കടല്‍ക്കാറ്റിനൊപ്പം പാടിയും കടല്‍ത്തിരയോട് കിന്നരിച്ചുമാണ് വര്‍ഗീസ് കടല്‍ക്കവി
ആയത്. കടലില്‍ മല്‍സ്യബന്ധനമാണ് വര്‍ഗീസിന് ജോലി. മനോഹരമായി കവിത എഴുതും, ചൊല്ലും.
അദ്ദേഹത്തിന്റെ കവിതാ സമഹാരത്തിന് ഗ്രാമീണ പുരസ്കാരവും ലഭിച്ചു.
കാവ്യ-കഥാമേളകളില്‍ പങ്കെടുത്തു കവിത ചൊല്ലാന്‍ വര്‍ഗീസിന് വലിയ
താല്പര്യമായിരുന്നു. പൊങ്ങച്ചകവിതകളുടെയും, വിപ്ലവഗാനങ്ങളുടെയും ഇടയില്‍ വാര്‍ഗീസിന്റെ
കവിതകള്‍ക്ക് സ്വീകാര്യത കൂടുതലായിരുന്നു.
താനാണ് നാട്ടിലെ സകലമാനപേരെയും കവികളും കാഥികരുമാക്കിയതെന്ന് വിശ്വസിച്ചു
നടക്കുന്ന ആളാണ് മമ്മത് എന്ന മുഹമ്മെദ്. സ്വന്തമായി നാടകട്രൂപ് എന്നതുപോലെ
മമ്മതിനുമുണ്ടു ഒരു സാംസ്കാരികവേദി.
കഥകളും കവിതകളും അവതരിപ്പിക്കുന്നതിന് പകരം മമ്മതിന്റെ വേദിയില്‍ കൂടുതലും
ആദരിക്കല്‍ ചടങ്ങാണ്. കഥാപ്രാസംഗികന്ആദരം, സ്കൂളില്‍ നിന്നു റിട്ടയര്‍ ചെയ്തു
ടൂറ്റോറിയല്‍ ആരംഭിച്ച വാദ്യാര്‍ക്ക് സ്വീകരണം, പത്തുലിറ്റര്‍
അളന്ന ക്ഷീരകരഷകന്അവാര്ഡ്, പത്തുമക്കളുള്ള ദമ്പതികള്‍ക്ക്
പുരസ്കാരം ഇങ്ങനെപ്പോകുന്നു മമ്മത് സംഘടിപ്പിക്കുന്ന ചടങ്ങുകള്‍. അങ്ങോട്ട്
അവാര്ഡ് കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ എന്നു മമ്മതിന് നാന്നായറിയാം. ജ്ഞാനപീഠം
പുരസ്കാരം കഴിഞ്ഞാല്‍ അറിയപ്പെടുന്ന പുരസ്കാരമായ ‘അംബേദ്കര്‍
അവാര്ഡ്’ സ്വന്തമാക്കിയത് 2000 രൂപകുറച്ചു കൊടുത്താണ്.
അംബേദ്കര്‍ പുരസ്കാര ഏജന്‍റമ്മാര്‍ ആവാര്‍ഡൊന്നിനു 5500 വെച്ചു ഈടാക്കുമ്പോള്‍ പിടിപാടു മൂലം മമ്മതിനു 3500 രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ..
താന്‍ അംബേദ്കര്‍ അവാര്ഡ്
ജേതാവാണെന്ന് എല്ലാവേദികളിലും പറയുകയും ഇതുകേട്ട് മറ്റ് അംബേദ്കര്‍ അവാര്‍ഡീകള്‍ തലയും
കുമ്പിട്ടിരിക്കുകയും ചെയ്യുക എന്നത് മമ്മത് സംബന്ധിക്കുന്ന സാംസ്കാരിക
സദസ്സുകളിലെ പതിവ് കാഴ്ചയാണ്
സാംസ്കാരികവേദിയുടെ സെക്രെട്ടറിയാണ് മമ്മത്. പ്രസിഡെന്‍റ് അറിയപ്പെടുന്ന
കവിയാണെങ്കിലും അദ്ദേഹത്തിന് പറയത്തക്ക റോളൊന്നുമില്ല. വേദിയുടെ സ്ഥാപകപ്രസിഡെന്‍റ്
ഒരു എമരിശ്ശേരില്‍ ആയിരുന്നു. എമരിശ്ശേരില്‍ ശരിയാം വണ്ണം മുണ്ടുടുക്കുന്നില്ല, ഷര്‍ട്ടിന്റെ
ബട്ടണ്‍ ചൊവ്വെ ഇടുന്നില്ല, പരിചയമില്ലാത്തവരെ നോക്കി ചിരിക്കുന്നു, എന്നൊക്കെ പറഞ്ഞാണ് മമ്മതും നിലവിലെ പ്രസിഡെന്‍റും കൂടി അദ്ദേഹത്തെ നിര്‍ദ്ദാക്ഷിണ്യം
പുറത്താക്കിയത്.. കരഞ്ഞുകൊണ്ടു പിരിഞ്ഞഎമരിശ്ശേരില്‍ പിന്നീട് ഒരിക്കല്‍പോലും താന്‍
കൂടി ചേര്‍ന്ന് സ്ഥാപിച്ച സാംസ്കാരികവേദിലോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല.
