Thursday 26 January 2012

സംസ്ഥാന വികസനത്തിന്‌ പിട്രോഡയുടെ പത്തിന പദ്ധതികള്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ട്‌ തീരദേശ ജലഗതാഗതം, വൈജ്ഞാനിക നഗരം, അതിവേഗ ട്രെയിന്‍ തുടങ്ങി പത്തിന പദ്ധതികള്‍ സംബന്ധിച്ച്‌ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം 90 ദിവസത്തിനകം സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന്‌ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിലെ മാര്‍ഗ്ഗദര്‍ശി സാം പിട്രോഡ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിസഭാംഗങ്ങളുമായി നടത്തിയ മൂന്നുമണിക്കൂര്‍ ചര്‍ച്ചകള്‍ക്ക്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുകള്‍ കൊണ്ടുവന്നതിനുള്ള ചെലവ്‌ കുറഞ്ഞ ഗതാഗത മാര്‍ഗ്ഗം എന്ന നിലയിലാണ്‌ തീരദേശ ജലഗതാഗതത്തിന്റെ സാധ്യത പരിഗണിക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു.

24 മണിക്കൂറും ജോലി ചെയ്യാനും താമസിക്കാനും ഉതകുന്ന സൗകര്യങ്ങള്‍ അടങ്ങുന്നതാണ്‌ വൈജ്ഞാനിക നഗരം. ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി വൊക്കേഷണല്‍ വിദ്യാഭ്യാസമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുകയും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ 35 ലക്ഷം മൊബെയില്‍ ഫോണ്‍ വരിക്കാര്‍ക്കായി ബില്ലിനൊപ്പം അധികമായി നിശ്ചിത തൂക കൂടി ഈടാക്കി ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കുന്നതും ചര്‍ച്ച ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്‌ പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ നിര്‍ദ്ദേശം സമര്‍പ്പിക്കും. അന്‍പത്തിയഞ്ച്‌ വയസ്സില്‍ വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം സാമൂഹ്യ സേവന മേഖലയിലടക്കം ഉപയോഗിക്കുന്നതിനും പദ്ധതി തയ്യാറാക്കും. കൈത്തറി, കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനിക വല്‍ക്കരണം, ഈ ഗവേണന്‍സ്‌, ആയുര്‍വേദത്തിന്റെ വികസനം എന്നിവക്കും നിര്‍ദ്ദേശം സമര്‍പ്പിക്കും. വളരെയേറെ സാധ്യതയുള്ള അതിവേഗ തീവണ്ടി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ പങ്കാളികളെയും സാങ്കേതിക വിദ്യയും നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കും. ഈ പദ്ധതികള്‍ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ 90 ദിവസത്തിനകം സമര്‍പ്പിക്കുന്ന ധവളപത്രം പരിശോധിച്ച ശേഷം സര്‍ക്കാരിന്‌ ഉചിതമായി പദ്ധതി പദ്ധതികള്‍ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
CommenT: സാം പിട്രോദയുടെ പത്തിനപരിപാടിയാണ് ഇനിരക്ഷ. മുന്‍ രാഷ്ട്രപതി ഡോ. എ  പി ജെ  അബ്ദുള്‍ കലാമിന്റെ ഇരുപതിനപരി പരിപാടി  പരണത്തു വച്ചിരുന്നതു     എലികരണ്ടു പോയി.  തനി സ്വകാര്യ  വല്കരണത്തിന്റെ വക്താവാണ്‌ പിട്രോദ.
 
-കെ എ സോളമന്‍

2 comments: