Friday, 5 July 2013

തിരുവഞ്ചൂരിനെ തല്‍ക്കാലം മാറ്റില്ല


mangalam malayalam online newspaper
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌കേസിലെ പ്രതി സരിതാനായരുമായുള്ള മന്ത്രിമാരുടെയും മറ്റു യു.ഡി.എഫ്‌ നേതാക്കളുടെയും ഫോണ്‍വിളികള്‍ പുറത്തുവന്നതില്‍ പ്രതിക്കൂട്ടിലാണെങ്കിലും തല്‍ക്കാലം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ആഭ്യന്തര മന്ത്രിസ്‌ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്ന്‌ ധാരണ. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുന്നതോടെ പുനഃസംഘടന നടക്കാനും തിരുവഞ്ചൂരിന്‌ വകുപ്പ്‌ നഷ്‌ടമാകാനുമുളള സാധ്യത വര്‍ധിക്കുകയാണ്‌.
ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എടുത്ത്‌ പിടിച്ച്‌ നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന ചിന്തയുടെ അടിസ്‌ഥാനത്തിലാണ്‌ തീരുമാനം. എന്നാല്‍, ഇതോടെ നിയമസഭാ സമ്മേളനശേഷം മന്ത്രിസഭാ പുനഃസംഘടനയ്‌ക്കുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും തിരുവഞ്ചൂരിന്‌ സ്‌ഥാനം നഷ്‌ടപ്പെടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പാകുകയും ചെയ്‌തിട്ടുണ്ട്‌.

ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ ചെന്നുപെട്ടിരിക്കുന്ന കുരുക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നായിരുന്നു മൂവരും ചേര്‍ന്ന്‌ ചര്‍ച്ചചെയ്‌തത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ നിലവിലെ ഗ്രൂപ്പ്‌ തര്‍ക്കങ്ങള്‍ മാറ്റിവച്ച്‌ സര്‍ക്കാരിന്‌ പൂര്‍ണ പിന്തുണ നല്‍കാനും തീരുമാനമായി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോളുകള്‍ പുറത്തുവന്നതിലുള്ള അതൃപ്‌തി കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചു. ആഭ്യന്തരവകുപ്പിന്‌ ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ ഫോണ്‍കോളുകള്‍ പുറത്തുവന്നതോടെ സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണമായും പ്രതിസന്ധിയിലായെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍, ഇപ്പോള്‍ ഇതിന്റെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ സോളാര്‍ തട്ടിപ്പ്‌ കേസിലെ അന്വേഷണത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്‌ക്കുന്നതാകുമെന്ന അന്തിമനിഗമനത്തിലാണ്‌ എത്തിയത്‌.
കമന്‍റ് : ആരും പിന്തുണയ്ക്കാതെ പോയത് കഷ്ടമായി തിരുവഞ്ചൂര്‍.  ഇനി വേണ്ടത് കുറച്ചു സംസാരം, കൂടുതല്‍ അദ്ധ്വാനം. 
-കെ എ സോളമന്‍ 

No comments:

Post a Comment