ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്ന് മന്ത്രി ആർ. ബിന്ദുവിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല
പ്രൊഫസർ അല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രൊഫസർ എന്ന് പേരിനു മുന്നിൽ ചേർത്താണ് ബിന്ദു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയിൽ വരുമെന്നും അതുകൊണ്ടു തെരഞ്ഞെടപ്പു റദ്ദാക്കണമെന്നും അദ്ദേഹം പറയുന്നു. ഉണ്ണിയാടൻ്റെ ഹർജി കോടതി അംഗീകരിക്കുമോ അതോ ചവറ്റുകൊട്ടയിൽ തളളുമോ എന്നു വഴിയേ അറിയാം
മന്ത്രി ബിന്ദുവിന് പ്രഫസർ അല്ലെന്നു ഉത്തമ ബോധ്യമുന്നയിരുന്നു എന്നു ഉണ്ണിയാടൻ പറയുന്നത് ഏതു ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലെന്നു മനസ്സിലാകുന്നില്ല.
കേരളത്തിലെ കോളജുകളിൽ ഒരു കാലത്ത് 10 വർഷം സർവീസ് പൂർത്തിയാക്കിയ ലക്ചററെ പ്രമോട്ടു ചെയ്താൽ ഗ്രേഡ് 2 പ്രഫസറാകും അടുത്ത പ്രമോഷനിൽ ഗ്രേഡ് 1 പ്രഫസറാകും. ഈ പ്രഫസർമാരെല്ലാം പേരിനൊപ്പം പ്രഫസർ എന്നു ചേർക്കുക്യം ചെയ്തിരുന്നു.
ഈ അധ്യാപകരൊന്നും പ്രഫസർമാരായി തുടർന്നു ഞെളിയേണ്ട എന്ന് ആർക്കോ തോന്നിയതിനാലാകണം അടുത്ത ശമ്പള പരിഷ്കരണത്തിൽ എല്ലാറ്റിനെയും സീനിയർ ഗ്രേഡ്, സെലക്ഷൻ ഗ്രേഡ് ലെക്ചറർമാരാക്കി. ലെക്ചർമാരായി തരം താഴ്ന്നെങ്കിലും പഴയ പ്രഫസർമാരും കൂട്ടത്തിൽ പുതിയ ലക്ചറർ മാരും പ്രഫസർ ഡസിഗ്ഷേൻ ഉപയോഗിച്ചു പോന്നു. ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെങ്കിലും ആർക്കുമത് ഉപദ്രവം ചെയ്തിരുന്നില്ല.
തുടർന്നുള്ള ശമ്പള പരിഷ്കാരത്തിൽ എല്ലാവരെയും അസിസ്റ്റൻ്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർമാരായി ഉയർത്തി. ഇതിൻ്റെ ഫലമായി കോളജുകളിൽ പ്രഫസർമാരെ മുട്ടിയിട്ടു നടക്കാൻ വയ്യാത്ത അവസ്ഥയായി... എല്ലാവരും പ്രഫസർമാർ എന്നറിയാൻ തുടങ്ങി. പക്ഷെ ഇതു സമൂഹത്തിൽ എന്തെങ്കിലും ആഘാതം സൃഷ്ടിച്ചുവെന്ന് പറഞ്ഞു കേട്ടില്ല. പ്രഫസർ ബിന്ദുവും അക്കൂട്ടത്തിലെ ഒരു പ്രഫസറാണ്. അപ്പോൾ പിന്നെ ഉണ്ണിയാടനെന്താ വിരോധം? പ്രഫസർ എന്നു വെച്ചു വോട്ടുപിടിച്ചെന്നാണ് ആരോപണമെങ്കിൽ തോരസ് എന്തിനാ ഉണ്ണിയാടൻ എന്നു പേരുവെച്ചത്. ഏതെങ്കിലും ഉണ്ണി നിർത്താതെ ആടുന്നുണ്ടോ?
