Friday 3 May 2013

വി.എസ്സിന്റെ കുടുംബത്തില്‍നിന്ന് സി.ഐ.ടി.യു.ക്കാര്‍ നോക്കുകൂലി വാങ്ങി











ആലപ്പുഴ: നോക്കുകൂലിക്കാര്‍ക്ക് മുന്നില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ കുടുംബത്തിനും രക്ഷയില്ല. സി.ഐ.ടി.യു.ക്കാരുടെ നോക്കുകൂലിക്ക് ഇക്കുറി ഇരയായത് അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്‍ വി.എസ്. ഗംഗാധരന്റെ മകനും സി.പി.എം.പുന്നപ്ര വടക്ക് സൊസൈറ്റി ബ്രാഞ്ച് സെക്രട്ടറിയുമായ ജി.പീതാംബരനാണ്. തോടിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണത്തിന് ടിപ്പറില്‍ കല്ലിറക്കിയപ്പോള്‍ ശരീരമനങ്ങാതിരുന്ന തൊഴിലാളികള്‍ നോക്കുകൂലിയായി പീതാംബരനോട് ചോദിച്ചത് 1750 രൂപ. നല്കില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി 750 രൂപ വാങ്ങി. കൂടുതല്‍ കൂലി ചോദിച്ച് പണി തടസ്സപ്പെടുത്തുകയും ചെയ്തു.

പീതാംബരന്റെ പുരയിടത്തിനോടു ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനായി ആറു ലോഡ് കരിങ്കല്ല് ടിപ്പറില്‍ ഇറക്കി. ടിപ്പറിന്റെ തട്ടുയര്‍ത്തി കല്ല് തള്ളിയിടുകയായിരുന്നു. വിവരമറിഞ്ഞ് ലോക്കല്‍ കമ്മിറ്റിയംഗം ആര്‍. മോഹനന്‍, പ്രദേശത്തെ സി.ഐ.ടി.യു. ജോയിന്‍റ് കണ്‍വീനര്‍ ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തലിനുശേഷം നിര്‍ബന്ധിച്ച് 750 രൂപയും വാങ്ങി. മടങ്ങിപ്പോയശേഷം സമീപവാസികളായ തൊഴിലാളികളുടെ സഹായത്തില്‍ മൂന്ന് ലോഡ് കല്ല് പണിസ്ഥലത്തേക്ക് എത്തിച്ചു. ഇതിന് അവര്‍ക്ക് 3000 രൂപ നല്‍കി. ബാക്കി കല്ലുകൂടി കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ നോക്കുകൂലി വാങ്ങിയ സി.ഐ.ടി.യു.ക്കാര്‍ സ്ഥലത്തെത്തി കല്ലു ചുമക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് അറിയിച്ചു. മൂന്നുലോഡിന് ചുമട്ടുകൂലിയായി 7000 രൂപ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ 3000 രൂപയ്ക്കാണ് ഇത്രയും കല്ല് നീക്കിയതെന്ന് പറഞ്ഞുനോക്കിയെങ്കിലും സമ്മതിച്ചില്ല. 1000 രൂപകൂടി കൂട്ടിനല്‍കാമെന്നു പറഞ്ഞിട്ടും സി.ഐ.ടി.യു.ക്കാര്‍ വഴങ്ങിയില്ല. മറ്റുള്ളവര്‍ പണിയെടുക്കാനും സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് സംരക്ഷണഭിത്തി നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രശ്‌നം സംബന്ധിച്ച് പീതാംബരന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍. മോഹന്‍കുമാറിനോട് പരാതിപ്പെട്ടപ്പോള്‍ സി.ഐ.ടി.യു.ക്കാരുമായി സംസാരിച്ച് തീര്‍ക്കാനാണ് ഉപദേശിച്ചത്. ഇതേത്തുടര്‍ന്ന് ജി. സുധാകരന്‍ എം.എല്‍.എ.യ്ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നോക്കുകൂലി പ്രവണത അവസാനിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞതിനെത്തുടര്‍ന്ന് നോക്കുകൂലിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവും പറഞ്ഞിരുന്നു. മെയ്ദിന സമ്മേളനത്തില്‍ ആലപ്പുഴയെ നോക്കുകൂലി രഹിത ജില്ലയാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പത്മകുമാറും പ്രഖ്യാപിച്ചിരുന്നു.

Comment: അധാര്‍മികമായി പറ്റുന്ന ഈ പണം പ്രയോജന പ്പെടാതെ പോകുമെന്നുള്ളത് ഈ നോക്കൂ കൂലി ക്കാര്‍ എന്നാണ് മനസ്സിലാക്കുക. 
-കെ എ സോളമന്‍ 

No comments:

Post a Comment