Monday 21 March 2011

ഇലക്ഷന്‍ ചെണ്ടമേളം!

കെ.എ. സോളമന്‍

Janmabhumi On Mon, 22 Mar 2011

സുകുമാരന്‍ ആചാരി മാഷിന്‌ ഇത്‌ നടപ്പ്‌ 76. നാല്‍പ്പത്തിയൊമ്പതാം വയസ്സിലായിരുന്നു വിവാഹം. ഓരോരോ കാരണത്താല്‍ നീണ്ടുപോയതാണ്‌. 50-ാ‍ം വയസ്സില്‍ മകന്‍ ജനിച്ചു. അമ്പതിന്റെ ഓര്‍മയ്ക്കായി മകന്‌ അര്‍ദ്ധശതോത്ഭവന്‍ ആചാരി എന്ന്‌ പേരിടുകയും ചെയ്തു. അര്‍ദ്ധശതോത്ഭവന്‍ ഇപ്പഴും പഠിച്ചുകൊണ്ടിരിക്കുകയാണ്‌, പിജി കഴിഞ്ഞ്‌ ബിഎഡ്‌.

സുകുമാരന്‍ ആചാരി മാഷ്‌ പഠിപ്പിച്ചുകൊണ്ടിരുന്ന സ്കൂളിന്‌ മുന്നിലെ ശ്രീകൃഷ്ണ വിലാസം പോറ്റി ഹോട്ടലില്‍നിന്നായിരുന്നു വിവാഹത്തിനുമുമ്പുവരെ ശാപ്പാട്‌. പോറ്റി ഹോട്ടലില്‍ കിട്ടുന്നതിനെ വെല്ലുന്ന സാമ്പാര്‍ മറ്റൊരിടത്തും കിട്ടില്ല എന്നതായിരുന്നു ആചാരി സാറിന്റെ കണ്ടുപിടുത്തം. പക്ഷെ, വിവാഹം കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ പോറ്റിയുടെ സാമ്പാറിനേക്കാള്‍ മികച്ച സാമ്പാര്‍ വീട്ടില്‍ കിട്ടുമെന്ന്‌. അതോടെ ആചാരിസാറിന്‌ മനസ്സിലായി, അഭിപ്രായം അത്‌ സ്വന്തമായാലും മറ്റാരുടേത്‌ ആയാലും ഇരുമ്പുലക്കയല്ലെന്ന്‌. ഇങ്ങനെ ഒരു തിരിച്ചറിവ്‌ ഒരിക്കലും കിട്ടാത്തവര്‍ മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ടിരിക്കും. ആദ്യം ശകാരമാണെന്ന്‌ തോന്നും, പിന്നീട്‌ ശകാരമല്ല, അഭിനന്ദനമാണെന്ന്‌ തിരുത്തിപ്പറയുകയും ചെയ്യും.

വിവാഹത്തില്‍നിന്ന്‌ ഒളിച്ചോടിയിട്ട്‌, വിവാഹം കഴിച്ച്‌ അന്തസ്സായി ജീവിക്കുന്നവരെ പരിഹസിക്കും. അവരുടെ കുട്ടികള്‍ പിഴകളാണെന്ന്‌ വിളിച്ച്‌ പറയും. ഇത്തരം മക്കളുണ്ടാവാത്തത്‌ ഭാഗ്യമെന്ന്‌ ആശ്വാസം കൊള്ളും. ഒരിയ്ക്കല്‍പ്പോലും വോട്ട്‌ ചെയ്യാതിരുന്നിട്ട്‌ വോട്ടിന്റെ മാഹാത്മ്യത്തെക്കുറിച്ചും ജനാധിപത്യവ്യവസ്ഥിതിയെക്കുറിച്ചും ലേഖനമെഴുതും. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, ചെന്നിത്തല,മാണി തുടങ്ങിയവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന്‌ ഉപദേശിക്കും. ഇലക്ഷന്‍ കഴിയുന്നതുവരെ, ഇവരാരും തിരിച്ചു ഉപദേശിക്കാന്‍ വരില്ലെന്ന്‌ ഉറപ്പുള്ളതുകൊണ്ട്‌ തന്റെ ഉപദേശമെല്ലാം അഭിനന്ദനമായിരുന്നെന്ന്‌ തിരുത്തിപ്പറയും. വാക്കിലും പ്രവര്‍ത്തിയിലും കുറച്ചുകാലമായി സ്ഥിരത ഇല്ലാത്തതന്നെ ജനം അവഗണിക്കുന്നുവെന്ന്‌ മനസ്സിലാക്കുമ്പോള്‍ "എന്തു പറഞ്ഞാലും ഗുണമില്ലാത്ത സമൂഹം" എന്നു വിളിച്ചു പൊതുസമൂഹത്തെയും ആക്ഷേപിക്കും. ഗാന്ധിജിയുടെ ആദര്‍ശം ഔദ്യോഗികപക്ഷത്തിന്റെ ആദര്‍ശമായി അടയാളപ്പെടുത്തും.

ജെഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കൂടെക്കൂടെ പ്ലീനം നടത്തിയാല്‍ പോരാ രാഷ്ട്രീയ നിലപാടുകൂടി വ്യക്തമാക്കണമെന്നാണ്‌ ഒരിക്കല്‍പ്പോലും ട്രഷറി പൂട്ടാന്‍ അനുവദിക്കാത്ത ധനകാര്യ ചാണക്യന്‍ തോമസ്‌ ജി.ഐസക്ജി പറയുന്നത്‌. മൂന്നുമാസം ചാത്തനാട്ടും തിരുവനന്തപുരത്തുമായി തിണ്ണനിരങ്ങിയിട്ട്‌ ഗൗരിയമ്മയുടെ രാഷ്ട്രീയ നിലപാട്‌ മനസ്സിലായില്ല. ഗൗരിയമ്മ രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കിയത്‌ ജനത്തിന്‌ മനസ്സിലായെങ്കിലും ഐസക്കിന്‌ കഴിഞ്ഞില്ല. കൂടുതല്‍ പഠിച്ചാലുള്ള കുഴപ്പമാണിത്‌. ഉത്തോലകതത്വം പഠിച്ചവന്‌ ഉന്തുവണ്ടി തള്ളാന്‍ പറ്റാത്തതുപോലെ ഗൗരിയമ്മയുടെ നയം ഇത്രേയുള്ളൂ. തോല്‍ക്കാന്‍ പാകത്തില്‍ രണ്ടുസീറ്റ്‌ വേണ്ട, ജയിക്കാന്‍ പാകത്തില്‍ 4 സീറ്റ്‌ മതി. അത്‌ യുഡിഎഫില്‍ കിട്ടിക്കഴിഞ്ഞു. തന്റെ ചാക്കില്‍ ഗൗരിയ്മമ കയറിയിരുന്നെങ്കില്‍ കഞ്ഞിക്കുഴിയിലെ വനിതാ ചെണ്ടമേളം അവരെക്കൊണ്ട്‌ ഉദ്ഘാടിക്കാമെന്നാണ്‌ ഐസക്ജി കരുതിയത്‌. അത്‌ നടന്നില്ല.

തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം വനിതാ ചെണ്ടമേളത്തിന്‌ ബാധകമല്ലാത്തതിനാല്‍ മന്ത്രി ഐസക്ജി തന്നെ അത്‌ ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനം 25000 രൂപ, രണ്ടാംസമ്മാനം 10000 രൂപ. സ്വന്തമായി ഒരു മേശപോലുമില്ലാത്ത ഈ ക്ലബിന്‌ ഈ പണം എവിടെന്നു കിട്ടിയെന്ന്‌ ഏവരും അത്ഭുതപ്പെടും. സ്ത്രീകളല്ലേ, ചെണ്ടക്കാരികളല്ലേ, സമ്മാനത്തുകകൊണ്ടുപോയി യൂണിഫോം സാരി മേടിക്കട്ടെയെന്ന്‌ കരുതി. സാരിയായി കൊടുത്താലല്ലേ കുഴപ്പമുള്ളൂ സാരി വാങ്ങാനുള്ള പണമായിട്ടു കൊടുത്താല്‍ കുഴപ്പമില്ല. ഒരു ലക്ഷം രൂപായ്ക്ക്‌ എത്രസാരി കിട്ടും? സാംസ്കാരിക നായകന്‌ ഈ ചെണ്ടമേളക്കാരെയൊന്ന്‌ ഉപദേശിച്ചുകൂടെ. ഇലക്ഷന്‍ കാലത്ത്‌ ഇങ്ങനെ ചെണ്ട കൊട്ടരുതെന്ന്‌.

No comments:

Post a Comment