വര്‍ഗീസും മമ്മതും തമ്മില്‍ തെറ്റിയത് ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഒരു
സമ്മേളനത്തില്‍ വെച്ചാണ്. കടല്‍ക്കവി വര്‍ഗീസിനെ താനാണ് കണ്ടെത്തിയത് എന്ന മമ്മതിന്റെ
വാദം വര്‍ഗീസ് പാടെ നിഷേധിച്ചു. മമ്മതിന്റെ പിതൃത്വം തനിക്കുവേണ്ടെന്നും, അതു
ഏതെങ്കിലും കോയമാര്‍ക്ക് കൊടുത്താല്‍ മതിയെന്നും മമ്മതിന്റെ മുഖത്തുനോക്കി വര്‍ഗീസ്
ഓപ്പണായി പറഞ്ഞുകളഞ്ഞു. മമ്മതിന് ഇത് വലിയ ക്ഷീണമായി. “എങ്കില്‍ കടല്‍ക്കവി
രണ്ടാമനെ സൃഷ്ടിച്ചിട്ടു തന്നെ കാര്യം” മമ്മതിന്റെ തീരുമാനം
ഉറച്ചതായിരുന്നു.
അങ്ങനെയിരിക്കെയാണ് “ബാപ്പാന്‍റെ പാന്‍റി”ന്ടെനീളം കുറക്കണമെന്ന് ആവശ്യപ്പെട്ടു ഒരുകൂട്ടര്‍ ഗോവായില്‍ നിന്നു
നാട്ടിലെത്തിയത്. ബാപ്പാ ഗോവാകടപ്പുറത്ത് വെച്ചു മയ്യത്തായി. മയ്യത്താവും മുന്പ്
ബാപ്പാ കവിതാ പുസ്തകമൊക്കെ വായിക്കുമായിരുന്നു. അതുകൊണ്ടു ബാപ്പാന്‍റെ പേരില്‍ ഒരു
കാവ്യപുരസ്കാരം നല്കണം. മയ്യത്ത് കടപ്പുറത്തായത് കൊണ്ട് കടലുമായി ബന്ധപ്പെട്ട
കവിക്കായിരിക്കണം അവാര്ഡ്. അവാര്‍ഡിന് “കടല്‍തീരം” എന്നു പേരും വേണം.
അവാര്ഡ് തുകായായ 10001 രൂപയുമായി
ബാപ്പാന്‍റെ മക്കള്‍ വന്നു ചാടിയതു മമ്മതിന്റെ മുമ്പിലായിരുന്നു. ഒട്ടും വൈകിയില്ല
അവാര്‍ഡിന്റെ മൊത്തം കൊട്ടേഷനും മമ്മത് ഏറ്റെടുത്തു. പക്ഷേ കടലുമായി ബന്ധപ്പെട്ട
ഒരു കവിവേണമല്ലോ, അതിനെന്താ വഴി?
