Sunday, 20 October 2013

പി. സി. ജോര്‍ജിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനിയും കുടുംബവും

കൊച്ചി : ചീഫ് വിപ്പ് പി. സി. ജോര്‍ജില്‍നിന്നും മകന്‍ ഷോണ്‍ ജോര്‍ജില്‍നിന്നും ജീവനു ഭീഷണിയുണ്ടെന്ന് വിദ്യാര്‍ത്ഥിനിയും കുടുംബവും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ എല്‍. എല്‍. ബി. വിദ്യാര്‍ത്ഥിനി ഇന്ദുലേഖ ജോസഫ്, അച്ഛന്‍ പ്രൊഫ. ജോസഫ് വര്‍ഗീസ്, അമ്മ അലോഷ്യ ജോസഫ് എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

 പി. സി. ജോര്‍ജിന് തങ്ങളോട് വൈരാഗ്യമുണ്ടെന്നും, അദ്ദേഹത്തിന്റെ മകന്‍ഷോണ്‍ ജോര്‍ജ് അതിന്റെ പേരില്‍ ഈരാറ്റുപേട്ടയിലെ തങ്ങളുടെ മൂന്നുനില കെട്ടിടത്തിനുമുന്നില്‍ വലിയ കുഴിയുണ്ടാക്കി കെട്ടിടം തന്നെ മറിഞ്ഞുവീഴുന്ന അവസ്ഥയിലാക്കിയിരിക്കുകയാണെന്നും ഇന്ദുലേഖ പറഞ്ഞു. റോഡ് വീതികുട്ടി നിര്‍മ്മിക്കാന്‍ എന്ന പേരിലാണ് തങ്ങളുടെ കെട്ടിടത്തിനു മുന്നില്‍ മാത്രം കുഴി ഉണ്ടാക്കിച്ചത്. മഴ പെയ്ത് കുഴിയില്‍ വെള്ളം നിറഞ്ഞ് കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയിലാണ്. പി. സി. ജോര്‍ജില്‍നിന്ന് നേരത്തെതന്നെ ഭീഷണിയുണ്ട്. നാളെ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നതിനുവേണ്ടിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ഇന്ദുലേഖ പറഞ്ഞു.

Comment: പി സിയുടെ കഷ്ടകാലം തുടങ്ങി ?
-കെ എ സോളമന്‍ 

No comments:

Post a Comment