മാറി. എല്ലാവര്‍ഷവും നെഹ്‌റുട്രോഫി വള്ളംകളി സമയത്ത്‌ വള്ളംകളിയെ കുറിച്ച്‌ കവിതകള്‍ എഴുതാറുണ്ട്‌.
നിരവധി പാരഡി ഗാനങ്ങളും ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്‌. ഏത്‌ വിഷയത്തെക്കുറിച്ചും കവിതകള്‍ രചിക്കുന്ന ബെഞ്ചമിന്റെ കഴിവിനെക്കുറിച്ചറിഞ്ഞ്‌ എസ്‌എല്‍ പുരം ആലോചന സാംസ്കാരികകേന്ദ്രം ഗ്രാമീണ പുരസ്കാരം നല്‍കി ആദരിച്ചു. എന്നാല്‍ കവിതകള്‍ പുസ്തകമാക്കാന്‍ സാമ്പത്തികപരാധീനത ബെഞ്ചമിനെ അനുവദിച്ചില്ല. ബെഞ്ചമിന്റെ ബുദ്ധിമുട്ട്‌ മനസിലാക്കി ചില സുഹൃത്തുക്കള്‍ 28 കവിതകള്‍ തെരഞ്ഞെടുത്ത്‌ കടലെന്ന സുന്ദരി പ്രസിദ്ധീകരിച്ചു. ഭാര്യ മറിയാമ്മയും മക്കളായ എലിസബത്തും ബെന്‍സത്തുമാണ്‌ വലിയ പിന്തുണ നല്‍കുന്നത്‌.

കെ.പി.അനിജാമോള്‍, Janmabhumi Daily dated 14-8-13

No comments:

Post a Comment