Sunday, 19 May 2013

സുപ്രന്‍ ചേര്‍ത്തല ഇനി ഓര്‍മ


ചേര്‍ത്തല:ചേര്‍ത്തലയുടെ കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന വി.കെ.സുപ്രന്‍ ചേര്‍ത്തല ഇനി ഓര്‍മ. മികവുറ്റ സംഘാടകനായിരുന്ന ഇദ്ദേഹം ചേര്‍ത്തലയില്‍ നടത്തുന്ന ഏത് സാംസ്‌കാരിക പരിപാടിയിലും സക്രിയപങ്കാളിയായിരുന്നു. പി.എസ്.സി. ഓഫീസിലെ സെക്ഷന്‍ ഓഫീസറായിരുന്ന സുപ്രന്‍, 2002 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചതോടെ മുഴുവന്‍ സമയവും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ചേര്‍ത്തല സര്‍ഗ്ഗം കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ സ്ഥാപകരില്‍ പ്രമുഖനായ ഇദ്ദേഹം ഏറെനാള്‍ അതിന്റെ പ്രസിഡന്റായിരുന്നു. നിലവില്‍ സെക്രട്ടറിയാണ്. 12 വര്‍ഷമായി സര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ മാസംതോറും സര്‍ഗ്ഗസംഗമം നടത്തിയിരുന്നു. കവിയരങ്ങ്, കഥയരങ്ങ്, ചിരിയരങ്ങ് തുടങ്ങിയവ ഇതിന്റെ ഭാഗമായിരുന്നു. ഞായറാഴ്ചത്തെ സര്‍ഗ്ഗസംഗമത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ സുപ്രന്റെ ആകസ്മിക മരണം സംഭവിച്ചത്. പുരോഗമന കലാസാഹിത്യ സംഘം ചേര്‍ത്തല ഏരിയകമ്മിറ്റി അംഗവുമായിരുന്നു.

സര്‍ഗ്ഗത്തിന്റെ വാര്‍ഷികങ്ങള്‍ക്ക് പ്രശസ്ത സാഹിത്യകാരന്മാരെയും കലാകാരന്‍മാരെയും പങ്കെടുപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചേര്‍ത്തല സംസ്‌കാര, എസ്.എല്‍.പുരം ആലോചന, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലും സുപ്രന്‍ പങ്കുവഹിച്ചിരുന്നു
.

No comments:

Post a Comment