Wednesday 17 July 2013

ശ്രേഷ്ഠ മലയാളം വിശിഷ്ട മലയാളം


Photo: Ente KERALAM Ethra SUNDHARAM

മലയാള ഭാഷക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ ശ്രേഷ്ഠമലായളമായി. ശ്രേഷ്ഠം എന്ന വാക്ക്‌ സംസ്കൃതമായതുകൊണ്ട്‌ അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന്‌ മലയാളികള്‍ വേറെ വാക്ക്‌ കണ്ട്‌ പിടിക്കണമെന്നും മലയാളിയല്ലാത്ത സംസ്കൃത പണ്ഡിതര്‍. വിശിഷ്ട മലയാളം, മാതൃകാ മലയാളം, പൗരാണിക മലയാളം എന്തൊക്കെ വിളിക്കാമായിരുന്നിട്ടും എന്തിന്‌ ‘ശ്രേഷ്ഠ മലയാള’ത്തിന്റെ പുറകേ പോയി എന്നാണ്‌ രാമന്‍ നായര്‍ക്ക്‌ ചോദിക്കാനുള്ളത്‌.

കേന്ദ്രത്തില്‍ കിട്ടുമെന്ന്‌ പറയുന്ന 100 കോടിയാണ്‌ ലക്ഷ്യമെങ്കില്‍ അതെന്തിനിരിക്കുന്നു? ഒന്നുരണ്ടു ‘ലോകശ്രേഷ്ഠ മലയാള സമ്മേളനം’ ആഘോഷിക്കാന്‍ തന്നെ പണം തികയാതെ വരും. വെറും ആക്രിം പെറുക്കി നടന്നവനൊക്കെ 10000 കോടിരൂപയുടെ കണക്കു പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന്‌ കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ലായെന്നാണ്‌ ഭരണ-പ്രതിപക്ഷത്തെ ചില നേതാക്കളുടെ നിരീക്ഷണം.

അതിനിടെ പ്രതിമാസ സ്വൈരം കെടുത്തലായി കഥാ-കാവ്യ സമ്മേളനം നടത്തുന്ന “അരങ്ങ്‌” സാഹിത്യവേദിയുടെ സെക്രട്ടറി മൊയ്തീന്‍ കോയയുടെ സംശയം ‘നമ്മക്കും’ എന്തെങ്കിലും കിട്ടുമോയെന്നതാണ്‌. രജിസ്റ്റര്‍ ചെയ്ത സംഘടനയായതുകൊണ്ട്‌ കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാനപ്പെടുത്തലില്‍ ആശ്വസിച്ചിരിക്കുകയാണ്‌ കോയ. പണം കിട്ടുന്ന മുറയ്ക്ക്‌ പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടുതവണയാക്കണമെന്ന ഉദ്ദേശവ്യവുമുണ്ട്‌.

നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ തുല്യമായി മലയാള പദങ്ങള്‍ ഇല്ലായെന്നത്‌ ഭാഷാ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്‌. ഉദാഹരണമായി “പാനല്‍” എന്ന വാക്കിന്‌ മലയാളത്തില്‍ പലക, ചട്ടം എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും അതാരും ഉപയോഗിച്ചുകാണുന്നില്ല. ‘സോളാര്‍ പാനലി’നെ സൗരപ്പലക എന്നു വിളിക്കാമെന്നിരിക്കെ 24ഃ7 ചാനല്‍ വായ്പ്പാട്ടുകാര്‍ സോളാര്‍ പാനല്‍ എന്നുതന്നെയാണ്‌ പാടിക്കൊണ്ടിരിക്കുന്നത്‌. പത്രങ്ങളായ പത്രങ്ങളൊക്കെ സോളാര്‍ പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൗരപ്പലക എന്നെഴുതിക്കാണുന്നില്ല. സോളാര്‍ എനര്‍ജിയെ സൗരോര്‍ജം എന്ന്‌ ശ്രേഷ്ഠമലയാളത്തില്‍ പറയാമെങ്കില്‍ എന്തുകൊണ്ട്‌ സോളാര്‍ പാനലിന്‌ ഒരു മലയാളവാദം ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ എത്രയും വേഗം സോളാര്‍ പാനലിനെ സൗരപ്പലക എന്നു വിളിക്കണം. അതോടെ സോളാര്‍പാനല്‍ ബിജു ‘സൗരപ്പലക ബിജു’വും സരിത, സൗരപ്പലക സരിതയെന്നും അറിയപ്പെടും. സോളാര്‍ പാനലില്‍ കാല്‍തട്ടി വീണെന്നും ഇല്ലെന്നും പറയുന്ന ശാലുമേനോനും ജോപ്പനും കോപ്പനുമൊക്കെ പുതിയ പേരുകള്‍ കണ്ടെത്തുകയുമാവാം.

സൂര്യന്റെ പ്രായം 10 ബില്യണ്‍ കൊല്ലമാണ്‌, അതായത്‌ 1000 കോടി കൊല്ലം. ഇപ്പോള്‍ സൂര്യന്‍ കൗമാരദിശയില്‍, എന്നുവെച്ചാല്‍ പ്ലസ്‌വണ്‍ ക്ലാസില്‍ പോകുന്ന പ്രായം. അടുത്ത 30 ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ഈ സൂര്യന്‍ ഇതേ പ്രയോടെ പ്രകാശിക്കുമെന്നാണ്‌ ഭൗതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്‌.
ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരു അഴിമതിയും നടക്കില്ല. അഴിമതിയെല്ലാം ഭൂമിയിലാണ്‌, സൂര്യനില്ലെങ്കില്‍ ഭൂമിയില്ലായെന്ന സത്യം മറന്നുകൊണ്ട്‌.
യോഗം സെക്രട്ടറി പറഞ്ഞതാണ്‌ ശരി. ബിജുവിനും സരിതയ്ക്കും ശാലുവിനും പുറകേയാണ്‌ എല്ലാവരും. സരിതക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ച്‌ ജനം വലയുന്നു, ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണപ്രതിപക്ഷങ്ങള്‍ കാണുന്നതേയില്ല. ഏവരും സരിത-ബിജു ‘സൗരപ്പലക’യില്‍ ചാരിനില്‍ക്കുകയാണ്‌, അടുത്ത പൊറാട്ടിന്‌ കാതോര്‍ത്ത്‌.

കെ.എ.സോളമന്‍

No comments:

Post a Comment