കോട്ടയം/കോഴിക്കോട്/തിരുവനന്തപുരം: ആന്റണിയെ വിളിക്കൂ, കേരളത്തിലെ കോണ്‍ഗ്രസിനെയും യു.ഡി.എഫ്. സര്‍ക്കാരിനെ രക്ഷിക്കൂ എന്ന മുറവിളി ശക്‌തമായി. കഴിഞ്ഞ ദിവസം സംസ്‌ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരേ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ച കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജാണു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി കേരള രാഷ്‌ട്രീയത്തിലേക്കു മടങ്ങിവരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.
ഈ ആവശ്യത്തിനു പിന്തുണയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എയും ഇന്നലെ രംഗത്തുവന്നു.
മുല്ലപ്പള്ളിയും മുരളീധരനും മാത്രമേ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുള്ളുവെങ്കിലും കോണ്‍ഗ്രസിലെ പല നേതാക്കളുടെയും ഉള്ളിലിരിപ്പ് ഇതുതന്നെ എന്നാണു സൂചന.
എ.കെ. ആന്റണി നിസംഗത വെടിഞ്ഞു കേരള രാഷ്‌ട്രീയത്തില്‍ ഇടപെടണമെന്നാണു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ കോഴിക്കോട്ട് ആവശ്യപ്പെട്ടത്. "കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആന്റണി മുന്‍കൈയെടുത്തേ മതിയാകൂ. പ്രശ്‌നങ്ങള്‍ ഗുരുതരമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പു പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ പി.സി. ജോര്‍ജിന്റെ അഭിപ്രായം അംഗീകരിക്കുന്നു"-എ.കെ. ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുല്ലപ്പള്ളി പറഞ്ഞു.
പി.സി ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം നല്‍കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്ന് അഭിപ്രായപ്പെട്ട കെ. മുരളീധരന്‍ സംസ്‌ഥാന കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളില്‍ എ.കെ. ആന്റണി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
"സലിംരാജ്‌കേസില്‍ ഡി.ജി.പിയുടെ അതേ നിലപാടാണ് എനിക്കും. സര്‍ക്കാരിന്റെ വീഴ്‌ചകളെക്കുറിച്ചാണു ഡി.ജി.പി. പറഞ്ഞത്. മുമ്പു ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പലരും വിമര്‍ശിക്കുകയായിരുന്നു"- തിരുവനന്തപുരത്തു വാര്‍ത്താലേഖകരോടു സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു.
കമന്റ് : ആന്റണിയെ വിളിക്കാം, കേരളത്തെ രക്ഷിക്കാം, ധൃതി വെക്കാതെ, അദ്ദേഹം പ്രോസ്റ്റേറ്റ് ഓപെറേഷന് വിധേയനായി കിടക്കയാണ്, ഒന്നെഴുന്നേറ്റോട്ടെ.-കെ എ സോളമന്‍
No comments:
Post a Comment