കടല്‍ക്കവി രണ്ടാമന്‍ അങ്ങനെയാണ് സൃഷ്ട്ടിക്കപ്പെട്ടത്. കടല്‍ കണ്ടിട്ടുണ്ട്
എന്നതല്ലാതെ കടലില്‍ ഒരിക്കല്‍പോലും കവി പി കെ രാഘവന്‍ ഇറങ്ങിയിട്ടില്ല. ഒന്നുരണ്ട്
സപ്താഹങ്ങളില്‍ പാട്ടെഴുതികൊടുത്ത അനുഭവമുണ്ട്. മമ്മതു രാഘവനോടു പറഞ്ഞൂ “
ഫിഫ്റ്റി-ഫിഫ്റ്റി”. പുറത്താരും അറിയാന്‍ പാടില്ല അവാര്‍ഡ് ജേതാവിനെ കണ്ടുപിടിക്കാന്‍ ഒരു കമ്മിറ്റി
വേണമല്ലോ.
മമ്മതിന്റെ സാംസ്കാരിക വലയം താലൂക്കിന് പുറത്തേക്കും വ്യാപിച്ചിട്ടുള്ളതിനാല്‍ പുറത്തു നിന്നു രണ്ടുപേരെ കമ്മിറ്റി അംഗങ്ങളായി
മമ്മത് തന്നെ നോമിനേറ്റ് ചെയ്തു. ഇവര്‍ രണ്ടു
പേരും മമ്മതും രാഘവനും ചേര്‍ന്ന് അവാര്ഡ് പ്രഖ്യാപനത്തിന് പ്രെസ്സ് മീറ്റും വിളിച്ചു.
മമ്മത് പത്രക്കാരോടായി പറഞ്ഞു “ ഇതാ കടലിന്റെ കവി പി കെ രാഘവന്‍. പ്രഥമ കടല്‍തീരം
പുരസ്കാരം രാഘവനാണ്, 10001 രൂപ, ശില്പം, പ്രശസാപത്രം-ഇത്രയുമാണ് അവാര്‍ഡായി നല്‍കുന്നത്. രാഘവനും രണ്ടു കമ്മിറ്റിയംഗങ്ങളും
പൊട്ടന്‍
പുട്ടുവിഴുങ്ങിയമാതിരി രംഗം വീക്ഷിച്ചുകൊണ്ടിരുന്നു.”
“കടലിന്റെ കവി വര്‍ഗീസല്ലേ, അപ്പോ രാഘവന്‍ എങ്ങനെ കടലിന്റെ കവിയാകും? ഏത് മാസികയിലാണ് രാഘവന്റെ കവിത പതിവായി വരുക?” പത്രപ്രതിനിധി.
“അതതേ, അതു കടലിന്റെ കവി ഒന്നാമന്‍, ഇത് രണ്ടാമന്‍”, മമ്മത്
“എത്ര പുസ്തകം പ്രസിദ്ധീകരിച്ചു” ചോദ്യം രാഘവനോട്
“പൂ, പൂ പുസ്തകം.....”
രാഘവന്‍
“പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോകയാണ്, ഇതാ ഫോട്ടോസ്റ്റാറ്റ്” മമ്മതു രണ്ടു ഫോട്ടോസ്റ്റാറ്റ്
പേപ്പര്‍ പൊക്കിക്കാണിച്ചു.
അതോടെ പത്രസമ്മേളനം അവസാനിച്ചു.
സ്ഥലം എം എല്‍ എ ആണ് കടല്‍ത്തീരം അവാര്ഡ്
രാഘവന് സമ്മാനിച്ചു പ്രസംഗിച്ചത്.
അനുമോദനപ്രസംഗത്തില് എം എല്‍ എ പറഞ്ഞു, “കടലില്‍ നിന്നു മാത്രമല്ല കായലില്‍ നിന്നും
നമുക്ക് കവികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു മമ്മതിനെ പോലുള്ളവരുടെ കരങ്ങള്‍ക്ക്
ശക്തി പകരേണ്ടതുണ്ട്.”
കടല്‍ക്കവി ഒന്നാമന്‍ പങ്കെടുക്കാത്ത യോഗം
കടല്‍ക്കവി രണ്ടാമന്‍ പി കെ രാഘവന്റെ സപ്താഹ ഗാനത്തോടെ അവസാനിച്ചു. പുട്ടുവിഴുങ്ങിയ
അവാര്ഡ് കമ്മിറ്റിയംഗങ്ങളും പാന്‍റു മായെത്തിയ ബാപ്പാന്‍റെ മക്കളും "കളിമണ്ണ്നടി"യുടെ
പ്രസവം കണ്ടമട്ടില്‍ കണ്ണും മിഴിച്ചിരുന്നു.
-കെ എ സോളമന്‍