Friday, 27 January 2012

സെലിബ്രിറ്റി സര്‍ക്കസ്‌! - കെ.എ.സോളമന്‍

സിനിമാ കളിച്ചുകളിച്ചു ഒരു കരയെത്തി, ഇനി ക്രിക്കറ്റാണ്‌ രക്ഷ. സിനിമയെ രക്ഷിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റും കൂട്ടരും റെഡി, ടിയാന്‍ യു ട്യൂബും ഫേസ്ബുക്കും എന്തെന്ന്‌ സിനിമാക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുത്തിയതോടെ അങ്ങോട്ടായി സിനിമാക്കാരുടെ മൈക്കിട്ടു കയറ്റം. ദുബായ്‌ ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ നൈറ്റില്‍ പണ്ഡിന്റെ ഡ്യൂപ്പ്‌ കയറിപ്പറ്റിയത്‌ അങ്ങനെയാണ്‌.

എല്ലാ മഹാനടന്മാര്‍ക്കും ഡ്യൂപ്പുകളുണ്ട്‌,സിനിമയില്‍ മാത്രമല്ല, ചാനലിലും. സന്തോഷ്‌ പണ്ഡിറ്റിനും ഡ്യൂപ്പായി. ആ അര്‍ത്ഥത്തില്‍ പണ്ഡിറ്റും സൂപ്പര്‍ സ്റ്റാര്‍ തന്നെ.

മമ്മൂട്ടിയും മോഹന്‍ലാലും പതിമൂന്നുകാരികളുമായി കാട്ടികൂട്ടുന്ന കോമിക്‌ അല്‍പ്പം കൂടി പ്രായം തോന്നിപ്പിക്കുന്ന സ്ത്രീകളുമായി പണ്ഡിറ്റ്‌ കാണിച്ചെന്നല്ലാതെ എന്തു തെറ്റാണ്‌ ചെയ്തത്‌? മഹാനടന്മാരെ ‘മഹാമോശ’മായി അനുകരിച്ചെന്നാണ്‌ പരാതി. അതുകൊണ്ട്‌ പണ്ഡിറ്റിനെത്തന്നെ ഇമിറ്റേറ്റു ചെയ്യാമെന്ന മഹാനടന്മാരുടെ സംഘടനയും തീരുമാനിച്ചു.

ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം ദുബായ്‌ എന്നു വെച്ചാല്‍ “അങ്ങാപ്പുറത്തെ അമ്മായി”യുടെ വീടുപോലാണ്‌. മലയാളിമാലോകര്‍ക്കു വേണ്ടിയുള്ള പരിപാടി അരങ്ങേറുന്നത്‌ അങ്ങു ദുബായിലാണ്‌. എന്റര്‍ടെയ്ന്‍മെന്റ്‌ ടാക്സ്‌ ദുബായ്‌ ഷേക്കിനിരിക്കട്ടെ. ദുബായിലാകുമ്പോള്‍ അവാര്‍ഡ്‌ നൈറ്റ്‌ പരിപാടിക്കു ടിക്കറ്റ്‌ ചാര്‍ജ്‌ ദിര്‍ഹത്തില്‍ വാങ്ങണം. ഇവിടെയാകുമ്പോള്‍ പണം ഇന്ത്യന്‍ കറന്‍സിയിലേ കിട്ടൂ, അതാര്‍ക്കു വേണം? ഷാരൂഖ്‌ ഖാന്‍, വിദ്യാബാലന്‍ തൊട്ടു ചെറുതും വലുതമായ എല്ലാ നടീനടന്മാരും വിളിച്ചുവരുത്തിയാണ്‌ അവാര്‍ഡ്‌ നൈറ്റ്‌. ഒത്തിരി അവാര്‍ഡുണ്ട്‌, വാങ്ങാനൊരാള്‍, കൊടുക്കാന്‍ വേറൊരാള്‍, ഇവര്‍ക്കെല്ലാം കൂടി എത്ര കോടി വേണ്ടിവന്നുവെന്നതിനു കണക്ക്‌ ഒരു ഐറ്റി വകുപ്പിനും നിശ്ചയമില്ല. ഇവര്‍ക്കെല്ലാം പാസ്പോര്‍ട്ടും ടൂറിസ്റ്റ്‌ വിസയുമുണ്ടായിരുന്നോ, അതും നിഗൂഢം.

