കെ.എ.സോളമന്‍
Janmabhumi Wed, 09 Mar 2011
ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നാണ് പഴമൊഴി. കെ.സുധാകരന്‍ എംപിയുടെ തലവിധിയും ഏതാണ്ട് ഇങ്ങനെ. സുപ്രീംകോടതി ജഡ്ജി കോഴവാങ്ങുന്നതിന് സാക്ഷിനിന്നെന്ന പശ്ചാത്തലത്തില്‍ കേരളാ പോലീസും ദല്‍ഹി പോലീസും ഒരുമിച്ചാണ് സുധാകരനെതിരെ അന്വേഷണം-പോലീസിന്റെ ഓപ്പറേഷന്‍ ഡബിള്‍ ഇംപാക്ട്. യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കന്മാരുടെ പെണ്ണുകേസുകളുടെ പിടിപ്പതു പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കേരളപോലീസിന് പുതിയ ചുമതല. കെ.സുധാകരന്‍ ഒരു എം.വി.ജയരാജന്‍ കളിച്ചു നോക്കിയതായിരുന്നു. 'ജഡ്ജിമാര്‍ ശുംഭന്മാര്‍' എന്ന സാമാന്യവല്‍ക്കരണം നടത്തി കോടതി വരാന്ത നിരങ്ങുന്ന ജയരാജന് കിട്ടിയ മീഡിയ കവറേജ് സുധാകരനെ ആവേശം കൊള്ളിച്ചു.
വാര്‍ത്താചാനലുകള്‍ ആഘോഷിക്കുകയായിരുന്നില്ലേ. 'ശുംഭാ ശുംഭ' സംവാദത്തിലൂടെ. ജയരാജന്റെ വക്കീല്‍ ദാമോദരന്‍ "ശുംഭന്‍" എന്ന വാക്കിനര്‍ത്ഥം "പ്രകാശം പരത്തുന്ന ആള്‍" എന്നു കണ്ടുപിടിച്ചതോടെ ജഡ്ജിമാരെല്ലാം കൈയില്‍ കൊണ്ടുനടക്കുന്ന ടോര്‍ച്ചു ഉപേക്ഷിച്ചാണ് ഇപ്പോള്‍ സഞ്ചാരം. ഇരുട്ടത്തു നടന്ന് പാമ്പു കടിയേറ്റാലും കുഴപ്പമില്ല, പ്രകാശം പരത്താതിരുന്നാല്‍ മതി. 'ശുംഭന്‍' എന്നാല്‍ 'പ്രകാശം പരത്തുന്ന ആള്‍' തന്നെയോ എന്നറിയാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് കേസ് അവധിക്ക് വെച്ചിരിക്കുകയാണ് കോടതി. അമിക്കസ് ക്യൂറി കൂടി പുതിയ അര്‍ത്ഥതലങ്ങളില്‍ എത്തിപ്പെടുന്നതോടെ ഭാഷാ നിഘണ്ടു പരിഷ്ക്കരിക്കേണ്ടിവരും. 'ശുംഭന്‍' പ്രയോഗത്തിലൂടെ ജയരാജനുമുണ്ടായി മുന്നേറ്റം. പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പാളാണ് അദ്ദേഹം. പ്രിന്‍സിപ്പാള്‍ എന്നുവെച്ചാല്‍ പ്രധാനപ്പെട്ട ആള്‍. പനിക്ക് പനിക്കൂര്‍ക്കയോ, പാരസെറ്റമോളോ മെച്ചമെന്ന തിരിച്ചറിവ് കോളേജില്‍ പഠിപ്പിക്കുന്ന ഡോക്ടര്‍മാരെ വട്ടം ചുറ്റിക്കുന്നതിന് ആവശ്യമില്ല.
