Tuesday, 1 October 2013

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ



വാഷിങ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 12.01 ന് അടച്ചുപൂട്ടല്‍ അറിയിപ്പ് വന്നു. ബജറ്റ് പാസാകാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് അമേരിക്കയെ തള്ളിയിട്ടത്. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ ഇതോടെ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കേണ്ടി വരും. 17 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുന്നതും. പൊതുചിലവുകള്‍ വെട്ടിക്കുറയ്ക്കും. ഏറ്റവും ഒടുവില്‍ 1996 ലാണ് അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയെ അഭിമുഖീകരിച്ചത്.

സര്‍ക്കാറിന്റെ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നതിന് പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നയിച്ചത്. ബജറ്റിനെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്ക് അംഗങ്ങളും തമ്മിലുണ്ടായ ഭിന്നത തന്നെയാണ് 1996 ലും സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് കാരണമായത്.

പ്രസിഡന്‍റ് ബരാക് ഒബാമയുടെ സ്വപ്നപദ്ധതിയായ ആരോഗ്യരക്ഷാ പദ്ധതിയെച്ചൊല്ലിയാണ് പ്രധാന ഭിന്നത. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാകാതെ വന്നതോടെ പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നുമുതല്‍ അവശ്യ സേവനങ്ങളൊഴികെ സര്‍ക്കാര്‍മേഖലയിലുള്ള സകല സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും. എട്ടുലക്ഷത്തിലേറെ സര്‍ക്കാറുദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധിയില്‍പ്പോകേണ്ടിവരും. അടിയന്തരാവസ്ഥയ്ക്കുശേഷം തിരികെ ജോലിയില്‍പ്രവേശിച്ചാലും അവധിയിലായിരുന്ന കാലത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. അടിയന്തര ജോലികള്‍ ചെയ്യേണ്ട ഫെഡറല്‍ ജീവനക്കാരൊഴികെയുള്ളവരോടും അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവ് നല്‍കി.

Comment : അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ- ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേട്ടം- രസകരമായിരിക്കുന്നു !
കെ എ സോളമന്‍ 

No comments:

Post a Comment