Tuesday 23 July 2013

ജയില്‍ ചപ്പാത്തി!

Photo: ENTE CHERTHALA

അതൊരു കാലം. അന്ന്‌ ഗാന്ധിജി യൂണിവേഴ്സിറ്റി ഓപ്പണ്‍ ചെയ്തിരുന്നില്ല. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” അസംബന്ധമെന്ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഇന്നത്തെ ഭക്ഷ്യമന്ത്രിയുടെ അപ്പനുമായ ടിഎം ജേക്കബ്‌ പാടി നടന്ന കാലം. ചേര്‍ത്തലക്കാരനായ കൃഷ്ണകൈമളിന്‌ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക്‌ പോകേണ്ടി വന്നത്‌ അങ്ങു റാന്നി കോളേജിലാണ്‌. മകളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചു പേരു കേള്‍പ്പിച്ച ഒരു സാറായിരുന്നു റാന്നി കോളേജിന്റെ പ്രിന്‍സിപ്പാള്‍, അദ്ദേഹം മന്ത്രിയുമായി.

പ്രാക്ടിക്കല്‍ പരീക്ഷയാകുമ്പോള്‍ കോപ്പിയടി തീരെയില്ല. പകരം സാറന്മാര്‍ മുട്ടിന്മേല്‍ വീണ്‌ പറഞ്ഞുകൊടുക്കുന്ന രീതിയാണ്‌.  . കോളേജ്  പ്രൈവറ്റായാലും സര്‍ക്കാരായാലുംസാറന്മാരുടെ ഈ പ്രവൃത്തിക്ക്‌ വലിയ വ്യത്യാസമില്ല, ഗവണ്‍മെന്റ്‌ കോളേജില്‍ അല്‍പ്പം കുറവുണ്ടെന്ന്‌ മാത്രം. പരീക്ഷകനായ കൃഷ്ണക്കൈമള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന അവസരത്തില്‍ വിചിത്ര പെരുമാറ്റമുള്ള ഒരു കുട്ടിയെ കണ്ടെടുത്തു-പേര്‌ ‘ജയില്‍ കുമാര്‍’. പേരെഴുതിയപ്പോള്‍ തെറ്റിയതാവണം, ‘ജയകുമാര്‍’ ആവാം, കൈമള്‍ ശങ്കിച്ചു. സഹാധ്യാപകന്‍ സംശയനിവാരണം നടത്തി, “തെറ്റുപറ്റിയിട്ടില്ല സാര്‍, അവന്റെ അച്ഛന്‍ നേതാവാണ്‌, ജയിലില്‍ കിടന്നപ്പോഴാണ്‌ അവന്‍ ജനിച്ചത്‌, അതിന്റെ സ്മരണ അയവിറക്കാനാണ്‌…”

കൈമള്‍ ഓര്‍ത്തു, അന്നും ഇന്നും ജയിലില്‍ക്കിടന്നവരുടെ എണ്ണത്തിന്‌ ഒട്ടും കുറവില്ല. ഇന്ന്‌ അല്‍പ്പം കൂടുതലാണെന്ന്‌ മാത്രം. ജയിലില്‍ കിടക്കുന്നവര്‍ക്ക്‌ അന്ന്‌ പണി പാറ പൊട്ടിക്കല്‍, കൃഷി, കൈത്തറി നിര്‍മാണം, മരപ്പണി തുടങ്ങിയവ ആയിരുന്നു. ഇന്നതൊക്കെ മാറി കുറേക്കൂടി ലാഭകരമായ ജോലികളാണ്‌. ഇപ്പോള്‍. പ്രധാന ജോലി ചപ്പാത്തി ഉരുട്ടലും കോഴിക്കറി തയ്യാറാക്കലുമാണ്‌. ചപ്പാത്തി ഉരുട്ടാനൊന്നും മിനക്കെടേണ്ട, യന്ത്രം ചെയ്തുകൊള്ളും.

