സോപ്പ്, ചീപ്പ്, കണ്ണാടി ഇതായിരുന്നു പഴയ വായ്മൊഴി വഴക്കം, കേരളീയ തരുണീമണികളുടെ സൗന്ദര്യസങ്കല്‍പ്പം. സൗന്ദര്യബോധം പുരുഷന്മാരിലും സംക്രമിച്ചതോടെ പട്ടി, കൊഞ്ഞാണന്‍, മരമാക്രി എന്നായി വഴക്കം. ഇപ്പോള്‍ അതു സോപ്പ്, ചിപ്പ്, സായിപ്പ് എന്നതില്‍ എത്തിനില്‍ക്കുന്നു.
സോപ്പിലും മഗ്ഗിലും മൈക്രോചിപ്പ് ഘടിപ്പിച്ച് ബിമാപള്ളി ചെറിയതുറ പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കിടയില്‍ സര്‍വേ നടത്താന്‍ സായിപ്പുവന്നതാണ് പ്രശ്നമായത്. സാധാരണ അമേരിക്കയില്‍നിന്നാണ് ഇത്തരം സര്‍വേയര്‍മാര്‍ എത്തുക. ഇക്കൂട്ടരെ സിഐഎ ചാരന്മാര്‍ എന്നു വിളിക്കും. ചാരന്മാരില്‍ തദ്ദേശ വാസികളുമുണ്ട്. അവരാണ് ചേന, ചേമ്പ്, വഴുതന കൃഷി തുടങ്ങി എന്തിന്റേയും വിവരം ചോര്‍ത്തിനല്‍കുന്നത്. ഇക്കുറി ഏതായാലും അമേരിക്കയെ കുറ്റം പറയാനാവില്ല. ബ്രിട്ടണില്‍നിന്നാണ് ഇറക്കുമതി. ബ്രിട്ടണിലെ സായിപ്പന്മാര്‍ക്കും കേരളത്തിലെ ദരിദ്രവാസികളുടെ ശുചിത്വശീലത്തില്‍ അതിയായ ഉത്കണ്ഠ. ശൗചക്രിയയ്ക്കു വെള്ളം തൊടാത്തവനാണ് കേരളീയരുടെ ശുചിത്വശീലം നിരീക്ഷിക്കുന്നത്.
മിസ്റ്റര്‍ വൈറ്റ്, മിസ്റ്റര്‍ വുഡ്, മി.ഹാള്‍, മിസ്റ്റര്‍ ആഡിറ്റോറിയം എന്നൊക്കെയാണ് ഒരുവിധപ്പെട്ട സായിപ്പന്മാരുടെ പേര്. ബിമാപള്ളിയിലും പരിസരത്തും സര്‍വേ നടത്താന്‍ ഇറങ്ങിയ സംഘത്തിന്റെ തലവന്‍ പീറ്റര്‍ ഹാള്‍ എന്ന വിദ്വാനാണ്. പാവപ്പെട്ടവന്റെ ആരോഗ്യശുചിത്വം മനസ്സിലാക്കി ഗ്രാഫ് വരയ്ക്കുന്നതാണ് ഉദ്ദേശ്യം. എല്ലാ വീടുകളിലും സോപ്പും മഗ്ഗും സൗജന്യമായി കൊടുത്തു. നാലുദിവസത്തെ ഉപയോഗത്തിനുശേഷം സോപ്പ് തിരികെ കൊടുക്കുമ്പോള്‍ 400 രൂപായും കൊടുക്കും. കറന്‍സി വിനിമയം ബീമപള്ളി ചെറിയതുറക്കാര്‍ക്കു വശമില്ലാത്തതിനാല്‍ സായിപ്പുതന്നെ ഡോളര്‍ മാറ്റി ഇന്ത്യന്‍ റുപ്പിയില്‍ കൊടുക്കുകയായിരുന്നു.
