Wednesday, 30 March 2011

പെരുന്നേര്‍മംഗലത്തെ വിശേഷങ്ങള്‍!

















കെ.എ. സോളമന്‍

Janmabhumi Posted On: Wed, 30 Mar 2011



കണ്ണീര്‍ സീരിയലുകള്‍ ജനം കൈവിട്ടു. ന്യൂസ്‌ ചാനലുകള്‍ക്കാണ്‌ ഇപ്പോള്‍ ഡിമാന്റ്‌. സീരിയലുകളിലും സിനിമാ ക്ലിപ്പിംഗുകളിലും കിട്ടാത്ത ത്രില്ല്‌ ന്യൂസ്‌ ചാനലുകളില്‍ കിട്ടും. തൃശൂര്‍ പൂരമുള്ളപ്പോള്‍ എന്തിന്‌ ചൂട്ടുപടയണി കാണണം?

'പരിശുദ്ധ കന്യാമറിയമേ, എന്നിലെ മുറിവുണങ്ങീടുകയില്ലയോ' എന്ന സത്യന്‍-രാഗിണി 'ഭാര്യ' സിനിമയിലെ ഹിറ്റായിരുന്ന്‌ സിന്ധുജോയിയുടെ കാളര്‍ ട്യൂണ്‍. പല അരമനകളിലും പോയി പാടി. ഇതുമാത്രമല്ല 'നിത്യവിശുദ്ധയാം കന്യാമറിയമേ' വും പാടി. ഇവയെല്ലാം ഇന്ന്‌ യു ട്യൂബിലും സുലഭം. പക്ഷെ എന്തുചെയ്യാം, ചാനലില്‍ തന്റെ 'ബോഡി മസാജ്‌' എപ്പിസോഡില്‍ 'ഇന്നര്‍ വെയര്‍' പരസ്യം കാട്ടിയ പ്രൊഫ. കെ.വി. തോമസ്‌ സിന്ധുവിനെ മലര്‍ത്തിയടിച്ചുകളഞ്ഞു.

എറണാകുളത്ത്‌ സിന്ധുതോറ്റു. കോട്ടയത്ത്‌ പുതുപ്പള്ളിയിലും 2006-ല്‍ ഇതുതന്നെ സംഭവിച്ചു. 2006ലെയും 2009ലെയും ഉണ്ടായ രണ്ടുപരാജയങ്ങള്‍ സിന്ധുവിന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. സിപിഎമ്മിലെ മസില്‍മാന്മാര്‍ ഇതെല്ലാം കണ്ട്‌ ആസ്വദിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയോട്‌ മത്സരിക്കാന്‍ അവര്‍ക്കൊന്നുമാകില്ല. നേര്‍ച്ചക്കോഴി പോട്ടെന്ന്‌ കരുതി. അക്കുറിയും ഇക്കുറിയും നേര്‍ച്ചക്കോഴികള്‍. ഇത്തവണ ഒരു വനിതാ പ്രൊഫസര്‍ ആണെന്ന്‌ വാര്‍ത്ത.

മുറിവുണങ്ങാതെ നടന്ന സിന്ധു ജോയിയുടെ മുറിവ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഉണങ്ങി. ഉമ്മന്‍ചാണ്ടിക്കുവേണ്ടി പുതുപ്പള്ളിയില്‍ ഇനി സിന്ധുവാണ്‌ വോട്ട്പിടിക്കുക. 'തരിപ്പണവീരന്‍'-ഡിമോളിഷന്‍മാന്‍ അല്‍ഫോണ്‍സ്‌ കണ്ണന്താനം ഇക്കുറി തരിപ്പണമാക്കിയത്‌ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ മാനമാണ്‌. ക്വിറ്റിംഗ്‌ (രാജി) ആണ്‌ അദ്ദേഹത്തിന്റെ സ്റ്റെയില്‍. 8 വര്‍ഷം സര്‍വീസ്‌ ബാക്കിനില്‍ക്കേ അദ്ദേഹം സര്‍വീസില്‍ നിന്നും ക്വിറ്റ്‌ ചെയ്തു. സിപിഎം വെച്ചുനീട്ടുന്ന പരാജയം തലയിലേറ്റാന്‍ താന്‍ സിന്ധുജോയി അല്ലെന്നും കണ്ണന്താന്‍ വ്യക്തമാക്കി. ഗ്രാമീണ വികസനമാണ്‌ കണ്ണന്താനത്തിന്റെ ലക്ഷ്യം. അതുകൊണ്ട്‌ ബിജെപിയില്‍ ചേര്‍ന്നു.

