Saturday, 24 August 2013

റോഡില്‍ തടയില്ല; സമന്‍സ് വീട്ടിലെത്തും

+
കാക്കനാട്: മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ഇനി കരുതിയിരിക്കുക. വഴിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പോലീസ്-മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്ലെങ്കിലും നിയമം ലംഘിക്കുന്നവരെ തേടി സമന്‍സ് വീട്ടില്‍ എത്തും; നിയമലംഘനം നടത്തിയതിന്റെ തെളിവ് വിശദമാക്കുന്ന ചിത്രം സഹിതം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തുന്നവരെ പിന്തുടര്‍ന്ന് പിടികൂടുന്ന രീതി ഇനിയില്ല. പകരം അവരുടെ ഫോട്ടോ തല്‍സമയം പകര്‍ത്തി വാഹന ഉടമകള്‍ക്ക് നോട്ടീസ് അയയ്ക്കുകയാണ് പുതിയ ശൈലി. രണ്ടാഴ്ചക്കിടെ ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയ നൂറിലേറെ വാഹനങ്ങളുടെ ചിത്രങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പകര്‍ത്തിക്കഴിഞ്ഞു.

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര നടത്തുക, രണ്ടിലേറെപ്പേര്‍ യാത്ര ചെയ്യുക, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുക, വാഹനങ്ങളില്‍ നിയമ വിരുദ്ധമായി നിറം നല്‍കുക, ചട്ടവിരുദ്ധമായ രീതിയില്‍ നമ്പര്‍ രേഖപ്പെടുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങിയത്. കൊച്ചി നഗരത്തില്‍ വിവിധ ജങ്ഷനുകളില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

നിയമലംഘനം നടത്തുന്നവരുടെ ചിത്രങ്ങള്‍ എടുക്കാനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ക്യാമറയും നല്‍കി. ഇതിനു പുറമെ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ക്യാമറയിലും ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിച്ച് ഉടമസ്ഥര്‍ക്ക് നോട്ടീസ് അയയ്ക്കുകയാണ് ആദ്യഘട്ടം. വാഹനത്തിന്റെ അസ്സല്‍ രേഖകളുമായി ഡ്രൈവര്‍ ആര്‍ടി ഓഫീസര്‍ക്കു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. വാഹന പരിശോധനയെ വെട്ടിച്ച് പോവുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കമന്‍റ് : ഈ ഐഡിയ എന്തുകൊണ്ട് നേരത്തെ തോന്നിയില്ല?
-കെ എ സോളമന്‍ 

No comments:

Post a Comment