സായിപ്പിന്റെ കണക്കുകൂട്ടല്‍ പാളിയത് സോപ്പുപയോഗത്തിന്റെ നിരക്കിലാണ്. നാലുദിവസം ഉരച്ചാലും തീരാത്ത സോപ്പ് ബീമാപള്ളിക്കാര്‍ ഒറ്റദിവസംകൊണ്ട് ഉരച്ചു ചിപ്പു പുറത്തെടുത്തു.
ബിരിയാണിക്കകത്ത് പുഴുങ്ങിയ കോഴിമുട്ട പൂഴ്ത്തിവെച്ചിരിക്കുന്നതുപോലാണ് ലൈഫ്ബോയ് സോപ്പിനകത്തു ചിപ്പ് ഒളിപ്പിച്ചിരിക്കുന്നത്. ഈ സോപ്പ് ശരീരത്തിന്റെ ഏതു ഭാഗത്തിട്ടുരയ്ക്കുന്നുവോ ആ ഭാഗത്തിന്റെ ദൃശ്യം സായിപ്പിന്റെ മോണിട്ടറില്‍ തെളിയും. അതാണ് സോഫ്റ്റുവേര്‍! എന്നുവെച്ചാല്‍ ബിമാപള്ളി ചെറിയ തുറക്കാരുടെ ബോഡി ലാംഗ്വേജിന്റെ ഗ്രാഫിക്സ് ബ്രിട്ടണിലെ സായിപ്പന്മാര്‍ക്കു മനഃപാഠം.
അങ്ങനെ സോപ്പില്‍ ചിപ്പൊളിപ്പിക്കുന്ന കാര്യത്തിലും സായിപ്പന്മാര്‍ ഭാരതീയരെ കടത്തിവെട്ടി ഒന്നാമതെത്തി. നാം എത്ര മെനക്കെട്ടാലും ബ്രിട്ടണില്‍ പോയി വെറ്റിലയ്ക്കകത്ത് പൈങ്ങാപാക്ക് ഒളിപ്പിച്ചു ഏതെങ്കിലുമൊരു സായിപ്പിനെ ഏല്‍പ്പിക്കാന്‍ പറ്റുമോ?
“എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ചിപ്പ് ഉണ്ട്” എന്ന പുതിയ മുദ്രാവാക്യം കേട്ടു ബേജാറായത് കോയക്കുഞ്ഞു സാഹിബ്ബാണ്. സാഹിബ്ബ് സെക്രട്ടറി ഹംസയോട്.
“എടാ, ഹംസേ, ഈ ചിപ്പു സോപ്പിട്ടു അടച്ചിട്ടമുറിയില്‍ കുളിച്ചാല്‍ എന്തൊക്കെ വിവരമാണ് സായിപ്പിന് കിട്ടുക?”
“എല്ലാം കിട്ടും മുതലാളി, ട്രാന്‍സ്മിറ്ററല്ലേ. സകലദൃശ്യങ്ങളും ഇലക്ട്രോ മാഗ്നെറ്റിക് വേവ്സായി ഭിത്തി തുളച്ചു പുറത്തുകടക്കും, സായിപ്പിനു കാണാനൊക്കും”
“ഇക്കാലമത്രേം പിയേഴ്സിട്ടു കുളിച്ചിരുന്ന നഫീസത്ത് വെറുതെ കിട്ടിയതല്ലേ എന്നു കരുതി രണ്ടുദിവസമായി ലൈഫ് ബോയ് തേച്ചാണ് കുളിക്കുന്നത്. മനുശേന്റെ മുഖത്ത് ഇനി എങ്ങനെ നോക്കും, എന്റെ റബ്ബേ!”
കെ.എ.സോളമന്‍
Janmabhumi daily Published 20 Jan 12
akshepahassyathiloode yadarthyathinte shabdham.......
ReplyDeleteThank you Mr Jayaraj for joining.
ReplyDelete-K A Solaman
Hi solaman,
ReplyDeleteayyo ingane okke sambhavicho nammude naattil ??? thanks for sharing with us in a nice narration.
Thank you Mr Prajith.
ReplyDeleteSee you
-K A Solaman