ഭരണത്തിലേറാന്‍ കാലും നീട്ടിയിരിക്കുന്ന യുഡിഎഫ് ജയരാജന്റെ ശുംഭന്‍ പ്രയോഗം വിമര്‍ശിച്ച് അല്‍പ്പം മെയിലേജ് നേടിയിരുന്നു. അതെല്ലാം ഒറ്റയടിക്കു കളഞ്ഞു കുളിച്ചില്ലേ സുധാകരന്റെ കോഴ പ്രയോഗത്തിലൂടെ. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരു കൊല്ലം കഠിന തടവിന് ശിക്ഷിച്ചത് കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് പിടലിക്കു കിട്ടിയ ഓര്‍ക്കാപ്പുറത്തുള്ള അടിയായി. ഉരുണ്ട് വീണ് ബോധം കെട്ട് ആശുപത്രിയില്‍ അഡ്മിറ്റാകാനുളള അവസരമാണ് നഷ്ടമായത്. സുപ്രീംകോടതി ശിക്ഷിച്ചാലും കീഴടങ്ങി ജയിലില്‍പ്പോകാന്‍ മുഹൂര്‍ത്തം നോക്കണമെന്നതാണ് പിള്ളയുടേയും കൂട്ടരുടേയും നിലപാട്. കൊട്ടാരക്കര രാജ്യത്ത് ഇന്ത്യന്‍ സുപ്രീംകോടതി ഉത്തരവ് ബാധകമല്ലെന്നതാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍ പിളളയ്ക്ക് സ്വീകരണം കൊടുത്ത് തെളിയിച്ചത്. ഇനിയും കാലുവാരുമോയെന്ന് പേടിച്ചാണ് കൊടിക്കുന്നേല്‍ സുരേഷ് എംപിയും സ്വീകരണ യോഗത്തില്‍ പങ്കെടുത്തത്. സ്വീകരണം നല്‍കിയത് കോണ്‍ഗ്രസ് എംപിയല്ല, സ്ഥലം എംപിയാണെന്ന് ചന്നിത്തല.
കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നതോടെ ഗ്രൂപ്പ് സമവാക്യം പൂര്‍ത്തിയായി. എ.കെ.ആന്റണി, വി.എം.സുധീരന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി -ഒന്നാം ഗ്രൂപപ്, പത്മജ വേണുഗോപാല്‍, കെ.വി.തോമസ്-രണ്ടാം ഗ്രൂപ്പ്, വയലാര്‍ രവി, അജയ് തറയില്‍ ഉള്‍പ്പെട്ട എക്കാലത്തേയും മൂന്നാം ഗ്രൂപ്പ്. എല്‍ഡിഎഫും ആഹ്ലാദത്തിലാണ്. പൊടിതട്ടിയെടുത്ത പെണ്‍വാണിഭം എന്ന അറ്റകൈ പ്രയോഗത്തില്‍ അടുത്ത അഞ്ചുകൊല്ലം കൂടി പിടിച്ചുനില്‍ക്കുന്നതെങ്ങനെയെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മുരളീധരന്റെ തിരിച്ചുവരവ്.
ഈ കോലാഹലങ്ങള്‍ക്ക് നടുവിലാണ് രണ്ടാം അമര്‍ത്യാസെന്‍ ഡോക്ടര്‍ പ്രൊഫസര്‍ ടി.എം.തോമസ്ജി ഐസക്ജി 16 ഗ്ലാസ് ബിസ്ലെരി വാട്ടര്‍ കുടിച്ചുകൊണ്ടാണ് ബജറ്റ് വായന പൂര്‍ത്തീകരിച്ചത്. വായന തീര്‍ന്നതോടെ എല്ലാം നിറവേറി എന്ന മട്ടിലാണ് അദ്ദേഹം ജ്ഞാനപീഠം-പത്മവിഭൂഷണ്‍ ഒഎന്‍വിയെ കൂട്ടുപിടിച്ചത് ആരും അധിക്ഷേപിക്കാതിരിക്കാന്‍ വേണ്ടിയാണ്. മലര്‍പ്പൊടി പോലുമല്ലാത്ത 'ഇസ്ലാമിക് ശരിയത്ത്' ബാങ്കിലെ പണം ചോര്‍ത്തിയിട്ടുവേണം വികസനം വരുത്താന്‍. അടുത്ത അഞ്ചുകൊല്ലത്തേയ്ക്ക് അതേതായാലും നടപ്പില്ലായെന്ന യാഥാര്‍ത്ഥ്യം ബോധ്യമായതിനാലാവാം ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്കെല്ലാം 10000 രൂപാ വെച്ച് ഓഫര്‍ ചെയ്തത്. 'ന്യൂലി മാര്യഡ് കപ്പിള്‍സ്' 'ഞാന്‍ ഗാരന്റി' നല്‍കുന്ന മുസ്ലി പവറില്‍ കെട്ടിമറിഞ്ഞാലും കുട്ടികള്‍ ഉണ്ടാവാന്‍ പോണില്ല. നാട്ടില്‍ മുഴുവന്‍ മൊബെയില്‍ ടവര്‍ പണിയാന്‍ ഇടം കൊടുത്തും പിച്ചച്ചട്ടിക്കു പകരം മൊബെയില്‍ ഫോണ്‍ കെട്ടിയേല്‍പ്പിച്ചും ജനത്തെ മുഴുവന്‍ കൂട്ട വന്ധ്യംകരണം നടത്തിയ നാട്ടില്‍ ഏത് കുഞ്ഞാണ് ഐസക്ജിയുടെ പതിനായിരം വാങ്ങാന്‍ വരിക?
No comments:
Post a Comment