മന്ത്രി ബിന്ദു പ്രചാരണത്തിനുള്ള നോട്ടീസുകളിലും ബാനറുകളിലും ചുവരെഴുത്തുകളിലും പ്രൊഫ. ബിന്ദുവെന്ന് രേഖപ്പെടുത്തി, ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും പ്രൊഫ. ബിന്ദുവെന്ന് രേഖപ്പെടുത്തി,. ഇതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു എന്നൊക്കെയാണ് ആരോപണം. പ്രഫസർക്ക് അങ്ങനെ രേഖപ്പെടുത്തിക്കുടെ? അവർ പ്രഫസർ മാത്രമല്ല പ്രിൻസിപ്പലും ആയിരുന്നു'
ഇന്നു കോളജ് അധ്യാപകരെല്ലാം പ്രഫസർമാരാണ്. ജോലിക്ക് കയറുന്നതു തന്നെ അസി. പ്രഫസർ ആയാണ്. അസി. പ്രഫസർ എന്നു ഡസിഗ്‌നേഷൻ വയ്ക്കാറില്ല, പ്രഫസർ എന്നാണ് ഉപയോഗിക്കുക..പ്രഫസർ ബിന്ദുവിന് തെറ്റുപറ്റിയിട്ടില്ല എന്നു തന്നെെയാണ് അഭിിപ്രായം. പക്ഷെ ഈ പ്രഫസർ സ്ഥാനം എവിടെയൊക്കെ തിരുകണം എന്നതിൽ ചെറിയ നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാവാം. പ്രഫസർ വിശേഷണമുണ്ടെങ്കിൽ വോട്ടു കിട്ടുമെന്നു പറയുന്നത് തെറ്റായ നിരീക്ഷണം.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ ഇനി പ്രഫസർമാർ - എന്നൊരു വാർത്ത 21 - 2 - 202l ൽ പത്രങ്ങളിൽ വന്നതാകാം ഉണ്ണിയാടനെ പോലുള്ളവർക്ക് ഈ വഴിക്ക് ചിന്തിക്കാൻ പ്രേരണയായത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ എയിഡഡ് കോളജിൽ പ്രഫസർമാരില്ല പക്ഷെ അവിടങ്ങളിലെ അധ്യാപകരുടെ ഡസിഗ്നേഷൻ അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നിങ്ങനെയാണ്. ഇവരെയാരെയും പ്രഫസർ എന്നു വിളിക്കാൻ പാടില്ലെന്നാണോ? മുമ്പുണ്ടായിരുന്ന സീനിയർ ഗ്രേഡ് ലെക്ചർമാരും സെലക്ഷൻ ഗ്രേഡ് ലക്ചർമാരും പിന്നീട് അസിസ്റ്റൻ്റു പ്രഫസറും അസോ. പ്രഫസറുമായി മാറുകയായിരുന്നു. സെലക്ഷൻ ഗ്രേഡ് ലക്ചറർ ആയിരിക്കെ റിട്ടയർ ചെയ്ത അധ്യാപകൻ ഇന്ന് അദ്ദേഹത്തിൻ്റെ പെൻഷൻ പേപ്പറുകളിൽ അസോസിയേറ്റ് പ്രഫസറാണ്
പ്രഫസർ സ്ഥാനം കിട്ടിയാൽ മാത്രമേ പ്രഫസർ ഡസിഗ്നേഷൻ പാടുള്ളൂവെങ്കിൽ പ്രഫ കെ വി തോമസ്, പ്രഫ പി.ജെ കുര്യൻ, പ്രഫ മീനാക്ഷി തമ്പാൻ, പ്രഫ ചന്ദ്രചൂഡൻ പ്രഫ ജയരാജ് എന്നിവരുടെയൊക്കെ പ്രഫസർ ഡസിഗ്നേഷൻ എടുത്തു മാറ്റേണ്ടി വരും. പുതിയപരിഷ്കാരങ്ങൾ മുൻകാല പ്രാബല്യത്തിൽ നടപ്പിലാക്കാനാവില്ല.