മലയാള സിനിമാനടീ-നടന്മാര്‍ അവതരിപ്പിച്ച സ്കിറ്റില്‍ കെപിഎസി ലളിതയാണ്‌ ജഡ്ജി. സന്തോഷ്‌ പണ്ഡിറ്റിന്റെ രൂപത്തില്‍ ഒരു പ്രാകൃത വേഷക്കാരനെ വിളിച്ചുവരുത്തി ‘മന്തോഷ്‌ പണ്ഡിറ്റ്‌’ എന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നുണ്ട്‌. തൃശ്ശൂര്‍ സ്കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടു മത്സരം കണ്ടവര്‍ക്കും കാണിച്ചവര്‍ക്കും കോടതി സമന്‍സുമുണ്ട്‌, ഗോവിന്ദച്ചാമിയുടെ വക്കീലന്മാര്‍ കേസുകൊടുത്തതാണ്‌. വക്കീലന്മാരെയല്ല, ആരെയും പേരു പറഞ്ഞ്‌ ആക്ഷേപിക്കാന്‍ പാടില്ലത്രേ! അതുകൊണ്ട്‌ സന്തോഷിനെ ‘മന്തോഷ്‌’ എന്നു വിളിച്ച്‌ ആക്ഷേപിച്ചു. സൂപ്പര്‍സ്റ്റാറുകളെ അനുകരിച്ച്‌ പണ്ഡിറ്റ്‌ സൂപ്പറായി. ഇപ്പോള്‍ പണ്ഡിറ്റിനെ അനുകരചിച്‌ സൂപ്പര്‍സ്റ്റാര്‍ സംഘടനയും.

സിനിമകൊണ്ടിനി രക്ഷയില്ലെന്ന്‌ താര സംഘടന ‘അമ്മ’യ്ക്ക്‌ ബോധ്യമായി. അതുകൊണ്ടു ക്രിക്കറ്റു കളിയാകാമെന്ന്‌ തീരുമാനിച്ചു. ദൈവമായി കരുതിപ്പോന്ന ‘അമ്മ’ അതോടെ അമ്മ കില്ലേഴ്സ്‌, അമ്മ മോക്കേഴേസ്‌ എന്ന മട്ടില്‍. ‘അമ്മ സ്ട്രൈക്കേഴ്സാ’യി. പഴയകാലസിനിമാ നടി ലിസ്സിയാണ്‌ ടീം മാനേജര്‍ .സിനിമയില്‍ റോളില്ലാത്തതിനാല്‍ സ്പോര്‍ട്സ്‌ ജാക്കറ്റും ധരിച്ച്‌ വയസ്സാന്‍ കാലത്ത്‌ ഗ്രൗണ്ടില്‍ തുള്ളുന്ന ലിസ്സിയെ സഹിക്കാമെങ്കിലും ഇടവേള പോലുള്ളവരുടെ ‘വയറുന്തല്‍ ’ എങ്ങനെ സഹിക്കും? പുതിയ കാലനടന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ്‌ കേണല്‍ അമ്മ സ്ട്രൈക്കേഴ്സിന്റെ ഡക്കിംഗ്‌ ക്യാപ്റ്റനായും ചുരുങ്ങി. താമസിയാതെ ക്രിക്കറ്റിന്റെ കച്ചവടവും പൂട്ടും. തുടര്‍ന്ന്‌ സെബ്രിറ്റി സര്‍ക്കസ്‌ . ആടാനും അടിച്ചുപൊളിക്കാനും ആളെക്കിട്ടുമ്പോള്‍ , അമ്മാസര്‍ക്കസു കുറച്ചുനാള്‍ ഓടും, പിന്നെ അതും പെട്ടിയില്‍ .

കെ.എ.സോളമന്‍

Janmabhumi published on 29-1-12

5 comments:

  1. assalayi ee post........ eppozhokkeyo njan parayanam ennu karuthiyavayanu..... abhinandanangal................

    ReplyDelete
  2. Thank you compliments Jayaraj. Take care.
    -K A Solaman

    ReplyDelete
  3. Thank you for compliments Jayaraj. Take care.
    -K A Solaman

    ReplyDelete
  4. Thank you for compliments Jayaraj. Take care.
    -K A Solaman

    ReplyDelete
  5. Thank you for compliments Jayaraj. Take care.
    -K A Solaman

    ReplyDelete