തൃശ്ശൂര്‍: തേക്കിന്‍കാട്‌മൈതാനിയില്‍ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കടല കൊറിച്ചുകൊണ്ടിരിക്കുകയായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. പെട്ടെന്നാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച പ്രശസ്തമായ 'നിന്നെക്കാണാന്‍ എന്നെക്കാളും...' എന്ന ഗാനം ഗായകസംഘം ആലപിച്ചുതുടങ്ങിയത്. അതോടെ ശ്രീമതി ടീച്ചര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ മുന്നോട്ടുവന്ന് മൈക്കിനരികിലെത്തി ചുവടുവെച്ചുതുടങ്ങി.
റെഡ് വളണ്ടിയര്‍ പരേഡിന്റെ അഭിവാദ്യവും കഴിഞ്ഞ് റാലി സമ്മേളന നഗരിയിലേക്ക് കടക്കുമ്പോഴായിരുന്നു പി.കെ. ശ്രീമതിയുടെ പ്രകടനം. വി.ടി. മുരളിയും സംഘവുമാണ് ഗാനമേള നടത്തിക്കൊണ്ടിരുന്നത്. ചുവടുവെച്ച ടീച്ചറെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ കെ.വി. നഫീസയെക്കൂടി ശ്രീമതി ഒപ്പം കൂട്ടി. പക്ഷേ സമീപത്ത് നില്‍ക്കാനല്ലാതെ ടീച്ചറെപ്പോലെ ചുവട് നഫീസയ്ക്ക് വഴങ്ങിയില്ല. കൈകള്‍ വായുവിലുയര്‍ത്തി അങ്ങോട്ടുമിങ്ങോട്ടും താളത്തിലാട്ടിയായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ അഴകുള്ള ചലനം. വേദിയിലിരുന്ന കോടിയേരിക്ക് ചെറുചിരി വിരിഞ്ഞെങ്കിലും പിന്നെ ഗൗരവത്തിലായി. മുതിര്‍ന്ന നേതാക്കള്‍ക്ക് ആട്ടം ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മുഖഭാവം തെളിയിച്ചു. പക്ഷേ അണികള്‍ മൈതാനത്ത് ചുവടുവെച്ച് ശ്രീമതിക്ക് പിന്തുണ നല്‍കി. അഞ്ചുമിനുട്ട് നീണ്ടുനിന്നു ഈ പ്രകടനം. ഇങ്ങനെ മസിലുപിടിച്ചിട്ടൊന്നും കാര്യമില്ല സഖാവേ... എന്ന മട്ടില്‍ കൂളായി ടീച്ചര്‍ സീറ്റില്‍ പോയിരുന്നു.
Comment: എല്ലാവര്‍ക്കും മനസ്സില്‍താളമുണ്ട്, പ്രണയാതുരമായൊരു ഹൃദയമുണ്ട്, ടീച്ചര്‍ക്കുമുണ്ട് .
-കെ എ സോളമന്‍
No comments:
Post a Comment