പ്രഫസർ, ഡോക്ടർ, അഡ്വക്കേറ്റ്. എന്നതു പോലെയുളള ഡസിൻ്റേഷനുകൾ പേരിനൊപ്പം ചേർക്കുന്നത് നമ്മുടെ നാട്ടിൽ തുടർന്നു പോരുന്ന ഒരു രീതിയാണ്
ഡി ജി പി, എ ഡി ജി പി. മജിസ്ട്രേറ്റ്, പ്ളീഡർ, പ്രോസിക്യൂട്ടർ, ഫാർമസിസ്റ്റ്, നഴ്സ്, പോസ്റ്റ് മാസ്റ്റർ, സെക്രട്ടറി പോലുള്ള സ്ഥാനങ്ങൾ പേരിനൊപ്പം ചേർത്തു കാണാറുമില്ല. ഈ രീതികൾ കൊണ്ട് പറയത്തക്ക നേട്ടമോ കോട്ടമോ ഇല്ല
പ്രഫ പി ജെ കുര്യൻ വളരെക്കാലം പാർലമെൻ്റിൽ ഉപാദ്ധ്യക്ഷനോ.അധ്യക്ഷനോ ആയിരുന്ന ആളാണ്. അദ്ദേഹം യുജിസി പ്രഫസർ ആയിരുന്നില്ല. പുതിയ സാഹചര്യത്തിൽ രാജ്യസഭാ രേഖകളിൻ നിന്ന് പ്രഫസർ കുര്യൻ്റെ പ്രഫസർ വിശേഷണം മാറ്റേണ്ടി വരുമോ? സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ ആ ദിശയിലും ഉണ്ണിയാടന് ഒരു കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്
അക്കാദമിക് റാങ്കുകളിലെ മിക്ക സിസ്റ്റങ്ങളിലും, "പ്രൊഫസർ" എന്ന യോഗ്യത സൂചിപ്പിക്കുന്നത് ഏറ്റവും മുതിർന്ന അക്കാദമിക് സ്ഥാനത്തെയാണ്. ചില സമയങ്ങളിൽ അനൗപചാരികമായി "ഫുൾ പ്രൊഫസർ" എന്നുംഈ സ്ഥാനം അറിയപ്പെടുന്നു. ചില രാജ്യങ്ങളിലും സ്ഥാപനങ്ങളിലും, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ താഴ്ന്ന പദവികളുടെ ടൈറ്റിലുകളിലും "പ്രൊഫസർ" എന്ന പദം ഉപയോഗിച്ചു വരുന്നു; അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസർമാരെ സൂചിപ്പിക്കാൻ പ്രൊഫസർ എന്ന പദം ഉപയോഗിക്കുന്ന രീതി അമേരിക്കയിലുണ്ട്, നമ്മളും അതു പിന്തുടർന്നു പോരുന്നു.. ഒരു യുജിസി വാർത്തയുടെ പേരിൽ കോളജ് അദ്ധ്യാപകർ പ്രഫസർ ഡസിഗ്നേഷൻ ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് മലയാള ഭാഷാ ലിപി പരിഷ്കരണം പോലെയാണ് . ഏതാണ് ശരിയെന്ന് ആർക്കും നിശ്ചയമില്ല
ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം പ്രഫ.രവീന്ദ്രനാഥിൻ്റെ ഫേസ് ബുക്ക് പേജാണ് . അദ്ദേഹം അസോസിയേറ്റ് പ്രഫസർ ആയതു കൊണ്ടാണ് ഈ പ്രഫസർ ഡസിഗ്നേഷൻ. ഇതിൽ വലിയ പിശകു സംഭവിച്ചു എന്നു കരുതുന്നില്ല. അതു കൊണ്ട് പ്രഫ ബിന്ദുവിനും ഡസിഗ്നഷൻ ഉപയോഗിക്കാം. ഉണ്ണിയാടനെ പോലുള്ളവർ കുറച്ചു കൂടി ഗൗരവതരമായ കാര്യങ്ങളിൽ ഇടപെടുകയാണ് വേണ്ടത്.