* സ്വയംഭരണ കോളേജ് നിയമഭേദഗതിക്ക് നിര്‍ദേശങ്ങളായി
* നാല് സര്‍വകലാശാലകളില്‍ കാര്യമായ മാറ്റങ്ങള്‍
* സമിതികളില്‍ വ്യവസായ പ്രമുഖരും
* നാല് സര്‍വകലാശാലകളില്‍ കാര്യമായ മാറ്റങ്ങള്‍
* സമിതികളില്‍ വ്യവസായ പ്രമുഖരും
തിരുവനന്തപുരം: സര്‍വകലാശാലാതലത്തിലുള്ള പരീക്ഷാ കണ്‍ട്രോളര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ എന്നിവ കോളേജ് തലത്തിലേക്ക് വരുന്നു. സ്വയംഭരണ കോളേജുകളിലാണ് സര്‍വകലാശാലയില്‍ മാത്രമുണ്ടായിരുന്ന വിവിധ അക്കാദമിക സംവിധാനങ്ങള്‍ ഇനി വരിക. ഇതിനായി സര്‍വകലാശാലാ നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. നിയമ ഭേദഗതിക്കുള്ള കരട് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ നിയമങ്ങളിലാണ് കാര്യമായ ഭേദഗതി വരുത്തുക. സ്വയംഭരണ കോളേജുകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രത്യേക അധ്യായം എഴുതിച്ചേര്‍ത്താണ് ഭേദഗതി.
സ്വയംഭരണ കോളേജുകളുടെ ഭരണസംവിധാനമായി ഗവേണിങ് കൗണ്‍സില്‍ നിയമത്തില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളുടെ ഭരണസമിതിയുടെ ഘടനയില്‍ ചെറിയ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രമുഖനായ വിദ്യാഭ്യാസ വിദഗ്ധന്‍ ചെയര്‍മാനായ ഭരണസമിതിയാണ് സര്‍ക്കാര്‍ കോളേജുകള്‍ക്കുണ്ടാവുക.
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറി, മൂന്ന് അധ്യാപക പ്രതിനിധികള്‍, വി.സി. നിര്‍ദേശിക്കുന്ന സര്‍വകലാശാലാ പ്രൊഫസര്‍, യു.ജി.സി. പ്രതിനിധി, പ്രിന്‍സിപ്പല്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
എയ്ഡഡ് കോളേജാണെങ്കില്‍ മാനേജരായിരിക്കും ഭരണസമിതി ചെയര്‍മാനായി വിദ്യാഭ്യാസ വിദഗ്ധനെ നിശ്ചയിക്കുക. മൂന്ന് അധ്യാപക പ്രതിനിധികള്‍, വി.സി. നിര്‍ദേശിക്കുന്ന സര്‍വകലാശാലാ പ്രൊഫസര്‍, യു.ജി.സി. പ്രതിനിധി, സര്‍ക്കാര്‍ നിയമിക്കുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി, പ്രിന്‍സിപ്പല്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
അക്കാദമിക് കൗണ്‍സിലിന്റെ ചെയര്‍മാന്‍ പ്രിന്‍സിപ്പലായിരിക്കും. വകുപ്പ് മേധാവികള്‍, നാല് അധ്യാപക പ്രതിനിധികള്‍, വ്യവസായം, വാണിജ്യം, നിയമം, വിദ്യാഭ്യാസം, മെഡിസിന്‍, എന്‍ജിനീയറിങ്, ഭരണം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നാല് വിദഗ്ധര്‍, മൂന്ന് സര്‍വകലാശാലാ അധ്യാപകര്‍ തുടങ്ങിയവര്‍ അക്കാദമിക് കൗണ്‍സിലില്‍ അംഗങ്ങളാണ്.
ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വകുപ്പ് മേധാവികള്‍, ആറ് അധ്യാപക പ്രതിനിധികള്‍, അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന രണ്ട് വിഷയ വിദഗ്ധര്‍, വി.സി. നിര്‍ദേശിക്കുന്ന ഒരു വിഷയ വിദഗ്ധന്‍, വ്യവസായ, കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്നുള്ള വിദഗ്ധന്‍, കോളേജിലെ ബിരുദാനന്തര ബിരുദധാരിയായ പ്രമുഖനായ ഒരു പൂര്‍വ വിദ്യാര്‍ഥി എന്നിവരായിരിക്കും അംഗങ്ങള്‍.
