Tuesday, 16 July 2013

മഞ്ജുവാര്യര്‍ വീണ്ടും വെള്ളിവെളിച്ചത്തില്‍


മുംബൈ: ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിനും അമിതാഭ്ബച്ചനും അരികെ മഞ്ജുവാര്യര്‍ ആഹ്ലാദത്തോടെ നിന്നു. പ്രകാശപൂര്‍ണമായ ഇന്നലെകളെ അനായാസം വീണ്ടെടുത്തുകൊണ്ട് അഭിനേത്രിയായുള്ള രണ്ടാംജന്മത്തിന് തുടക്കം. തിങ്കളാഴ്ച എത്രപെട്ടെന്നാണ് ഒരു വ്യാഴവട്ടത്തെ മായ്ച്ചത്!

മുംബൈ ഗോരേഗാവില്‍ ഫിലിംസിറ്റിയുടെ ഒന്നാംനമ്പര്‍ ഫ്ലോറില്‍ പരസ്യചിത്രതാരമായി മലയാളിയുടെ ഇഷ്ടനായിക. അതിനെ സമ്മോഹനമാക്കാന്‍ സാക്ഷാല്‍ ബച്ചന്റെ സാന്നിധ്യവും. വി.എ. ശ്രീകുമാര്‍ എന്ന സംവിധായകന്റെ ക്യാമറയ്ക്കുമുന്നിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ ആദ്യഷോട്ടില്‍ അമിതാഭ് ബച്ചന്റെ കൈകളില്‍ മുറുകെ പിടിച്ചു.

പതിനാലുവര്‍ഷംമുമ്പ് 'പത്രം' എന്ന സിനിമയോടെ അവസാനിപ്പിച്ച അഭിനയജീവിതത്തിന്റെ വീണ്ടെടുപ്പില്‍ മഞ്ജുവിന്റെ കഥാപാത്രം നാലുഭാഷകളിലെ നായികയായി. പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരായിരുന്നു മറ്റ് തെന്നിന്ത്യന്‍ഭാഷകളില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചത്. തിങ്കളാഴ്ച രാവിലെ 6.30ന് തന്നെ മഞ്ജു സെറ്റിലെത്തി. ബോളിവുഡ് താരറാണിമാരുടെ ചമയക്കാരന്‍ മിക്കി കോണ്‍ട്രാക്ടര്‍ കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിനായി മഞ്ജുവിനെ അണിയിച്ചൊരുക്കി. ഒമ്പതോടെ മറ്റ് ഭാഷകളിലെ നായകന്മാര്‍ ഓരോരുത്തരായി വന്നു. പത്തുമണിയോടെ ബച്ചനും. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തൊട്ട് അനുഗ്രഹംവാങ്ങിയാണ് മഞ്ജു ആദ്യഷോട്ടിന് തയ്യാറായത്. ബച്ചനും മഞ്ജുവും ഒരുമിച്ച് ടി.വി. കാണുന്നതും മഞ്ജു പേടിച്ച് ബച്ചന്റെ കൈകളില്‍ മുറുകെ പിടിക്കുന്നതുമാണ് ആദ്യം ചിത്രീകരിച്ചത്. 10.40ന് മഞ്ജുവാര്യരുടെ മുഖത്ത് വീണ്ടും വെള്ളിവെളിച്ചം വീണു.

Comment: കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രമാണ്, കല്യാണ്‍ ആഭരണം ധരിച്ചാല്‍ എങ്ങനെ വാപൊളിക്കാം എന്നതാണു ഇതിവൃത്തം. ഉല്‍ഘാടനത്തിനു "നിങ്ങളും  ഉണ്ണണം എന്റെ കൂടെ" എന്നു ഷാരൂഖ് ഖാന്‍ വിളിച്ചുകൂവിയ 'ഇമ്മാനുവേല്‍" " പൂട്ടി. കല്യാണ്‍ പൂട്ടാനും അധികം കാലം വേണ്ട എന്നതാണു വാപൊളിയുടെ അര്ത്ഥം.  
അമിതാഭ് ബച്ചനെക്കാള്‍ കൂടുതല്‍ വാപൊളിച്ചിട്ടു വീട്ടില്‍ എത്തുംപോള് വീട്ടുകാരന്‍ പായും തലേണയുമായി 'ദേപുട്ടു'കടയിലോട്ട് താമസം മാറുമോ എന്നതാണു ഇനി അറിയാനുള്ളത്.
-കെ എ സോളമന്‍ 


No comments:

Post a Comment