ജയില്‍ ചപ്പാത്തിയുടെ കച്ചവടം വന്‍ ലാഭമാണ്‌ സര്‍ക്കാരിന്‌ നേടിക്കൊടുക്കുന്നത്‌. ഓരോ ജയിലില്‍നിന്നും ഇറക്കുന്ന ചപ്പാത്തിക്ക്‌ ഓരോരോ ബ്രാന്റ്‌ നെയിം. കൊച്ചി കാക്കാനാട്ടെ ജയില്‍ ചപ്പാത്തിയുടെ ബ്രാന്റ്‌ നെയിം മെട്രോ ചപ്പാത്തി എന്നാണ്‌. തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ചപ്പാത്തി ‘പൂജപ്പൂര ചപ്പാത്തി’യെന്നും വിയ്യൂര്‍ ജയില്‍ ചപ്പാത്തി ഫ്രീഡം ചപ്പാത്തിയെന്നും കോഴിക്കോട് ജില്ലാ ജയില്‍ സാന്ത്വനം എന്നും അറിയപ്പെടും.    ‘സാന്ത്വന’മാണ്‌ ബ്രാന്റ്‌ നെയിമില്‍ മികച്ചത്‌. . വയര്‍ പൊരിഞ്ഞ്‌ വരുന്നവര്‍ക്ക്‌ രണ്ടു ചപ്പാത്തിയും ഒരു ഗ്ലാസ്‌ വെള്ളവും കിട്ടുമ്പോഴുള്ള സാന്ത്വനം ചില്ലറയല്ല. കൈത്തറിക്ക്‌ ബ്രാന്റ്‌ അംബാസഡറെ കണ്ടെത്തിയതുപോലെ ചപ്പാത്തിക്ക്‌ അംബാസഡറെ കണ്ടുപിടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌. ചപ്പാത്തി കഴിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്‌ കാണിക്കാന്‍ ‘അമ്മയും കുഞ്ഞും പദ്ധതി’യുടെ ബ്രാന്റ്‌ അംബാസഡറുടെ ‘കളിമണ്‍’ ചിത്രവും ആലോചനയിലുണ്ട്‌.

ജയില്‍ ചപ്പാത്തിക്ക്‌ വ്യാപക ഡിമാന്റ്‌ വന്നതോടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്‌ ജയില്‍ അതോറിറ്റി. ചപ്പാത്തിയുടെ കൂടെ ഓരോ കാന്‍ ‘നീര’കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ലാഭം കൊയ്യാമെന്നും ചിന്തയുണ്ട്‌. ചപ്പാത്തി കച്ചോടം ആകര്‍ഷകമാക്കാന്‍ പാക്കറ്റിന്റെ പുറത്ത്‌ “ശാലുപാക്ക്ഡ്‌, സരിതാ കിസ്ഡ്‌” പോലുള്ള ടാഗുകളും തുന്നിപ്പിടിപ്പിക്കും.

ആവശ്യാനുസരണം ചപ്പാത്തിയും കറിയും നിര്‍മിക്കാന്‍ ജയിലില്‍ വര്‍ക്ഫോഴ്സുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ ഒരാശങ്കയുമില്ല. പുറത്തേയ്ക്ക്‌ പോകുന്നവരെക്കാള്‍ വളരെ കൂടുതലാണ്‌ ജയിലിലോട്ട്‌ ദിവസവം അഡ്മിറ്റാകുന്നത്‌. . ബിസാര്‍ ആര്‍ ദി വെയ്സ്‌ ഓഫ്‌ ഗവണ്‍മെന്റ്‌ ടു ഫില്‍ ദി കോഫഴ്സ്‌, എന്നുവെച്ചാല്‍, വിചിത്രമാണ്‌ ഖജനാവ്‌ നിറയ്ക്കാനുള്ള സര്‍ക്കാരിന്റെ വഴികള്‍!

കെ.എ.സോളമന്‍

No comments:

Post a Comment