കാലൊടിഞ്ഞവരെയും കാലുമാറ്റക്കാരെയും ചുമക്കുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം. ഒരു കൂട്ടര്‍ക്ക്‌ ചുമക്കാന്‍ സ്ട്രെച്ചറില്‍ കയറിയ ജയഡാളിയുണ്ടെങ്കില്‍ മറ്റേകൂട്ടര്‍ക്ക്‌ സ്ട്രെച്ചര്‍ ഉപേക്ഷിച്ച സിന്ധുജോയിയുണ്ട്‌. ആറ്‌ വയസ്സുമുതല്‍ താന്‍ കോണ്‍ഗ്രസിന്‌ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നു പറഞ്ഞാണ്‌ ജയാഡാളി ചാനലില്‍ കണ്ണീര്‍ എപ്പിസോഡ്‌ കളിച്ചത്‌. എന്തുകൊണ്ട്‌ കുറേക്കൂടി നേരത്തെ കോണ്‍ഗ്രസിന്‌വേണ്ടി പ്രവര്‍ത്തിച്ചില്ല? പിണറായിയും കൂട്ടരും കൂടി ജയാഡാളിയുടെ കണ്ണീരൊപ്പുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും സിന്ധുജോയിയുടെ ഹൃദയത്തിലെ മുറിവുണക്കുന്നു. തുറന്നിട്ട ഖജനാവ്‌ ഒരിക്കലും പൂട്ടാനനുവദിക്കാതെ ഒന്നിരാടങ്ങളില്‍ മാരാരിക്കുളത്ത്‌ എത്തി വഴുതനങ്ങാ ഉത്സവം, കരിമീന്‍കൃഷി, പയറുമേള, 101 കറി ശാപ്പാട്‌, വനിതാ ചെണ്ടമേളം ഇതൊക്കെ നടത്തി വോട്ടുറപ്പിച്ചിരുന്നു ധനമന്ത്രി തോമസ്‌ ഐസക്ക്‌. ഓരോ മേള കഴിയുമ്പോഴും പാലസിലെത്തി തിരുമേനിക്ക്‌ രണ്ടുവഴുതനങ്ങാ, രണ്ട്‌ കരിമീന്‍, ഒരു കെട്ട്‌ പയറ്‌, ഒരു പൊതിൂണ്‌ എന്നിവ കൊടുത്ത്‌ സന്തോഷിപ്പിച്ചിരുന്നു. കൂട്ടത്തില്‍ ഒരുമണിക്കൂര്‍ അടച്ചിട്ട മുറിയില്‍ ഇരുന്ന്‌ സംഭാഷണവും നടത്തി. രണ്ടുപേരും തങ്ങളുടെ നീളന്‍ കുപ്പായങ്ങളുടെ വര്‍ണം വിശേഷിപ്പിക്കുകയായിരുന്നുവെന്നു നാട്ടുകാരും വിശ്വാസികളും. തിരുമേനിയുടേതുപോലെ ഒരു ചുവപ്പുബെല്‍റ്റ്‌ തനിക്ക്‌ പാര്‍ട്ടിയോടുള്ള കൂര്‍ഉറക്കെ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി. അതുവേണ്ട, ഇപ്പോള്‍ തന്നെ കളര്‍ഫുള്ളെന്ന്‌ തിരുമേനി. അടുത്ത തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലമില്ല, ആലപ്പുഴ മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ മേള നടത്താന്‍ പറ്റിയില്ല. അതുകൊണ്ട്‌ ഒരു കൈ സഹായം വേണം, ഒരു ഈസി വാക്കോവര്‍. സഹായിക്കാമെന്ന്‌ തിരുമേനിയും പറഞ്ഞു.

'അഡ്വ. പി.ജെ. മാത്യു സ്ഥാനാര്‍ത്ഥിയാകട്ടെ' തിരുമേനി കല്‍പിച്ചു. കോണ്‍ഗ്രസിന്റെ മാരാരിക്കുളം ബ്ലോക്ക്‌ സെക്രട്ടറി, ഡിസിസി അംഗം ഒക്കെ ആയിരുന്നു മാത്യു എന്നത്‌ കോണ്‍ഗ്രസുകാര്‍ പോലും അറിയുന്നത്‌ ഇപ്പോഴാണ്‌. ഇതോടെ ബിഷപ്പുമായുളള ഐസക്കിന്റെ 'അടച്ചിട്ട മുറി വര്‍ത്തമാനം' ഒരു മണിക്കൂറെന്നത്‌ രണ്ടുമണിക്കൂറാക്കി.

മാരാരിക്കുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസുകാരന്‍ അന്തപ്പന്‍ പെരുന്നേര്‍മംഗലം ചോദിക്കുന്നു, "തിരുമേനിമാര്‍ എന്തിന്‌ ഡമ്മികളെ നിര്‍ത്തണം, നേരിട്ട്‌ മത്സരിച്ചാല്‍ പോരായിരുന്നോ?"

No comments:

Post a Comment