Wednesday, 10 July 2013

ഉടുതുണിക്ക് മറുതുണി!

Photo: CLICK HERE>>> http://goo.gl/ppHLA


പ്രതിമാസ സാഹിത്യ സംഗമത്തില്‍ പങ്കെടുത്ത്‌ സ്വന്തം കവിത വായിക്കുക എന്നത്‌ കവി മണിയാ പൊഴിക്ക്‌ വളരെ താല്‍പ്പര്യമുള്ള കാര്യമാണ്‌. മത്സ്യത്തൊഴിലാളിയായ മാണിയാ പൊഴിക്ക്‌ വായില്‍ തോന്നുന്നതെല്ലാം കവിതയാണ്‌. സുഹൃത്തും റിട്ടയേര്‍ഡ്‌ കോളേജ്‌ പ്രൊഫസറുമായ കൃഷ്ണകൈമളിന്‌ മാണിയാ പൊഴിയെ പെരുത്ത ഇഷ്ടവുമാണ്‌. കഥ-കവിതാ സംഗമങ്ങള്‍ എവിടെയുണ്ടായാലും കൈമളിന്റെ കൂടെ മാണിയാ പൊഴിയും കാണും. പക്ഷെ ഒരു കുഴപ്പമുള്ളത്‌, കൈമളിന്‌ പെന്‍ഷനുണ്ട്‌. മാണിയാ പൊഴിക്കതില്ല, വള്ളമിറക്കിയാലെ എന്തെങ്കിലും കിട്ടൂ. കവി സംഗമമുള്ള ദിവസങ്ങളില്‍ മാണിയാ പൊഴിക്കു മത്സ്യബന്ധനത്തിന്‌ പോകാന്‍ തോന്നില്ല. ആ ദിവസങ്ങളിലാണ്‌ വള്ളക്കാര്‍ക്ക്‌ കൂടുതല്‍ പണികിട്ടാറെന്നും പറഞ്ഞു ഭാര്യ കുറ്റപ്പെടുത്തും. കഴിഞ്ഞ ദിവസം തന്നെ മാണിയാ പൊഴി കവി സമ്മേളനത്തിന്‌ പോയത്‌ കാരണം 2000 രൂപാ നഷ്ടപ്പെട്ടു. ചെമ്മീന്‍ കൊയ്ത്തില്‍ ഓരോ തൊഴിലാളിക്കും അന്ന്‌ രണ്ടായിരം വെച്ചു കിട്ടി!
മാണിയാ പൊഴിയുടെ കവിതയിലെ വൃത്തഭംഗം ചിലപ്പോഴെല്ലാം കൈമകള്‍ ചൂണ്ടിക്കാട്ടാറുണ്ട്‌. പക്ഷെ അതിന്റെ ആവശ്യമില്ലെന്ന്‌ പലപ്പോഴും തോന്നും. ഇപ്പോള്‍ കവിതയ്ക്ക്‌ വൃത്തവും താളവും വേണമെന്നില്ല, വിവാദം മാത്രം മതി. കൈമള്‍, മാണിയാ പൊഴിയോട്‌ പറഞ്ഞു!
“മാണിയാപൊഴി, നീ വിഷമിക്കേണ്ട. കവിതയ്ക്ക്‌ വൃത്തമൊന്നും ആരും നോക്കാറില്ല. നീയും ഈയിടെ വായിച്ചതല്ലേ, ഒരു വനിതാ ഐജിയുടെ കവിത. വിവാദമായതോടെ എല്ലാ പത്രക്കാരും മത്സരിച്ച്‌ പ്രസിദ്ധീകരിക്കുകയായിരുന്നു. പറ്റുമെങ്കില്‍ കവിതയില്‍ അല്‍പ്പം വിവാദം ചേര്‍ത്തെഴുതൂ.” കൈമളിന്റെ ഉപദേശം മാണിയാ പൊഴി ശ്രദ്ധയോടെ കേട്ടു.
പതിവ്‌ കാവ്യ-കഥാ സംഗമത്തിന്‌ പകരം അന്ന്‌ ചര്‍ച്ചാ യോഗം ആയിരുന്നു. “കേരള രാഷ്ട്രീയത്തില്‍ ജാതി സംഘടനകളുടെ ഇടപെടല്‍”- അതായിരുന്നു വിഷയം. കവിതയ്ക്ക്‌ പറ്റിയ വിഷയമല്ലെങ്കിലും മാണിയാപൊഴിയും കൈമളും സജീവമായി ചര്‍ച്ചയില്‍ പങ്കെടുത്ത്‌ അഭിപ്രായം രേഖപ്പെടുത്തി. യോഗത്തിലെ ചില പ്രസംഗങ്ങള്‍ വളരെ രസകരമായി തോന്നുകയും ചെയ്തു.
സാംസ്ക്കാരിക സംഗമങ്ങളിലെ സ്ഥിരം ഇടപെടല്‍കാരനായ ബാഹുലേയന്‍ വാരണം ജാതി സംഘടനകളെ നിശിതമായി വിമര്‍ശിച്ച കൂട്ടത്തില്‍ “ഉടുതുണിയ്ക്ക്‌ മറുതുണി ഉപേക്ഷിച്ച്‌” എന്നു കൂടെക്കൂടെ പറയുന്നത്‌ മാണിയാപൊഴിയുടെ ശ്രദ്ധയില്‍ പെട്ടു. മാണിയാപൊഴി, കൈമളിനോട്‌ സംശയം ചോദിച്ചു.
“സാര്‍, എന്താണ്‌ ബാഹുലേയന്‍ പറയുന്നത്‌?”
കൈമളിനും അര്‍ത്ഥം പിടികിട്ടിയില്ല, “ഉടുതുണിക്ക്‌ മറുതുണിയില്ലാതെ” എന്ന പ്രയോഗം കേട്ടിട്ടുണ്ട്‌. ‘മറുതുണി ഉപേക്ഷിച്ച’ പ്രയോഗം കേള്‍ക്കുന്നത്‌ ആദ്യമാണ്‌.
കൈമള്‍, മാണിയാപൊഴിയോട്‌ ചോദിച്ചു: “ഏതു മാസികയാണ്‌ കൈയില്‍ ഇരിക്കുന്നത്‌?”
“മാസികയല്ല സര്‍, നെഹ്‌റു ട്രോഫി വള്ളംകളി സുവനീര്‍ ആണ്‌. എന്റെ ഒരു വള്ളപ്പാട്ട്‌ അതില്‍ വന്നിട്ടുണ്ട്‌.”