വിവിധ സമിതികളിലേക്ക് വി.സി. നിര്‍ദേശിക്കുന്ന അംഗങ്ങള്‍ക്കുള്ള പാനലിനെ മാനേജര്‍ക്ക് നല്‍കാം. അധ്യാപക പ്രതിനിധികള്‍ അസോസിയേറ്റ് പ്രൊഫസറുടെ റാങ്കില്‍ കുറയാത്തവരായിരിക്കണം.
പുതിയ കോഴ്‌സുകള്‍ അക്കാദമിക് കൗണ്‍സില്‍ ഭരണസമിതിക്ക് ശുപാര്‍ശ ചെയ്യണം. സര്‍വകലാശാലയുടെ അനുമതിയോടെ മാത്രമേ പുതിയ കോഴ്‌സുകള്‍ തുടങ്ങാനാകൂ. ഗവേഷണം, അക്കാദമിക കാര്യങ്ങള്‍ക്കുള്ള മാര്‍ഗരേഖയും മറ്റും അക്കാദമിക് കൗണ്‍സിലാണ് രൂപപ്പെടുത്തേണ്ടത്. കോഴ്‌സുകള്‍ക്കുള്ള ഫീസ് ഭരണസമിതിക്ക് നിശ്ചയിക്കാമെങ്കിലും ഇതിന് സര്‍ക്കാര്‍ അംഗീകാരം വേണം.
കോളേജിലെ പരീക്ഷാ നടത്തിപ്പിന്റെ ചുമതല കോളേജില്‍ നിയമിക്കുന്ന പരീക്ഷാ കണ്‍ട്രോളര്‍ക്കായിരിക്കും. മുതിര്‍ന്ന അധ്യാപകനെ ഈ സ്ഥാനത്തേക്ക് പ്രിന്‍സിപ്പല്‍ നിയമിക്കും. മാര്‍ക്ക് ലിസ്റ്റ് കോളേജിന് നല്‍കാം. സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയാണ് നല്‍കുക.
അധ്യാപക നിയമനത്തെക്കുറിച്ചും അവരുടെ സ്ഥാനക്കയറ്റം സംബന്ധിച്ചും സംഘടനകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അതേപടി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസമന്ത്രി ചെയര്‍മാനായ തിരഞ്ഞെടുപ്പ് സമിതി എല്ലാ വര്‍ഷവും അപേക്ഷ സ്വീകരിച്ച് സ്വയംഭരണം നല്‍കുന്ന കോളേജുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യും.
നിലവില്‍ സംസ്ഥാനത്ത് ഇതിനായി അപേക്ഷ വിളിക്കുകയും 26 കോളേജുകള്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള നടപടികള്‍ മുന്നോട്ടുനീക്കാന്‍ സര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി ആവശ്യമായതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് യു.ജി.സി സ്വയംഭരണ കോളേജുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുക. അപ്പോഴേക്കും സംസ്ഥാനത്തുനിന്ന് ശുപാര്‍ശ ചെയ്യേണ്ട കോളേജുകളുടെ പട്ടികയ്ക്ക് രൂപം നല്‍കാനുള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത്.
Comment: ഉന്നത വിദ്യാഭ്യാസരംഗം നശിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശ്യം. .എയ്ഡഡ് കോളേജില്‍ മാനേജര്‍ ഭരണസമിതി ചെയര്‍മാനെ നിയമിയ്ക്കുന്നതി നാല്‍ കച്ചോടം കുറെക്കൂടി വ്യാപകമാക്കാം. കോളേജിലെ ബിരുദാനന്തര ബിരുദധാരിയായ പ്രമുഖനായ ഒരു പൂര്‍വ വിദ്യാര്‍ഥി പ്രതിനിധിയായി വരുന്നത് കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും അവസരമുണ്ട്.. അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന വിഷയ വിദഗ്ധരും, വി.സി. നിര്‍ദേശിക്കുന്ന വിഷയ വിദഗ്ധനും വിഷയസുഖ വിദഗ്ധര്‍ ആയിക്കൂടെന്നും ഇല്ല !
-കെ എ സോളമന്‍
No comments:
Post a Comment