സ്മരണിക വാങ്ങി കൈമള്‍ മറിച്ചു നോക്കി. ഗാന്ധിജി നെഹ്‌റു തുടങ്ങി കുട്ടനാട്ടിലെ താറാവ്‌ കര്‍ഷകന്റെ വരെ ചിത്രങ്ങള്‍.  ഇവരെല്ലാം നെഹ്‌റുട്രോഫിയുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
“നോക്കൂ, മണിയാമൊഴി, നമ്മുടെ രാജ്യത്തെ വലിയ നേതാവായിരുന്നു ഇദ്ദേഹം” സുവനീറിലെ ഒരു ചിത്രം ചൂണ്ടി കൈമള്‍ പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്കറിയില്ലെങ്കിലും വെള്ളക്കാരില്‍നിന്ന്‌ സ്വാതന്ത്ര്യം വാങ്ങി കൊള്ളക്കാര്‍ക്ക്‌ കൊടുത്തത്‌ ഇദ്ദേഹമാണ്‌. ഇദ്ദേഹം ഉടുത്തിരിക്കുന്നതാണ്‌ ഉടുതുണി, പുതച്ചിരിക്കുന്നത്‌ മറുതുണിയും. സ്വാതന്ത്ര്യസമരകാലത്ത്‌ പട്ടാളത്തിന്റെ മര്‍ദ്ദനമേറ്റ്‌ ഉടുതുണി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്‌. . അദ്ദേഹം എന്തുചെയ്യുമായിരുന്നു ഉടുതുണിക്ക്‌ പകരം മറുതുണി ഉപേക്ഷിക്കും. അതാണ്‌ ബാഹുലേയന്‍ വാരണം പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്‌.”
മാണിയാപൊഴി പൊട്ടിച്ചിരിച്ചു.
സദസ്സിലെ ബഹളം കേട്ട്‌ അധ്യക്ഷന്‍ ഇടപെട്ടു.
“നിങ്ങള്‍ ബഹളം വെയ്ക്കാതെ. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിയുക സ്വാഭാവികമാണ്‌. നിങ്ങള്‍ക്കും അവസരമുണ്ടല്ലോ?”
 “അതല്ല സര്‍, കവി മാണിയാപൊഴിക്ക്‌ ഒരു സംശയം. അതു പറഞ്ഞുകൊടുക്കുകയായിരുന്നു. ഉടുതുണിക്ക്‌ പകരം മറുതുണി ഉപേക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയില്ല”
അങ്ങനെ ചര്‍ച്ച സമാപ്തിയിലെത്തി. “സമുദായ ശക്തികള്‍ക്ക്‌ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ഇടപെടാതിരിക്കുകയോ ആവാം. 50 ശതമാനം സ്ത്രീ സംവരണവും അവര്‍ക്കാവാം. പക്ഷെ വനിതാ കമ്മീഷന്റെ പണി കൂട്ടരുത്‌.  .ഇപ്പോത്തന്നെ കമ്മീഷന്‌ പിടിപ്പത്‌ പണിയുണ്ട്‌- "അധ്യക്ഷന്‍ പറഞ്ഞു നിര്‍ത്തി.
“എല്ലായിടത്തും 50 ശതമാനം സംവരണമെന്നത്‌, സാര്‍, വനിതാ കമ്മീഷനിലും വേണ്ടേ? ചില നേരങ്ങളിലെ പുരുഷന്മാരുടെ ‘സംഭ്രമം’ വനിതകള്‍ക്ക്‌ മാത്രമുള്ള കമ്മീഷന്‍ എങ്ങനെ തിരിച്ചറിയും?” കൈമളിന്റെ ചോദ്യം ശ്രദ്ധിക്കാത്ത മട്ടില്‍ യോഗം പിരിച്ചുവിട്ടതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.

കെ.എ.സോളമന്‍

No comments:

Post a Comment